മലയാളി യുവാവ് നാടണഞ്ഞു
ജിദ്ദ: സഊദിയിലെ ദമാമില്‍ ഒന്നര വര്‍ഷത്തോളമായി ദുരിത ജീവിതം നയിക്കുകയായിരുന്ന യുവാവിന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ മോചനം. മലപ്പുറം മഞ്ചേരി വേട്ടേക്കാട് നാണത്ത് മുഹമ്മദിന്റെ മകന്‍ ഇസ്മായില്‍ മൂന്നര വര്‍ഷം മുന്‍പാണ് ഗള്‍ഫിലെത്തിയത്. ദമാമിലെ പ്രമുഖ കോണ്‍ട്രാക്ട് കമ്പനിയില്‍ ഹെവി ഡ്രൈവര്‍ ജോലിക്കായിരുന്നു അഭിമുഖം. നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് വാഗ്ദാനമായി ലഭിച്ചതെങ്കിലും കമ്പനിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മുഴുവനും തകിടം മറിയുകയായിരുന്നു.
ലൈസന്‍സില്ലാതെ വാഹനമോടിക്കേണ്ടി വന്നതും പറഞ്ഞുറപ്പിച്ചതില്‍നിന്ന് വളരെ കുറഞ്ഞ ശമ്പളവും മരുഭൂമിയിലെ വൃത്തിഹീനമായ സാഹചര്യത്തിലെ താമസവും ഇസ്മായിലിനെ മാനസികമായി തളര്‍ത്തി. വിസയ്ക്കായി വരുത്തിയ കടവും കുടുംബത്തിന്റെ കഷ്ടപ്പാടും ഓര്‍ത്ത് പിടിച്ചു നില്‍ക്കുന്നതിനിടയിലാണ് അലര്‍ജിയുടെ അസുഖം പിടിപെടുന്നത്. ഇതിനിടെ ഇഖാമ കാലാവധി കഴിയുകയും ശമ്പളം മുടങ്ങുകയും ചെയ്തു. സുഹൃത്തുക്കളോടും മറ്റും കടം വാങ്ങി ചികിത്സിച്ചെങ്കിലും താമസ സ്ഥലത്തെ വൃത്തിഹീനമായ ചുറ്റുപാട് കാരണം അസുഖം ഭേദമായില്ല.
മാസങ്ങളായി ജോലിക്ക് പോകാന്‍ കഴിയാതെ ക്യാംപില്‍ തന്നെ കഴിയുകയായിരുന്നു. നാട്ടില്‍ വിവരം അറിഞ്ഞതോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ദമാമിലെ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും നാട്ടിലേക്ക് അയക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട മുബാറക് ഫറോക്ക്, അഷ്‌റഫ് മേപ്പയ്യൂര്‍, ഷാജഹാന്‍ എന്നിവര്‍ ഇദ്ദേഹത്തെ ക്യാംപില്‍ സന്ദര്‍ശിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയും എന്നായിരുന്നു ഡോക്ടര്‍മാര്‍ അഭിപ്രായം. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ കമ്പനി അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി മുഴുവന്‍ ശമ്പള കുടിശികയും വിമാന ടിക്കറ്റും നല്‍കി നാട്ടിലേക്കയക്കാന്‍ കമ്പനി തയാറാവുകയായിരുന്നു. തുടര്‍ന്ന് ഇസ്മായില്‍ കഴിഞ്ഞ ദിവസം രാത്രി ഇത്തിഹാദ് എയര്‍വേയ്‌സില്‍ നാട്ടിലേക്ക് പുറപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."