HOME
DETAILS
MAL
തുടക്കം കസറി ദേവദത്ത്
backup
September 22 2020 | 03:09 AM
ദുബൈ: പാതി മലയാളി ദേവദത്ത് പടിക്കലും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി ഡിവില്ലേഴ്‌സും കത്തിക്കയറിയതോടെ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 10 റണ്‍സിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ബംഗളൂരു അഞ്ചിന് 163 റണ്‍സെടുത്തപ്പോള്‍ സണ്‍റൈസേഴ്‌സിന് 153 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കുട്ടി ക്രിക്കറ്റ് പൂരത്തിലേക്ക് കാലെടുത്തു വച്ച ദേവദത്ത് പടിക്കല്‍ ഓപ്പണിങ്ങില്‍ അവിശ്വസനീയ പ്രകടനമാണ് നടത്തിയത്. എതിര്‍ വശത്ത് കൂറ്റനടിക്കാരന്‍ ആരോണ്‍ ഫിഞ്ചുമുണ്ടെങ്കിലും(27 പന്തില്‍ 29) ഏവരെയും ആവേശം കൊള്ളിച്ചത് പടിക്കലിന്റെ ബാറ്റിങ്ങായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി (42 പന്തില്‍ 56) കുറിച്ചാണ് താരം മടങ്ങിയത്. താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത് എട്ട് ഫോറുകള്‍.
ബംഗളൂരു ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ അടിതെറ്റി. സ്‌കോര്‍ 18ല്‍ നില്‍ക്കേ നായകന്‍ വാര്‍ണര്‍(6) അപ്രതീക്ഷിതമായി വിക്കറ്റില്‍ കുരുങ്ങി. ബെയര്‍സ്റ്റോ അടിച്ച പന്ത് ബോളറുടെ കൈയില്‍ തട്ടി നേരെ വിക്കറ്റിന് കൊണ്ടു. തുടര്‍ന്നെത്തിയ ബെയര്‍സ്റ്റോവും(43 പന്തില്‍ 63) മനീഷ് പാണ്ഡെയും (33 പന്തില്‍ 64) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ക്ക് ശേഷമെത്തിയവര്‍ നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റെടുത്ത ചഹലാണ് കളിയുടെ ഗതി മാറ്റിയത്. ശിവം ദുബെ, നവ്ദീപ് സെയ്‌നി എന്നിവര്‍ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
ബംഗളൂരു ഓപ്പണിങ്ങില്‍ ദേവദത്തും ഫിഞ്ചും ചേര്‍ന്ന് ആദ്യ ആറ് ഓവറില്‍ 53 റണ്‍സാണ് കുറിച്ചത്. ഇരുവരും മികച്ച അടിത്തറ പാകിയായിരുന്നു വേര്‍പിരിഞ്ഞത്. 11ാം ഓവറിലെ അവസാന പന്തില്‍ വിജയ് ശങ്കറിന് വിക്കറ്റ് നല്‍കി ദേവദത്ത് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 90ലെത്തിയിരുന്നു. അടുത്ത പന്തില്‍ തന്നെ ഫിഞ്ചും പുറത്ത്. അഭിഷേക് ശര്‍മ ഫിഞ്ചിനെ എല്‍.ബിയില്‍ കുരുക്കി. തുടര്‍ന്ന് കോഹ്‌ലി- ഡിവില്ലേഴ്‌സ് സഖ്യത്തിന്റെ ഊഴമായിരുന്നു. എന്നാല്‍ കോഹ്‌ലിയുടെ ബാറ്റിങ്ങിന് അധികം ആയുസുണ്ടായില്ല. 13 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ഇതിനിടയില്‍ ഡിവില്ലേഴ്‌സ് ടീമിനെ കരകയറ്റുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. തുടക്കത്തില്‍ മെല്ലെ കളിച്ച ഡിവില്ലേഴ്‌സ് അവസാന ഓവര്‍ അടുത്തപ്പോഴേക്കും കത്തിക്കയറി അര്‍ധ സെഞ്ചുറിയും(56) കുറിച്ച് ടീം സ്‌കോര്‍ 163ലെത്തിച്ചു. 30 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതമാണ് ഡിവില്ലേഴ്‌സ് അര്‍ധ ശതകം കുറിച്ചത്. അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണൗട്ടിലൂടെ താരം പുറത്തായില്ലായെങ്കില്‍ ടീം സ്‌കോര്‍ 180നടുത്തെത്തുമായിരുന്നു. ശിവം ദുബെ (എട്ട് പന്തില്‍ ഏഴ്), ജോഷ് ഫിലിപ് (1*) എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."