കാട്ടാനകളെ തുരത്താന്‍ ഇനി ഇവരുമുണ്ടാകും
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കുങ്കിയാന പരിശീലനം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വനംവകുപ്പ് കുങ്കിയാനകളെ പരിശീലിപ്പിക്കുന്നത്. മനുഷ്യ-വന്യമൃഗ സംഘട്ടനങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത് ഇതു പരിഹരിക്കാന്‍ സ്വന്തമായി കുങ്കി എലിഫെന്റ് സ്‌ക്വാഡ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. കഴിഞ്ഞ മാസം 16നാണ് കുങ്കി പരിശീലന ക്യാംപ് മുത്തങ്ങയില്‍ ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ആനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
കോട്ടൂര്‍ ആന ക്യാംപില്‍ നിന്നെത്തിച്ച പിടിയാനയായ സുന്ദരി, ആഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ ആനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കോടനാട് അഭയാരണ്യം ക്യാംപില്‍ നിന്നും കര്‍ണാടകയിലെ ദുബരെ ആന ക്യാംപില്‍ നിന്നും ഓരോ ആനകളെ കൂടി ഉള്‍പ്പെടുത്തി അഞ്ച് ആനകളെ പരിശീലിപ്പിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കോടനാടു നിന്ന് കഴിഞ്ഞ വര്‍ഷം നീലകണ്ഠന്‍ എന്ന ആനയെ കുങ്കിയാന പരിശീലനത്തിനു കൊണ്ടുവന്നപ്പോള്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നതിനാല്‍ കോടനാടു നിന്ന് ആനയെ കൊണ്ടുവരാന്‍ സാധിച്ചില്ല. ഇതിനുപുറമെ കര്‍ണാടക വാക്ക് പാലിച്ചതുമില്ല. ഇതോടെയാണ് ആദ്യഘട്ടത്തില്‍ മൂന്ന് ആനകളെ വച്ച് കുങ്കിയാന പരിശീലനം ആരംഭിച്ചത്.
എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചു വരെ ആറുമാസമാണ് പരിശീലനം. അടിസ്ഥാന കാര്യങ്ങളായ ചങ്ങല പിടിക്കുക, ചങ്ങല ചവിട്ടുക, കാട്ടാനകളെ തുരത്തുക, കാട്ടാനകളെ പിടിച്ചുനിര്‍ത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. രാവിലെ ആറരയോടെ തറയില്‍ നിന്ന് അഴിച്ച് ആനകളെ കുളിപ്പിക്കുന്നതിനായി കൊണ്ടുപോകും. തുടര്‍ന്ന് എട്ടോടെ എത്തുന്ന ആനകള്‍ക്ക് 9.30 വരെ പരിശീലനം നല്‍കും. പിന്നീട് ഒരു മണിക്കൂര്‍ ഭക്ഷണ സമയാണ്. തുടര്‍ന്ന് 2.30 വരെ കാട്ടിലേക്ക് വിടും. കാട്ടിലേക്ക് പോകുമ്പോഴുള്ള പേടിയും കാട്ടാനകളെ കാണുമ്പോഴുള്ള ഭയവും മാറാനും തനിയെ തീറ്റതേടാനുമാണിത്. തിരികെയെത്തി വീണ്ടും വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്നതോടെ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കാടുകയറ്റാനും മറ്റ് അവശ്യഘട്ടങ്ങളില്‍ ഇവയെ ഉപയോഗപ്പെടുത്താനും സാധിക്കും.
നിലവില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കുങ്കിയാനകളെ ഇത്തരം ഘട്ടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് എത്തിച്ചിരുന്നത്. ഇതു കാലതാമസത്തിനും അധികരിച്ച പണച്ചെലവിനും കാരണമാകുന്നുണ്ട്. പരിശീലനം കഴിഞ്ഞ് ആനകള്‍ എലിഫെന്റ് സ്‌ക്വാഡിന്റെ ഭാഗമാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. എലിഫെന്റ് സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുത്തങ്ങയിലെ സൂര്യന്‍, കോടനാട് നിന്നെത്തിച്ച നീലകണ്ഠന്‍, കോന്നിയില്‍ നിന്നെത്തിച്ച സുരേന്ദ്രന്‍ എന്നീ ആനകളെ തമിഴ്‌നാട്ടിലെ തെപ്പക്കാട് ആന ക്യാംപില്‍ കൊണ്ടുപോയി കുങ്കി പരിശീലനം നല്‍കിയിരുന്നു. ഒപ്പം മുത്തങ്ങ, കോന്നി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പാപ്പാന്‍മാരെയും കോടനാടു നിന്ന് മൂന്ന് പാപ്പാന്‍മാരെയും ആനകള്‍ക്കൊപ്പം അയച്ച് പരിശീലിപ്പിച്ചു. തെപ്പക്കാടു നിന്ന് പരിശീലനം നേടിയ കുങ്കിയാനകളെ ഉപയോഗിച്ചാണ് നിലവില്‍ പുതിയ ആനകള്‍ക്ക് മുത്തങ്ങയില്‍ പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."