മുക്കത്ത് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് ബന്ധം ഉലയുന്നു
മുക്കം: മണ്ഡലം കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് ബന്ധം ഉലയുന്നു. ഇവര്‍ക്കിടയില്‍ ഏറെക്കാലമായി ആഭ്യന്തരകാര്യങ്ങളില്‍ നിലനില്‍ക്കുന്ന പൊട്ടലും ചീറ്റലും കഴിഞ്ഞ ദിവസങ്ങളില്‍ മറനീക്കി പുറത്തുവന്നു.
കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെന്ന ബോധം യൂത്ത് കോണ്‍ഗ്രസിനില്ലെന്നും തന്നിഷ്ടപ്രകാരമാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. എന്നാല്‍ കോണ്‍ഗ്രസ് 'വല്യേട്ടന്‍' ചമയാന്‍ വരികയാണെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിക്കുന്നു.
ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലിയും മുക്കത്ത് സജീവമാണ്. മുക്കത്തെ യു.ഡി.എഫ് നേതൃത്വത്തിലും സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ട്. കഴിഞ്ഞ ദിവസം മുക്കം സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യു.ഡി.എഫ് മുക്കം പഞ്ചായത്ത് യോഗം യൂത്ത് കോണ്‍ഗ്രസ് അലങ്കോലപ്പെടുത്തിയിരുന്നു. ആഭ്യന്തര തര്‍ക്കത്തില്‍ പെട്ട് ഏറെക്കാലമായി പ്രവര്‍ത്തനം നിലച്ച യു.ഡി.എഫിനെ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത യോഗമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞത്.
കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ജനതാദള്‍, സി.എം.പി കക്ഷികളുടെ പ്രതിനിധികള്‍ യോഗത്തിനെത്തുകയും ചെയ്തു. സ്ഥലം എം.പിയുടെ അനുവാദം വാങ്ങാതെ വിളിച്ച യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യോഗം മുടക്കിയത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എം.പിയുടെ നേതൃത്വത്തില്‍ ശേഖരിച്ച അരിയും തുണിയും അടക്കമുള്ള വസ്തുക്കള്‍ വിതരണം നടത്തുന്നതിനെ ചൊല്ലിയും യോഗത്തില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു.
മുക്കം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജുനൈദ് പാണ്ടികശാലയുടെ മുക്കത്തെ ഗോഡൗണ്‍ ഡി.വൈ.എഫ്.ഐ ഉപരോധിച്ചതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി യൂത്ത് കോണ്‍ഗ്രസ് കരുതുന്നുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി. അരവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഐ ഗ്രൂപ്പുകാരനായ എം.ഐ ഷാനവാസ് എം.പി ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ ഇടപെടുന്നതെന്ന ആക്ഷേപം ശക്തമാണ്. വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി എം.പിയുടെ നേതൃത്വത്തില്‍ സമാഹരിച്ച വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ഓരോ മണ്ഡലത്തിലെയും ഐ ഗ്രൂപ്പുകാരെയാണ് നിയോഗിച്ചതെന്നാണ് പ്രധാന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുക്കത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ തഴഞ്ഞ് യൂത്ത് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."