തേങ്ങാപട്ടണത്തെ പെരുംനാളുകള്‍
തേങ്ങാപട്ടണത്തിലെ ഭൂതകാലസ്മരണകള്‍ രുപപ്പെടുത്തിയ ഭാവനകളടെ ലോകം മാത്രം കൈമുതലായുള്ള എഴുത്തുകാരനാണ് ഞാന്‍. 1968ല്‍ യൗവനത്തിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ അവിടം വിട്ടുവെങ്കിലും എന്റെ നോവലുകളിലും സാഹിത്യസൃഷ്ടികളിലുമെല്ലാം തേങ്ങാപട്ടണം നിറഞ്ഞുനില്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് തേങ്ങാപട്ടണവും അവിടെ നിലനിന്നിരുന്ന സവിശേഷമായ സാമൂഹികജീവിതവും എനിക്കു സമ്മാനിച്ച ഓര്‍മകളുടെ പകര്‍പ്പുകളോ വകഭേദങ്ങളോ ആണ് എന്റെ കൃതികളെല്ലാം.
ബാല്യകാലത്തെ നോമ്പുകാലവും ഈദാഘോഷവും ഓര്‍മകളില്‍ ഇന്നും ബഹുവര്‍ണമുള്ള മനോഹര ചിത്രങ്ങളാണ്. അതിനു കാരണവുമുണ്ട്. തമിഴ്‌നാട്ടിലെ മറ്റിതര പ്രദേശങ്ങളില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ, ചിരപുരാതനമായ സംസ്‌കൃതി കാത്തുസൂക്ഷിക്കുന്ന പ്രദേശമാണ് തേങ്ങാപട്ടണം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍, തിരുവനന്തപുരത്തുനിന്ന് അന്‍പത് കിലോമീറ്ററുകള്‍ മാറി, ബഹുഭൂരിക്ഷവും മുസ്‌ലിം ജനസംഖ്യയുള്ള തീരദേശഗ്രാമം. സാമൂഹികജീവിതത്തിന്റെ വിവിധ ഭാവങ്ങളെ രൂപപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ശക്തമായ ഘടകമാണ് അവിടെ ഇസ്‌ലാം. മുഹമ്മദ് നബിയുടെ കാലത്തോ തൊട്ടടുത്തോ ആയി ആരംഭിച്ചതാണത്. അതില്‍ പിന്നെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ പ്രഭവകേന്ദ്രമായും പല സുപ്രധാന ചരിത്രസംഭവങ്ങളുടെ മൂകസാക്ഷിയായും തേങ്ങാപട്ടണം മാറിയിട്ടുണ്ട്.
പൈതൃകച്ചൂരുള്ള പട്ടണം
കേരളത്തിലേക്ക് ഇസ്‌ലാമിക സന്ദേശവുമായി വന്ന മാലിക് ബ്‌നു ദീനാറിന്റെ സംഘം തന്നെയാണ് തേങ്ങാപട്ടണത്ത് ഇസ്‌ലാമെത്തിച്ചതും. കേരളത്തിലെ കൊടുങ്ങല്ലൂരില്‍ അവരെത്തിപ്പെടാനുണ്ടായ അതേ കാരണം ഇവിടെയുമുണ്ടായിരുന്നു. അറേബ്യന്‍ വണിക്കുകളുമായി ശക്തമായ വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന തുറമുഖ പ്രദേശമായിരുന്നു തേങ്ങാപട്ടണവും. അക്കാലത്ത് വിദേശ മാര്‍ക്കറ്റുകളിലേക്കു വലിയ തോതിലുള്ള കൊപ്ര കയറ്റുമതി നടന്നതിനാലാണ് ഈ പ്രദേശത്തിനു തേങ്ങാപട്ടണമെന്ന പേരു ലഭിച്ചതെന്ന ഒരു നിരീക്ഷണം പോലുമുണ്ട്. 'തന്‍ഫതന്‍' എന്ന അറബീകരിച്ച രൂപം പഴയ പല അറബിഗ്രന്ഥങ്ങളിലും കാണാം.
ഇന്ത്യയില്‍ ആദ്യം പണികഴിക്കപ്പെട്ട ഒന്‍പതു പള്ളികളില്‍ ഒന്ന് തേങ്ങാപട്ടണത്താണെന്നു വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള പുരാതന പള്ളികളില്‍നിന്നു വ്യത്യസ്തമായി പരിപൂര്‍ണമായും കരിങ്കല്ലിലാണ് അതു പണിതീര്‍ത്തിരിക്കുന്നത്. കരിങ്കല്ലിലെഴുതിയ കാവ്യശകലം എന്ന് ആലങ്കാരികമായി വിളിക്കാവുന്നത്ര മനോഹരമായി. കരിങ്കല്ലില്‍ കരവിരുതോടെ പണിതീര്‍ത്ത മിഹ്‌റാബും ഹൗളും പള്ളിക്കുളവും ഇന്നും മാറ്റങ്ങളില്ലാതെ സംരക്ഷിച്ചിരിക്കുന്നു എന്നതാണ് പള്ളിയുടെ മറ്റൊരു സവിശേഷത. ഈ കാലഘട്ടത്തില്‍ നിര്‍മിച്ച മറ്റു പള്ളികളെല്ലാം നിശ്ശേഷം നശിച്ചുപോവുകയോ ഭാഗികമായി പരിഷ്‌കരണ പ്രവൃത്തികള്‍ക്കു വിധേയമാവുകയോ ചെയ്തിട്ടുണ്ട്.
മാലിക് ബ്‌നു ദീനാറിന്റെ പ്രഥമ പ്രബോധകസംഘം ഒന്‍പതു ചുവന്ന കല്ലുകള്‍ കൊണ്ടുവന്നിരുന്നെന്നും ആദ്യത്തെ ഒന്‍പതുപള്ളികളില്‍ സ്ഥാപിച്ചിരുന്നുവെന്നും ഒരു അഭിപ്രായമുണ്ട്. ആ കല്ലുകളില്‍ ഒന്ന് എന്റെ കുട്ടിക്കാലത്ത് പള്ളി മിഹ്‌റാബില്‍ സ്ഥാപിക്കപ്പെട്ട നിലയില്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. പിന്നീടെപ്പോഴോ അതവിടെനിന്ന് അപ്രത്യക്ഷമായി. അതിന്റെ ചരിത്രപ്രാധാന്യത്തെകുറിച്ചു ബോധ്യം വന്ന ശേഷം അതിനെന്തു സംഭവിച്ചുവെന്നറിയാന്‍ ഞാന്‍ സ്വന്തം നിലക്കു ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. പക്ഷെ, വാസ്തവവിരുദ്ധമായ ചില മറുപടികളില്‍ ചെന്ന് അന്വേഷണം വഴിമുട്ടുകയായിരുന്നുവെന്നു മാത്രം.
ഹിജ്‌റ ആദ്യ ദശകങ്ങളില്‍ തന്നെ ഒരു ഇസ്‌ലാമിക സാംസ്‌കാരിക ഭൂപ്രദേശമായി വളര്‍ന്നുവന്ന ശേഷം ഇങ്ങോട്ടും ആ പാരമ്പര്യം കൈമോശം വരാതെ നിലനിന്നിരുന്നുവെന്നു കാണാം. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ പാണ്ഡിത്യമുള്ള നിരവധി പണ്ഡിതശ്രേഷ്ഠരും അവരുടെ ദര്‍സുകളും തേങ്ങാപട്ടണത്തുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇസ്‌ലാമിക പണ്ഡിതനും വിശ്രുതമായ മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവുമായ ഖാദി മുഹമ്മദ് തേങ്ങാപട്ടണത്തെ ദര്‍സില്‍ ഓതിയിരുന്നുവെന്നു വായിച്ചിട്ടുണ്ട്.
ഞങ്ങളുടെ കുട്ടിക്കാലങ്ങളിലും അവിടെയുള്ള പള്ളികളില്‍ ദര്‍സുകളുണ്ടായിരുന്നു. നാട്ടുകാരായിരുന്ന മൗലവിമാരും നാട്ടുകാര്‍ തന്നെയായിരുന്ന ഞങ്ങള്‍ വിദ്യാര്‍ഥികളുമായിരുന്നു അന്ന് ഓതാനുണ്ടായിരുന്നത്. എങ്കിലും ശോഭനമായ പഴയകാല ദര്‍സുകളുടെ മങ്ങിയ ചിത്രങ്ങളായിരുന്നു അവയും. കുറച്ചുകാലം ഓതി, പിന്നെ പലവിധ കാരണങ്ങളാല്‍ ഇടക്കുവച്ചു പഠനം നിര്‍ത്തിയ ഒരാളാണ് ഞാനും.
താരതമ്യേന ശക്തമായ മതബോധവും അറിവുള്ളവരുമായിരുന്നു തേങ്ങാപട്ടണം നിവാസികള്‍. വര്‍ഷാവര്‍ഷവും നടക്കുന്ന മതപ്രഭാഷണങ്ങളാണു പൊതുജനങ്ങളുടെ അറിവിന്റെ വലിയ ഒരു സ്രോതസ്. റബീഉല്‍ അവ്വലിലെ ആദ്യ പന്ത്രണ്ടുദിനങ്ങളിലാണ് രാവു പകലാക്കുന്ന പ്രഭാഷണങ്ങള്‍ അരങ്ങേറുക. തേങ്ങാപട്ടണത്തെ മനുഷ്യരായ മനുഷ്യരൊക്കെ പ്രഭാഷണത്തിനെത്തും. കേരളത്തില്‍നിന്നുള്ള പ്രഗത്ഭരായ മൗലാനമാരെയാണു പ്രഭാഷണത്തിനു കൊണ്ടുവരിക. പന്ത്രണ്ടു ദിവസങ്ങളിലും വിവിധ വിഷയങ്ങളെ പുരസ്‌കരിച്ച് ഒരാള്‍ തന്നെ സംസാരിക്കും, മലയാളത്തില്‍. ദൈനംദിന വിനിമയോപാധി തമിഴാണെങ്കിലും കേട്ടാല്‍ മനസിലാകും വിധം മലയാളം കൊച്ചുകുട്ടികള്‍ക്കുവരെ അറിയാമായിരുന്നു. പിന്നീട് മലയാളത്തില്‍ ചില പുസ്തകങ്ങള്‍ എഴുതാന്‍ മാത്രം ഞാന്‍ മലയാളം പഠിച്ചെടുത്തത് തേങ്ങാപട്ടണം പകര്‍ന്നുനല്‍കിയ ബാലപാഠങ്ങളെ വികസിപ്പിച്ചെടുത്താണ്.
തേങ്ങാപട്ടണത്ത് രാപ്രസംഗം നടത്തുക എന്നത് കേരളത്തിലെ പണ്ഡിതന്മാര്‍ വലിയ അംഗീകാരമായാണു മനസിലാക്കിയിരുന്നത്. കാരണം, അവിടെ പകല്‍ സമയങ്ങളില്‍ രാപ്രസംഗങ്ങളെ പ്രതിയുള്ള സംശയങ്ങളും നിവാരണങ്ങളും അരങ്ങേറും. നാട്ടിലെ വലിയ പണ്ഡിതന്മാരൊക്കെ ചോദ്യങ്ങള്‍ ചോദിക്കും. അതിനെയെല്ലാം അതിജീവിച്ചുവേണം പ്രഭാഷണം തുടരാന്‍. കാസര്‍കോടുള്ള ആറേഴ് അടി നീളമുള്ള ഒരു മൗലാന നടത്തിയിരുന്ന പ്രഭാഷണങ്ങള്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. നീളാധിക്യം കാരണം ഇരുന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. തേങ്ങാപട്ടണത്ത് വന്നിരുന്ന അല്‍പസ്വല്‍പം പുത്തനാശയങ്ങളുള്ള ഒരു പണ്ഡിതനുണ്ടായിരുന്നു. കുണ്ടാമണ്ടി മൊയിലാരെന്നായിരുന്നു സ്വകാര്യമായി ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. മുതിര്‍ന്നവരുടെ പ്രചോദനമുണ്ടാവാം, പക്ഷെ, ഇപ്പോള്‍ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കാന്‍ ആ പേരുമൊരു നിമിത്തമായി!
തേങ്ങാപട്ടണത്തെ പെരുന്നാള്‍ ഓര്‍മകള്‍ പങ്കിടാന്‍ ഇത്ര വലിയൊരാമുഖം ചേര്‍ത്തതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്: എന്റെ ചെറുപ്പത്തിലെ പെരുന്നാളിന്റെ ചൂടും ചൂരും അറിയണമെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ പൈതൃകത്തെ അറിയണം. തലമുറകളായി കൈമാറ്റം ചെയ്തുപോരുന്ന സംസ്‌കൃതികളുടെയും പുരാവൃത്തങ്ങളുടെയും അഭേദ്യമായൊരു ഭാഗം മാത്രമാണു നോമ്പും പെരുന്നാളും.
രണ്ട്: പൊതുവെ മുസ്‌ലിം പൈതൃകത്തിന്റെ ചരിത്രങ്ങളിലൊന്നും ഇടംപിടിക്കാതെ പോയ ദേശമാണു തേങ്ങാപട്ടണം. കേരളത്തിലെ മുസ്‌ലിം ചരിത്രമെഴുതിയവര്‍ തെക്കുഭാഗത്തെ പൊതുവായും തേങ്ങാപട്ടണം, കായല്‍പട്ടണം ദേശങ്ങളെ പൂര്‍ണമായും അവഗണിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍നിന്നു നല്ല ചരിത്രകാരന്മാര്‍ ഉണ്ടായിട്ടില്ല എന്നതും ഒരു ഘടകമാണ്. തമിഴ്‌നാടിന്റെ ചരിത്രമെഴുതിയവര്‍ക്കാവട്ടെ സാംസ്‌കാരികമായി ഒട്ടനേകം സവിശേഷതകളുള്ള ഈ നാടുകളെ വേണ്ട വിധം മനസിലാക്കാനും സാധിച്ചില്ല. തദ്ഫലമായി ചരിത്രപ്രാധാന്യമുള്ള നിരവധി വിവരങ്ങള്‍ തേങ്ങാപട്ടണത്തെ കടല്‍ത്തീരങ്ങളില്‍ മറപെട്ടുകിടക്കുന്നുണ്ട്. പഴമയുടെ സൗഭഗത്തിലേക്കു കണ്ണുനട്ടിരിക്കുന്ന ചരിത്രഗവേഷകരെ കാത്ത്.
വിശദമായി ഗവേഷണം ആവശ്യമുള്ള എന്റെ ഒരു നിരീക്ഷണം പങ്കുവയ്ക്കാം. പറങ്കിപ്പടയുമായി വീരോദാത്തമായ നാവികസംഘട്ടനങ്ങളില്‍ ഏര്‍പെട്ട മരക്കാരുമാര്‍ യഥാര്‍ഥത്തില്‍ തേങ്ങാപട്ടണത്തുകാരാണ്. കടല്‍വ്യാപാരികളുടെ സംരക്ഷണാര്‍ഥം കൂടെ അനുഗമിച്ചിരുന്ന അവരെ പിന്നീട് സാമൂതിരി വിലക്കെടുക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന പല പുരാതന കുടുംബങ്ങളുടെയും പേരിനൊപ്പം ഉണ്ടായിരുന്ന മരക്കാന്മാര്‍ എന്ന പേര് കാലക്രമേണ തേഞ്ഞുമാഞ്ഞുപോവുകയായിരുന്നു. മാര്‍ത്താണ്ഡവര്‍മയും ഡച്ചുകാരും തമ്മിലുണ്ടായ സുപ്രസിദ്ധമായ കുളച്ചല്‍ യുദ്ധത്തില്‍ തേങ്ങാപട്ടണത്തുകാരായ എഴുപതുപേര്‍ രക്തസാക്ഷികളായിട്ടുണ്ട്. ചരിത്രത്തില്‍ ഏറെ വിശ്രുതമായ യുദ്ധമായിട്ടുകൂടി ഈ വിവരം രേഖകളില്‍ കാണാനില്ല. പി. സെയ്ദു മുഹമ്മദിന്റെ ചരിത്രത്തില്‍ മാത്രമാണ് ഞാനിതു കണ്ടത്. ഇനിയും ചരിത്രാന്വേഷണത്തിന്റെ വെളിച്ചം പതിയേണ്ട ഇരുള്‍മൂടിയ ഏടുകള്‍ ഏറെയുണ്ടെന്നു ചുരുക്കം.
'പെരുന്നാള്‍ പിറ കണ്ടാച്ചോ'.
പതിനാലു നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പൈതൃകത്തിന്റെ ബാക്കിപത്രമായാണ് ഞങ്ങള്‍ തേങ്ങാപട്ടണത്തുകാര്‍ക്കു പെരുന്നാള്‍ വിരുന്നെത്തുന്നത്. അതുകൊണ്ടു തന്നെ ആഘോഷത്തിന്റെ ചൂടും ചൂരും കൂടും. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണല്ലോ ചെറിയപെരുന്നാള്‍ തീരുമാനമാവുക, ഇരുപത്തൊന്‍പതാം നോമ്പ് തുറന്നതു മുതല്‍ ആരംഭിക്കുന്നതാണു നാളെ പെരുന്നാള്‍ ആവുമോ എന്ന ആകാംക്ഷ. 'ആകാംക്ഷയുടെ കൊടുമുടിയില്‍ എത്തുക' എന്ന മലയാള പ്രയോഗത്തെ അനുസ്മരിപ്പിക്കുംവിധം കുട്ടികള്‍ അന്നു തൊട്ടടുത്തുള്ള മല കയറും, പെരുന്നാള്‍പിറ കണ്ടെന്നുറപ്പിച്ചാല്‍ ഘോഷയാത്രയായി മലയിറങ്ങി വരും. 'പെരുന്നാള്‍ പിറ കണ്ടാച്ചോ... വോ....വോ...' എന്ന മുദ്രാവാക്യം വിളിച്ചു തെരുവുകള്‍ തോറും ചുറ്റിനടക്കും.
പെരുന്നാള്‍തലേന്ന് നാട്ടിലെ യുവാക്കളൊക്കെ ചേര്‍ന്നു ഗ്രാമമലങ്കരിക്കുന്ന പതിവുണ്ട്. അതിനായി വാഴത്തണ്ടുകള്‍ മുറിച്ചു ശേഖരിച്ചു വച്ചിട്ടുണ്ടാവും. അതില്‍ ആട്ടിയ എണ്ണയുടെ ചക്ക് പാര്‍ന്ന് തെരുവുകള്‍ തോറും കത്തിച്ചുവയ്ക്കും. പെരുന്നാള്‍ പീരങ്കിയെന്ന മറ്റൊരു ഐറ്റവുമുണ്ട്, മുളവടികള്‍ തുരന്ന് ഉണക്കിയ ശേഷം അതില്‍ മണ്ണെണ്ണ പാര്‍ന്നെടുക്കുന്നതാണത്. കൈയിലെ പന്തം മുളവടിയിലെ അറ്റത്തു കാണിച്ചാല്‍ ഉഗ്രന്‍ശബ്ദവും വെളിച്ചവുമുണ്ടാവും. തെരുവുകളിലും നാല്‍കവലകളിലും ഇതും പ്രദര്‍ശിപ്പിച്ചു രാത്രി വെളുപ്പാക്കലാണ് അന്നത്തെ ഹോബി, ഇതിനൊക്കെയുള്ള ഒരുക്കങ്ങള്‍ ഒരുപാടു ദിവസങ്ങള്‍ക്കുമുന്‍പേ ആരംഭിക്കും. ചീനാടിയും അറബനമുട്ടും അക്കാലത്തെ പെരുന്നാള്‍ ആഘോഷങ്ങളുടെ അവിഭാജ്യഘടകമായിരുന്നു. കേരളത്തിലെ കരളിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തേങ്ങാപട്ടണത്തെ ആയോധനകലയാണു ചീനാടി. ചീനാടി പരിശീലിപ്പിക്കുന്ന ആശാന്മാര്‍ അന്ന് ഒരുപാടുണ്ടായിരുന്നു. ശിഷ്യഗണങ്ങള്‍ അതുവരെ പഠിച്ചെടുത്ത ആയോധനമുറകള്‍ പൊതുജനങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ് അന്ന്. വെട്ടും തടവും കുട്ടിക്കരണം മറിച്ചിലുകളുമായി അവരുടെ പ്രകടനം അരങ്ങേറുമ്പോള്‍ ഗ്രാമം ഒന്നടങ്കമുണ്ടാവും കാഴ്ചക്കാരായി.
അറബനമുട്ട് എന്ന കലാരൂപം ഉത്ഭവിച്ചത് എവിടെയാണെന്നറിയില്ല. പക്ഷെ, ഏറെ സവിശേഷതകളുള്ള കൊട്ടായിരുന്നു തേങ്ങാപട്ടണത്ത് ഉണ്ടായിരുന്നത്. നിരന്തരമായ പരിശീലനങ്ങള്‍ കൊണ്ടു പഠിച്ചെടുക്കുന്ന മുട്ടില്‍ കാല്‍ചലനങ്ങള്‍ക്കാണു പ്രാധാന്യം. ആറുപേരുള്ള രണ്ടുവരികളായി ഒരു സംഘത്തില്‍ പന്ത്രണ്ടുപേര്‍ കാണും. നടുവില്‍ ചീഴം കൊട്ടിക്കൊണ്ട് ആശാനും. കണ്ണുകള്‍ക്കു മനോഹരമായ വിരുന്നൊരുക്കി അക്ഷരാര്‍ഥത്തില്‍ തെരുവ് കീഴടക്കുമായിരുന്നു അവരും. തേങ്ങാപട്ടണത്തെ സുപ്രസിദ്ധരായ മാപ്പിളപ്പാട്ടുകാരുടെ പാട്ടുകള്‍ക്കൊത്തായിരുന്നു ചുവടുവയ്പ്പുകള്‍.
ലോകത്തെവിടെയും പെരുന്നാളുകളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണു വിഭവങ്ങള്‍. നെയ്യൊറോട്ടിയും ഒട്ടപ്പവും പാലടയുമാണ് തേങ്ങാപട്ടണം പെരുന്നാള്‍ സ്‌പെഷല്‍. ബിരിയാണി അന്നുണ്ടായിരുന്നില്ല. എന്നാല്‍ പോത്തിറച്ചി മുഖ്യമായിരുന്നു. സാമ്പത്തിക സമൃദ്ധിയോ ഐശ്വര്യമോ ആയിരുന്നില്ല പെരുന്നാളുകളെ ഇത്ര നിറമുള്ളതാക്കിയതെന്ന വസ്തുത കൂടെ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ഉള്ളവരുടെ ഉള്‍പ്രകടനങ്ങളായിരുന്നില്ല, ഇല്ലായ്മയിലും വല്ലായ്മയിലും കഴിഞ്ഞവരുടെ ആത്മാവിഷ്‌ക്കാരങ്ങളായിരുന്നു ഈ ആഘോഷങ്ങളൊക്കെ. കാരണം അന്‍പതുകളുടെ തേങ്ങാപട്ടണംജീവിതത്തില്‍ നിശബ്ദമായൊരു ഘടകമായി ദാരിദ്ര്യവുമുണ്ടായിരുന്നു. പെരുന്നാള്‍ദിനത്തില്‍ പോലും അടുപ്പ് പുകയാത്ത വീടുകള്‍ എനിക്കു പരിചയമുണ്ട്. ദിവസങ്ങള്‍ നീണ്ട ദാരിദ്ര്യത്തിന്റെ തീക്ഷണത കൊണ്ട് പെരുന്നാള്‍ ദിവസം എന്റെ വീട്ടിലെത്തി വയറു നിറയെ ഭക്ഷണം കഴിക്കുന്ന ബന്ധുക്കളിലൊരാളുടെ ചിത്രം ഇന്നും ഓര്‍മയില്‍ തെളിയുന്നു. ദൈവത്തിന്റെ കാവ്യനീതിയെന്നോണം ഇന്നവര്‍ സാമ്പത്തികമായി ഏറെ അഭിവൃദ്ധി പ്രാപിച്ചിരിക്കുകയാണ്.
ഏറെ വ്യത്യസ്തമായിരുന്നില്ല എന്റെ വീട്ടിലെ സ്ഥിതിയും. 'തുറൈമുഖം' എന്ന എന്റെ നോവലില്‍ സിലോണിലേക്ക് ചമ്പ (ഒരുതരം ഉണക്ക മത്സ്യം) കയറ്റുമതി ചെയ്യുന്ന മനുഷ്യരുടെ ജീവിതം ചിത്രീകരിക്കുന്നുണ്ട്. ഇടനിലക്കാരുടെ വഞ്ചന കാരണം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയ അത്തരമൊരു കുടുംബമായിരുന്നു എന്റേതും. ഒരര്‍ഥത്തില്‍ എന്റെ വാപ്പ അബ്ദുല്‍ഖാദറിന്റെ ജീവിതത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ആ നോവലിന്റെ ഇതിവൃത്തം. എന്റെ ജീവിതവുമായി അത്രമാത്രം ഇഴചേര്‍ന്നു നില്‍ക്കുന്നതിനാലാവും പല വായനക്കാര്‍ക്കും ഏറ്റവും പ്രിയപ്പെട്ട എന്റെ നോവല്‍ 'തുറൈമുഖ'മാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."