കുന്ദമംഗലം മഹല്ല് ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍ നടപടിയായി; കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
കുന്ദമംഗലം: കുന്ദമംഗലം മഹല്ല് മുസ്‌ലിം ജമാഅത്ത് മസ്ജിദില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. വഖ്ഫ് ബോര്‍ഡ് നിയമിച്ച കമ്മിഷന്‍ അഡ്വ. എ.പി സുജിത്താണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടര്‍പട്ടിക പള്ളി നോട്ടിസ് ബോര്‍ഡില്‍ പതിച്ചു. കേരള വഖ്ഫ് ബോര്‍ഡ് 2013 ഓഗസ്റ്റ് 13ന് ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം 2013 നവംബര്‍ 30ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും മിനുട്ടുകള്‍ക്കകം ലിസ്റ്റ് കാണാതാവുകയും ഈ ഉത്തരവിനെതിരേ നിലവിലെ ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്ന് ഇലക്ഷന്‍ നടത്താന്‍ സാധിക്കാതെ പോവുകയായിരുന്നു. അതുകൊണ്ട് ഇന്നലെ പൊലിസ് സാന്നിധ്യത്തിലാണ് വോട്ടര്‍പട്ടിക പള്ളി നോട്ടിസ് ബോര്‍ഡില്‍ പതിച്ചത്.
മഹല്ല് ഭരണഘടന അനുശാസിക്കുംവിധം ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുന്നതിന്റെ തടസമെന്തെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 11ന് ഇപ്പോഴത്തെ ഭരണസമിതി നല്‍കിയ ഹരജി പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ നടപടിയായത്.
കാന്തപുരത്തെ സമസ്തയില്‍നിന്ന് പുറത്താക്കപ്പെട്ട കാലത്താണ് കുന്ദമംഗലം മഹല്ലില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇരുവിഭാഗങ്ങളില്‍ നിന്നും ഏഴുപേര്‍ വീതം അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുകയും ഒരു വിഭാഗത്തിനു പ്രസിഡന്റും മറു വിഭാഗത്തിനു സെക്രട്ടറിയും നല്‍കി പ്രശ്‌നം തീരുന്നതുവരെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പഠിപ്പിക്കാനും പരീക്ഷ നടത്തേണ്ടെന്നും അന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലം മുന്നോട്ടു പോയപ്പോള്‍ ചിലര്‍ പുതിയ സിലബസ് പഠിപ്പിക്കണമെന്ന വാദവുമായി രംഗത്തുവരികയായിരുന്നു. എന്നാല്‍ നിലവിലുള്ള ബൈലോ ഇതിന് അനുവദിക്കുന്നില്ലെന്നു പറഞ്ഞ് സമസ്ത പ്രതിനിധിയായ കമ്മിറ്റി പ്രസിഡന്റ് അടക്കമുള്ളവര്‍ അന്നു രാജിവച്ചു. പിന്നീട് സമസ്ത പ്രവര്‍ത്തകര്‍ക്ക് മെംബര്‍ഷിപ്പ് നല്‍കുകയോ ജനറല്‍ ബോഡി വിളിക്കുകയോ ചെയ്യാതിരുന്നിട്ടും മഹല്ലിലേക്കുള്ള പിരിവ് കൊടുക്കുകയും പള്ളി പൂട്ടാതിരിക്കാന്‍ സംയമനം പാലിക്കുകയുമായിരുന്നു സമസ്തയുടെ അനുഭാവികള്‍. ഇതിനിടയില്‍ മദ്‌റസയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ചിലര്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പഠിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഈ ഉത്തരവിനെ മറികടക്കാന്‍ കാന്തപുരം വിഭാഗം നിലവിലുള്ള മദ്‌റസാ കെട്ടിടം പൊളിച്ചുകളഞ്ഞു. അവര്‍ വാടകക്ക് മുറിയെടുത്ത് പുതിയ മദ്‌റസ ആരംഭിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സമസ്ത പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മെംബര്‍ഷിപ്പ് പുതുക്കിനല്‍കുന്നില്ലെന്നും ജനറല്‍ ബോഡി വിളിക്കുന്നില്ലെന്നും തങ്ങള്‍ നല്‍കുന്ന പണത്തിന്റെ വരവു ചെലവ് കണക്കുകള്‍ നല്‍കുന്നില്ലെന്നും കാണിച്ച് വഖ്ഫ് ബോര്‍ഡില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."