കേരളത്തിന്റെ സൈന്യത്തിന് കോഴിക്കോട് പൗരാവലിയുടെ സ്‌നേഹാദരം
കോഴിക്കോട്: ഹൈസ്‌കൂളിലൊക്കെ പഠിച്ചിട്ടുണ്ട്... കൂടെ പഠിച്ചവരൊക്കെ ഡോക്ടറും വക്കീലുമൊക്കെ ആയപ്പോ നമ്മള്‍ ഈ കുടുംബജോലി അങ്ങ് എടുത്തു. നെറ്റ്‌വര്‍ക്കിങ്, അതായത് വലയിട്ട് മീന്‍പിടിത്തം. അന്നു നിങ്ങളോടൊക്കെ സഹതാപം തോന്നുന്നുവെന്ന് പറഞ്ഞ ഇംഗ്ലിഷ് ടീച്ചര്‍ കഴിഞ്ഞദിവസം സ്‌കൂളില്‍ തന്ന സ്വീകരണ ചടങ്ങില്‍ നിങ്ങളെക്കുറിച്ച് ഇപ്പോ അഭിമാനം മാത്രം എന്നു പറഞ്ഞപ്പോഴാ നമ്മള്‍ ഇതിനു മാത്രം എന്തൊക്കെയോ ചെയ്തിട്ടുണ്ടെന്ന് മനസിലായത്- ചാലിയം ബീച്ച് സ്വദേശി തെസ്‌രിഫ് ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ സദസില്‍ നിലയ്ക്കാത്ത കൈയടിയായിരുന്നു.
നളന്ദ ഓഡിറ്റോറിയത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കോഴിക്കോട് പൗരാവലി നല്‍കിയ സ്‌നേഹാദരം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിതമായി എത്തിയ പ്രളയദുരിതത്തില്‍ കേരളം മുഴുവനായി പകച്ചുനിന്നപ്പോള്‍ പതര്‍ച്ചയില്ലാതെ സാഹസികമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളാണ് യഥാര്‍ഥരക്ഷകരെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ജില്ല സമീപകാലത്ത് നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയത്. അതിനെയൊക്കെ കൂട്ടായ്മയിലൂടെ അതിജീവിക്കാനായി. ഇനിയും അത്തരത്തിലുള്ള കൂട്ടായ്മകള്‍ ഉണ്ടാവണം. കേരളത്തിന്റെ സ്വന്തം സൈന്യം എന്ന വിശേഷണത്തിനു മത്സ്യത്തൊഴിലാളികള്‍ എന്തുകൊണ്ടും അര്‍ഹരാണെന്നും കേരളം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം.എല്‍.എമാരായ വി.കെസി മമ്മദ് കോയ, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഫിഷറീസ് ഉത്തരമേഖലാ ജോയിന്റ് ഡയറക്ടര്‍ കെ.കെ സതീഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന സംബന്ധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 450ലധികം മത്സ്യത്തൊഴിലാളികളെയാണ് പൊന്നാടയും ഫലകവും പ്രശംസാപത്രവും നല്‍കി ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."