തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണം; മാതാവ് അറസ്റ്റില്‍
തൊടുപുഴ: കുമാരമംഗലത്ത് ഏഴുവയസ്സുകാരനെ മര്‍ദിച്ചുകൊന്ന കേസില്‍ കുട്ടിയുടെ മാതാവ് അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കുട്ടിയുടെ അമ്മയ്ക്കെതിരേ ചുമത്തും. ബാലനീതി നിയമം 75-ാം വകുപ്പുപ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പൊലീസിനു നിര്‍ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക, ശാരീരിക സമ്മര്‍ദം എല്‍പ്പിക്കുക തുടങ്ങിയവയാണ് 75-ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എറണാകുളത്തു മാനസിക ചികിത്സയിലായിരുന്നു അവര്‍. അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തിനിരയായ കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മസ്തിഷ്‌കമരണം സംഭവിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞദിവസം കുട്ടിയുടെ ഇളയ സഹോദരന്റെ സംരക്ഷണം കുട്ടിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്കു നല്‍കിയിരുന്നു. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ നടന്ന ഹിയറിംഗിലായിരുന്നു തീരുമാനം. ഒരു മാസത്തേക്കാണു താല്‍ക്കാലികസംരക്ഷണം തിരുവനന്തപുരം സ്വദേശികളായ മുത്തശ്ശനും മുത്തശ്ശിക്കും നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."