കുഴല്‍പ്പണം കൊള്ളയടിക്കുന്ന ആറംഗസംഘത്തെ സിനിമാ സ്‌റ്റൈലില്‍ പൊലിസ് വലയിലാക്കി
വടകര: കുഴല്‍പണ കൊള്ളയടിച്ച് പണം തട്ടുന്ന ആറംഗസംഘത്തെ സിനിമാ സ്‌റ്റൈലില്‍ പൊലിസ് പിടികൂടി.
കാറിന് ഓട്ടോയുടെ നമ്പര്‍ പ്ലേറ്റ് പതിച്ച് നൂറു കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ചു പോകുന്ന സംഘത്തെയാണ് നാട്ടുകാരും പൊലിസും ഒരുക്കിയ വലയില്‍ കുരുങ്ങിയത്.
വടകര വില്യാപ്പള്ളി താഴെ ചാലില്‍ റഷീദ്(37), തലശ്ശേരി ധര്‍മ്മടം പാലയാട് കൃഷ്ണരാധയില്‍ സജീവന്‍(45), തലശ്ശേരി ധര്‍മ്മടം പാലയാട് ലബ്‌നാ നിവാസില്‍ ലെനീഷ്(36), തലശ്ശേരി ധര്‍മ്മടം വാഴയില്‍ ഷിജിന്‍ എന്ന കുട്ടു(29), തലശ്ശേരി ചക്കരക്കല്‍ ഏച്ചൂര്‍ ചാലില്‍ അശ്വന്ത്(24), തലശ്ശേരി ധര്‍മ്മടം പാലയാട് ശ്രീ പദത്തില്‍ ഷാംജിത്ത് എന്ന ജിമ്മന്‍(34)എന്നിവരെയാണ് വടകര സി.ഐ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം നാടകീയമായി പിടികൂടിയത്.
വില്യാപ്പള്ളിയില്‍ ബൈക്ക് യാത്രക്കാരനെ കാര്‍ തട്ടിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടയില്‍ പൊലിസിനെ കണ്ട ഇവര്‍ കാറുമായി കടന്നു കളയുകയായിരുന്നു.
പൊലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര ടൗണില്‍ ഇവരുടെ മാരുതി സ്വിഫ്റ്റ് കാറിന് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. ഇതിനിടയില്‍ റൂറല്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും വിവരം കൈമാറി. തുടര്‍ന്ന് കാര്‍ പിടികൂടാന്‍ പയ്യോളി, മേപ്പയൂര്‍, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം പൊലിസ് സര്‍വ്വ സന്നാഹങ്ങളും ഒരുക്കി. വടകര സി.ഐയുടെ സ്‌ക്വാഡ് ഒരു മണിക്കൂറോളം ഇവരെ പിന്തുടര്‍ന്നെങ്കിലും നൂറുകിലോ മീറ്റര്‍ വേഗതയിലാണ് ഇവര്‍ വാഹനം ഓടിച്ചത്. പൊലിസ് പിന്തുടരുന്നതറിഞ്ഞ് മേപ്പയൂരിലെ ഒരു വീട്ടിന്റെ മതിലില്‍ കാര്‍ ഇടിച്ച് കയറ്റി രക്ഷപെടാനും ശ്രമം നടത്തി. എന്നാല്‍ നാട്ടുകാരുടെ സഹായത്താല്‍ പൊലിസ് ആറു പേരെയും പിടികൂടി.
വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണിലടിക്കുന്ന സ്‌പ്രേ, നാലു മുഖം മൂടികള്‍, കത്തി, ഇടിക്കട്ട എന്നിവയും വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റും കണ്ടെടുത്തു. നാലു ദിവസങ്ങളിലായി സംഘം വടകരയിലും പരിസരങ്ങളിലും കറങ്ങി നടക്കുന്നതായി പൊലിസിനു വിവരം ലഭിച്ചിരുന്നു. കുഴല്‍പണക്കാരെ കൊള്ളയടിക്കുന്നതിനാല്‍ പരാതി ഉണ്ടാകാറില്ല. പണത്തിന്റെ സ്രോതസ് തെളിയിക്കാന്‍ കഴിയാത്തതിനാലാണ് ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."