മാണിക്ക് ഒപ്പമുണ്ടായിരുന്നവര്‍ കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍: ജോസഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് പ്രതിച്ഛായ മാസിക
കോട്ടയം: കോണ്‍ഗ്രസിനേയും പി.ജെ ജോസഫിനെയും വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് മുഖമാസിക പ്രതിച്ഛായ. തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നതെന്നും 'കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവരായിരുന്നു ഇവരെന്നും അങ്ങനെയാണ് ഇത്തരക്കാരെ കെ.എം മാണി വിശേഷിപ്പിച്ചിരുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ഇത് പി.ജെ ജോസഫിനും കോണ്‍ഗ്രസിനുംനേരെയുള്ള ളിയമ്പാണെന്നാണ് ആരോപണം.
'കെ.എം മാണി മടങ്ങിപോയി മുറിവുണങ്ങാത്ത മനസ്സുമായി' എന്ന ലേഖനത്തിലാണ് ബാര്‍ കോഴ വിവാദത്തിലടക്കം പി.ജെ ജോസഫിനെയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ചുള്ള ലേഖനം എഡിറ്റര്‍ തന്നെയായ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയിരിക്കുന്നത്.
അമ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാര്‍ കോഴക്കേസ് ശത്രുക്കള്‍ക്ക് മുന്നില്‍ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കള്‍ക്കിടയില്‍ നിന്ന് 'ഹാ ബ്രൂട്ടസേ നീയും' എന്ന് സീസറെ പോലെ നിലവിളിക്കാനെ കെ.എം മാണിക്ക് കഴിഞ്ഞുള്ളു എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
ബാര്‍ കോഴ വിവാദം ഉണ്ടായ 2014 ഒക്ടോബര്‍ 31ന് കെ.എം മാണി എന്ന രാഷ്ട്രീയ അതികായന്റെ കൊടിയിറക്കം തുടങ്ങിയിട്ടുണ്ടെന്നും കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. 'ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടെ' എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികള്‍ പയറ്റിയത്. വേണ്ടിവന്നാല്‍ മന്ത്രി സ്ഥാനം രാജിവച്ച് പ്രതിഷേധിക്കാമെന്നും മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെ.എം മാണിയും കേരളാ കോണ്‍ഗ്രസിനെ സ്‌നേഹിച്ചിരുന്നവരും മുന്നോട്ടുവച്ചു. അപ്പോള്‍ ഔസേപ്പച്ചന്‍ സമ്മതിക്കുമോ എന്നായിരുന്നു മാണിയുടെ സന്ദേഹം.
സാറു പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനം പറയുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതില്‍ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നില്ലേ ലേഖനത്തില്‍ സംശയങ്ങളുണ്ട്.
അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."