ചൂര്‍ണിക്കര വ്യാജരേഖാ കേസ്; ഇടനിലക്കാരന്‍ അബു അറസ്റ്റില്‍
ആലുവ: ചൂര്‍ണിക്കരയില്‍ വ്യാജ രേഖകള്‍ ചമച്ച് നിലം നികത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാന്‍ അബു അറസ്റ്റില്‍. തൃശൂര്‍ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലം നികത്തി പുരയിടമാക്കി മാറ്റുന്നതിന് വ്യാജ രേഖകള്‍ നിര്‍മിച്ച കേസില്‍ ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അബുവിനെ പൊലിസ് വിശദമായിചോദ്യം ചെയ്യുകയാണ്. വ്യാജരേഖ നിര്‍മിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പൊലിസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
വ്യാജരേഖ തയാറാക്കുന്നതിന് വിരമിച്ച ചില ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം അബുവിന് ലഭിച്ചതായാണ് സൂചന. സര്‍ക്കാര്‍ ഉത്തരവുകളുടേതിന് സമാനമായി വളരെ കൃത്യതയോടെയാണ് രേഖകള്‍ തയാറാക്കിയതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇത്തരം ഇടപാടുകളില്‍ പരിചയമുള്ളവര്‍ ഇതിന് പിന്നിലുള്ളതായി പൊലിസ് സംശയിക്കുന്നു. അറസ്റ്റിലായ അബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് നിരവധി പ്രമാണങ്ങള്‍ പിടിച്ചെടുത്തു. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ചു വേറെയുംഭൂമി ഇടപാട് നടത്തിയിട്ടുള്ളതായാണ് വിവരം.
ചൂര്‍ണിക്കര ഭൂമി വിവാദത്തിലെ പ്രധാന പ്രതിയായ അബുവിനെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബെല്‍ ഫോണും പിടിച്ചെടുത്തു. ഇയാളുടെ മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ ആലുവ താലൂക്കിലെയും ചൂര്‍ണിക്കര വില്ലേജിലെയും രണ്ട് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി.
കൃത്രിമ രേഖകളുണ്ടാക്കാന്‍ സഹായിച്ചവരെക്കുറിച്ചും സൂചന ലഭിച്ചതായാണ് വിവരം. ഇപ്പോള്‍ പിടിയിലായ അബു ഉള്‍പ്പെട്ട വലിയ രാഷ്ട്രീയ ഉദ്യോഗസ്ഥ റാക്കറ്റ് കൃത്രിമ രേഖകള്‍ ഉപയോഗിച്ച് ആലുവയിലും സമീപത്തും വലിയ തോതില്‍ ഇത്തരം തിരിമറികള്‍ നടത്തിയതായാണ് വിവരം.
റവന്യൂ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍; കൂടുതല്‍ അറസ്റ്റുണ്ടായേക്കും
തിരുവനന്തപുരം: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫിസിലെ ക്ലാര്‍ക്ക് അരുണ്‍ ആണ് പിടിയിലായത്. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ അബു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലിസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. കൂടുതല്‍പേര്‍ ഉടന്‍ അറസ്റ്റിലായേക്കും. അബുവിനെ വിജിലന്‍സും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റും ഉടനുണ്ടായേക്കും.
ഭൂമി തരം മാറ്റുന്നതിന് വേണ്ടി വ്യാജരേഖയുണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഏഴ് ലക്ഷം രൂപ അബു നല്‍കിയെന്ന് ഭൂവുടമ ഹംസ പൊലിസിന് മൊഴി നല്‍കിയിരുന്നു. വില്ലേജ് ഓഫിസ് മുതല്‍ ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ ഓഫിസ് വരെയുള്ള തലങ്ങളില്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ഫോര്‍ട്ട് കൊച്ചി സബ് കലക്ടറും കണ്ടെത്തിയിരുന്നു. വ്യാജരേഖ കേസില്‍ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."