പാര്‍ലമെന്റിനെ അപ്രസക്തമാക്കുന്ന ഭരണകൂടം
ജനാധിപത്യ ഭരണ സംവിധാനത്തെയും ഭരണഘടനയെയും പിച്ചിച്ചീന്തുന്ന നടപടിയാണ് കഴിഞ്ഞ ദിവസം രാജ്യസഭാ അധ്യക്ഷ സ്ഥാനത്തു നിന്ന് ഉണ്ടായത്. കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് കാഴ്ചവയ്ക്കാനുള്ള ബില്ലുകളെ എതിര്‍ത്ത പ്രതിപക്ഷത്തെ, ഭരണകൂടം അടിച്ചിരുത്തുന്ന കാഴ്ചയ്ക്ക് രാജ്യസഭ സാക്ഷ്യം വഹിച്ചു. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ് തന്റെ പദവിയുടെ മഹത്വമാണ് ഇതുവഴി കളഞ്ഞു കുളിച്ചത്. കാര്‍ഷിക ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതിനു മുന്‍പ് വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച ഹരിവന്‍ഷ് സിങ് ശബ്ദവോട്ടെടുപ്പിന് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. സഭാചട്ടങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായ തീരുമാനം അംഗീകരിക്കാന്‍ സഭ ബാധ്യസ്ഥമല്ല. സഭാ അധ്യക്ഷന്റെ ഭരണഘടനാ വിരുദ്ധ തീരുമാനത്തിനെതിരേ പ്രതിഷേധിക്കാനും തീരുമാനം തിരുത്തിക്കാനും സഭാ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശം ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഭരണകൂടം നിരാകരിക്കുമ്പോള്‍ അതിനെതിരേ പ്രതിപക്ഷം പ്രക്ഷുബ്ധമായെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അതു ജനാധിപത്യ ഭരണ സമ്പ്രദായത്തെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ജനാധിപത്യ ഭരണക്രമത്തെയും ഭരണഘടനയെയുമാണ് ഭരണകൂടം പരസ്യമായി അവഹേളിച്ചത്.
എന്നിട്ടും അരിശം തീരാതെ പ്രതിപക്ഷത്തെ എട്ട് എം.പിമാരെ സസ്‌പെന്‍ഡും ചെയ്തു. ഭരണഘടനാ വിരുദ്ധമായ തീരുമാനം അംഗീകരിക്കാന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ തയാറാകാതെ വന്നത് ന്യായം മാത്രമാണ്. പക്വതയോടെ സഭ നിയന്ത്രിക്കേണ്ട അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഉപാധ്യക്ഷന്റ പല നടപടികളും അംഗീകരിച്ചത് അത്ഭുതകരം തന്നെ. പാര്‍ട്ടി തിട്ടൂരത്തിനപ്പുറം അദ്ദേഹത്തിനും പോകാന്‍ പറ്റില്ലല്ലോ.
കാര്‍ഷിക ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച ഒരു മണിയായപ്പോള്‍ നിര്‍ത്തിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ ഉപാധ്യക്ഷന്‍ തള്ളുകയായിരുന്നു. സഭ തുടരണമെങ്കില്‍ പ്രതിപക്ഷത്തിന്റെ അനുമതി വാങ്ങണം. അതാണ് ചട്ടം. മാത്രമല്ല, മൂന്നു മണിക്ക് ലോക്‌സഭ ചേരേണ്ടതുമുണ്ടായിരുന്നു. ഇതിനു മുന്‍പ് ചര്‍ച്ച പൂര്‍ത്തിയാക്കി മന്ത്രിക്ക് മറുപടി പറയാന്‍ കഴിയുമായിരുന്നില്ല. അടുത്ത ദിവസം ബില്ലിന്മേല്‍ ചര്‍ച്ചയാകാമെന്ന പ്രതിപക്ഷ നിര്‍ദേശത്തെ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് സിങ് ഏകപക്ഷീയമായി തിരസ്‌കരിച്ച്, മന്ത്രിയുടെ മറുപടി പോലും ഇല്ലാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ ബില്‍ പാസാക്കി. സഭാചട്ടമനുസരിച്ച് ഒരു അംഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ ബില്ലിന്മേല്‍ വോട്ടെടുപ്പ് ഉണ്ടാകണം. ഇവിടെ ഉപാധ്യക്ഷന്‍ അതു നിഷേധിച്ചു. അതിനാല്‍ തന്നെ ബില്ല് പാസായതിനു നിയമസാധുതയില്ല. ഭരണഘടനാവിരുദ്ധമായ ബില്ലില്‍ ഒപ്പു വയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹവും അത് അംഗീകരിക്കണമെന്നില്ല.
ഭരണകക്ഷിക്ക് നല്ല ഭൂരിപക്ഷമുണ്ടായാലും ഒരു അംഗം ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് വേണം. ഭേദഗതി നിര്‍ദേശമുണ്ടെങ്കില്‍ അതും പരിഗണിക്കണം. ഭേദഗതിയിന്മേല്‍ പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടാല്‍ അതും നടപ്പാക്കണം. ഇതിനൊന്നും സമയം നല്‍കാതെ എന്തിന് സര്‍ക്കാര്‍ ശബ്ദവോട്ടിന് തയാറായി?. അവസാന ഘട്ടത്തില്‍ ബിജു ജനതാദളും അണ്ണാ ഡി.എം.കെയും ബില്ലിനെതിരേ വോട്ട് ചെയ്‌തേക്കുമോ എന്ന അങ്കലാപ്പായിരിക്കണം ഭരണഘടനാവിരുദ്ധവും പാര്‍ലമെന്റ് ചട്ടവും മറികടന്ന് കോര്‍പറേറ്റ് അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇത്തരം ഭരണഘടനാ വിരുദ്ധ നടപടികള്‍ ഉണ്ടാകുമ്പോള്‍ ജനാധിപത്യ ബോധമുള്ള പ്രതിപക്ഷം രോഷാകുലരാകുന്നുവെങ്കില്‍ അതു സ്വാഭാവികം. അതിനുള്ള പ്രകോപനമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. രാജ്യസഭയിലും ലോക്‌സഭയിലും ബഹളം ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. ജനാധിപത്യത്തിന്റെ ആത്മാവിനെ കളങ്കപ്പെടുത്തിയത് ഭരണപക്ഷമാണ്, പ്രതിപക്ഷമല്ല. ഘടകകക്ഷികള്‍ തന്നെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടിരുന്നു. അതും അംഗീകരിക്കപ്പെട്ടില്ല. പിന്നെ എങ്ങനെ പ്രതിപക്ഷം അടങ്ങിയിരിക്കും. വോട്ടെടുപ്പ് അനുവദിക്കാതെ ബഹളം ഉണ്ടാക്കി ശബ്ദവോട്ടെടുപ്പിന് അവസരം സൃഷ്ടിക്കുകയായിരുന്നു ഭരണകൂടം.
ഇന്ത്യയിലെ കോടിക്കണക്കിനു കര്‍ഷകരെ ബാധിക്കുന്ന ഒരു പ്രശ്‌നം ഇത്ര തിടുക്കത്തോടെ പാസാക്കേണ്ട എന്താവശ്യമാണ് ഉണ്ടായിരുന്നത് ?. ഒരു ബില്‍ ഇത്ര സമയത്തിനുള്ളില്‍ പാസാക്കണമെന്നു പറയാനുള്ള അവകാശമൊന്നും ഭരണകൂടത്തിനില്ല. സമയം നീട്ടാന്‍ മന്ത്രിക്ക് വേണമെങ്കില്‍ സഭയോട് അപേക്ഷിക്കാം. അതാണ് ഭരണഘടനയില്‍ പറയുന്നത്. സംഘ്പരിവാര്‍ ഭരണകൂടത്തിനെന്ത് ഭരണഘടന?. 2018-19ല്‍ മാത്രം ബി.ജെ.പിക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവന 743 കോടിയാണെന്ന് ഇതോടൊപ്പം കൂട്ടിവായിക്കുമ്പോഴേ ബില്‍ പാസാക്കിയതിലെ ധൃതിയുടെ അര്‍ഥം മനസിലാകൂ.
എട്ട് അംഗങ്ങളെ പുറത്താക്കിയ നടപടിയും ചട്ടവിരുദ്ധമാണ്. സഭയില്‍ അസാധാരണ ബഹളം ഉണ്ടാകുമ്പോള്‍ കക്ഷി നേതാക്കളെ സഭാധ്യക്ഷന്‍ ചേംബറിലേക്ക് വിളിച്ച് ചര്‍ച്ച നടത്തി സമവായ തീരുമാനമുണ്ടാക്കുക എന്നതാണ് കീഴ്‌വഴക്കം. ഇവിടെ ഒറ്റയടിക്ക് എട്ടു പ്രതിപക്ഷാംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അടിമുടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ ഭരണവ്യവസ്ഥയെ അവഹേളിക്കുന്നതുമായ തീരുമാനങ്ങളാണ് രാജ്യസഭയില്‍ ഉണ്ടായത്. സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ അരങ്ങേറിയ ഈ ഭരണഘടനാ വിരുദ്ധ നടപടികള്‍ രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."