റാഫേല്‍: വിധി പറയാന്‍ മാറ്റി
കെ.എ സലിം
ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധനാ ഹരജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിധി പറയാന്‍ മാറ്റി. അതോടൊപ്പം പരിഗണിച്ച കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ കേസും വിധി പറയാന്‍ മാറ്റി. റാഫേല്‍ കരാര്‍ റദ്ദാക്കണമെന്നല്ല, അന്വേഷണം വേണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാരിലൊരാളായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരാറില്‍ അന്വേഷണം വേണ്ടതില്ലെന്ന ഡിസംബര്‍ 14ലെ വിധിയുണ്ടാകുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍ തന്നെ അത് തിരുത്തി നല്‍കിയിട്ടുണ്ട്. 2019ല്‍ സമര്‍പ്പിച്ച സി.എ.ജി റിപ്പോര്‍ട്ട് റാഫേല്‍ കരാറില്‍ തെറ്റൊന്നും കണ്ടില്ലെന്ന് 2018 നവംബറില്‍ തന്നെ സര്‍ക്കാര്‍ എങ്ങനെ അറിഞ്ഞുവെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
കരാറിന്റെ എല്ലാ രേഖകളും ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണെങ്കിലും കോടതിയ്ക്ക് അതു പരിശോധിക്കാം. നേരിട്ട് കാണാത്ത നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടപെടല്‍ നടന്നിട്ടുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ- ഭൂഷണ്‍ വാദിച്ചു.
വിവരങ്ങള്‍ സി.എ.ജിക്ക് നല്‍കാം, കോടതിക്ക് പറ്റില്ല, അതെന്ത്
കൊണ്ടെന്ന് ഷൂരി
കരാറിന്റെ വിവരങ്ങള്‍ സി.എ.ജിക്ക് നല്‍കാമെങ്കില്‍ എന്തുകൊണ്ട് കോടതിക്ക് കൈമാറാന്‍ പറ്റില്ലെന്ന് റാഫേല്‍ കേസിലെ ഹരജിക്കാരനായ അരുണ്‍ ഷൂരി. കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കണമെന്ന ഹരജിയിലാണ് അരുണ്‍ ഷൂരി പ്രധാനമായും വാദമുന്നയിച്ചത്.
കോടതിയുടെ പിഴവുള്ള ഓരോ വിധിയിലും സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുണ്ട്. കോടതി സര്‍ക്കാരിനെ വിശ്വസിച്ചു. എന്നാല്‍ സര്‍ക്കാര്‍ ആ വിശ്വാസത്തെ അപമാനിച്ചു. സര്‍ക്കാര്‍ വിവരങ്ങളാണ് കോടതി വിധിയെ മൊത്തം തെറ്റിച്ചു കളഞ്ഞത്. സര്‍ക്കാര്‍ കോടതിയുടെ വിശ്വാസത്തെ വഞ്ചിക്കുകയായിരുന്നുവെന്നും അരുണ്‍ ഷൂരി പറഞ്ഞു.
ഏറ്റുമുട്ടി കോടതിയും കേന്ദ്രവും
പ്രതിരോധ കരാര്‍ ഇങ്ങനെ കോടതിയില്‍ പരിശോധിക്കപ്പെടുന്നത് ഇവിടെയല്ലാതെ ലോകത്തൊരിടത്തും നടത്താത്ത കാര്യമാണെന്ന് വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ഇത് പ്രതിരോധ കരാറാണ്. അതങ്ങനെയൊന്നും കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പറ്റില്ലെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.
വാദത്തിനിടെ കോടതി നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രതിരോധ ഇടപാടിലെ വിലവിവരങ്ങള്‍ പൊതുമണ്ഡലത്തില്‍ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.
പരാതിയില്‍ ലളിതകുമാരി വിധിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനും പറ്റില്ലെയെന്ന് ഈ ഘട്ടത്തില്‍ ബെഞ്ചിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കെ.എം ജോസഫ് തിരിച്ചു ചോദിച്ചു. നേരത്തെയുണ്ടായ കരാറിലെപ്പോലെ സാങ്കേതിക വിദ്യാ കൈമാറ്റം ഇവിടെ എന്തുകൊണ്ട് ഉണ്ടായില്ലെന്നും കെ.എം ജോസഫ് ചോദിച്ചു.
ഇതിന്റെ സാങ്കേതിക വശങ്ങള്‍ കോടതിയ്ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. ഇത് ദേശസുരക്ഷയുടെ വിഷയമാണ്.
ലോകത്തെ മറ്റൊരു കോടതിയിലും ഇത്തരത്തിലൊരു വാദം നടക്കില്ല. സോവറില്‍ ഗ്യാരണ്ടി ഇല്ലാതായത് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോള്‍ റഷ്യയുമായും യു.എസുമായുമുള്ള കരാറിലും ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.
ഇതിനെയെല്ലാം ചര്‍ച്ചാ സമിതി അംഗങ്ങള്‍ എതിര്‍ത്തതിനെത്തുറിച്ചുള്ള ജസ്റ്റിസ് കെ.എം ജോസഫിന്റെ ചോദ്യത്തിന് എതിര്‍പ്പുന്നയിച്ച മൂന്നംഗങ്ങളും ഇക്കാര്യം പരിശോധിക്കുകയും അന്തിമമായി കരാറിനെ അംഗീകരിക്കുകയുമാണ് ചെയ്തതെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ അവരുടെ സമ്മതം കോടതിയില്‍ എത്തിക്കാമോ എന്നായി കെ.എം ജോസഫിന്റെ മറുചോദ്യം. അതെല്ലാം കോടതിയുടെ പരിധിക്കപ്പുറത്തു വരുന്ന കാര്യമാണെന്നും എന്നാല്‍ നിര്‍ബന്ധമാണെങ്കില്‍ എത്തിക്കാമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."