ആറളം പുഴയില്‍ വെള്ളം ഉയര്‍ന്നത് ഉരുള്‍പൊട്ടലിലല്ലെന്ന് നിഗമനം
ഇരിട്ടി: ജനങ്ങളെ ഭീതിയിലാക്കി ഞായറാഴ്ച ആറളം മേഖലയിലെ പുഴകളില്‍ ജലവിതാനം ഉയരാന്‍ കാരണം ഉരുള്‍പൊട്ടലല്ലെന്ന് പ്രാഥമിക നിഗമനം. കര്‍ണാടക വനത്തിലും ആറളം വന്യജീവി സങ്കേതത്തിന്റെ വൃഷ്ടിപ്രദേശങ്ങളിലും പെട്ടെന്നുണ്ടായ കനത്ത മഴയാണ് ചീങ്കണ്ണി പുഴയിലും കക്കുവ പുഴയിലും ജലവിതാനം ഉയരാന്‍ കാരണമായത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് ആറളം വനമേഖലകളില്‍ നിന്ന് ഒഴുകിയെത്തുന്ന ചീങ്കണ്ണി പുഴയിലും ഒപ്പം കക്കുവ പുഴയിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നത്. ജനങ്ങളെ കൂടുതല്‍ ഭയപ്പെടുത്തി ആറളത്ത് ഉരുള്‍പൊട്ടിയെന്നായിരുന്നു വാര്‍ത്ത ഉയര്‍ന്നത്. എന്നാല്‍ വനമേഖലയില്‍ മഴ പെട്ടെന്ന് ശമിച്ചതിനാല്‍ പുഴയിലെ വെള്ളം കുറയുകയും ചെയ്തു. ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ വനമേഖലകളിലുള്ള മരങ്ങളും ഒപ്പം ചെളിനിറഞ്ഞ വെള്ളവുമാണ് ഒഴുകിയെത്തുക. എന്നാല്‍ മഴപെയ്തപ്പോള്‍ ഉണ്ടായ അല്‍പം കലങ്ങിയ വെള്ളം മാത്രമാണ് പുഴയില്‍ ഞായറാഴ്ച ഒഴുകിയെത്തിയത്. വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."