എഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍: ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം നേതാക്കള്‍ക്കിടയിലെ വാക്‌പോരിന്റെ പരകോടിയില്‍ നില്‍ക്കവെ ഡല്‍ഹിയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ്-14, ഹരിയാന-10, പശ്ചിമബംഗാള്‍-8, ബിഹാര്‍-8, മധ്യപ്രദേശ്-8, ഡല്‍ഹി-7, ജാര്‍ഖണ്ഡ്-4 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 10,17,82472 വോട്ടര്‍മാരാണ് ആറാംഘട്ടത്തിലുള്ളത്. 979 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തിലുള്ളത്. ഇതോടെ ആകെയുള്ള 543 മണ്ഡലങ്ങളില്‍ 482 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവും.
ബിഹാര്‍, ഹിമാചല്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ ഛണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. ഉത്തര്‍പ്രദേശില്‍ അവസാനത്തെ രണ്ടു ഘട്ടങ്ങളിലായി 27 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. പ്രിയങ്കാ ഗാന്ധിക്ക് ചുമതയുളള കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് അവസാന രണ്ടു ഘട്ടങ്ങളിലെ മണ്ഡലങ്ങളുമുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് ഈ മേഖലയില്‍ നിന്ന് ശോഷിച്ചു പോയിരുന്നു. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള മികച്ച അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്.
ഈ മേഖലയില്‍ സ്ഥാനാര്‍ഥികളെ പരിഗണിച്ചപ്പോള്‍ ജാതി പരിഗണന നല്‍കിയില്ലെന്ന വിമര്‍ശനം ബി.ജെ.പിക്കെതിരായുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ദലിതുകള്‍, ജാദവുകള്‍, ഗുജ്ജറുകള്‍, മുസ്്‌ലിംകള്‍ എന്നിവരാണ് പ്രബല വിഭാഗം, മധ്യ ഉത്തര്‍പ്രദേശില്‍ ലോധികള്‍, കുര്‍മികള്‍ തുടങ്ങിയ ഒ.ബി.സി വിഭാഗങ്ങള്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശ് ഒരിക്കല്‍ കോണ്‍ഗ്രസ് വോട്ടു ചെയ്തിരുന്ന ബ്രാഹ്്മണരുടെ ശക്തികേന്ദ്രമാണ്. ഈ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയത് തിരികെക്കൊണ്ടുവരികയെന്ന ദൗത്യമാണ് പ്രിയങ്ക ഏറ്റെടുത്തിരിക്കുന്നത്. എട്ടു സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് കടുത്ത മത്സരമാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."