കാഞ്ഞങ്ങാടും പരിസരത്തുമായി ആറു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടും പരിസരത്തുമായി ആറുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല ആരോഗ്യ വിഭാഗം. ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം 13 പേര്‍ക്ക് പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട് . അതിലാണ് ആറുപേര്‍ക്ക് സ്ഥിരീകരിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 'സുപ്രഭാതത്തോ'ട് പറഞ്ഞു. സ്ഥിരീകരിച്ചതില്‍ കൂടുതലും മലയോര മേഖലയില്‍ പെട്ട പനത്തടി, പാണത്തൂര്‍, കരിന്തളം ഭാഗങ്ങളിലാണ്. കാഞ്ഞങ്ങാട് നഗരസഭാ അതിര്‍ത്തിയില്‍ ഒന്ന് മാത്രമേ ഉള്ളു. ശരാശരി നോക്കിയാല്‍ പ്രളയം ബാധിച്ച സ്ഥലത്തേക്കാള്‍ ഈ രോഗബാധ കണ്ടെത്തല്‍ കുറവാണെന്നും ഡി.എം.ഒ പറഞ്ഞു.
മഴവെള്ളം ഇറങ്ങുന്നതോടെ വീട് വൃത്തിയാക്കലും മറ്റും ആരംഭിക്കുമ്പോള്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യത ഏറെയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഇത് മുന്നില്‍ കണ്ട് കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
രോഗ ലക്ഷണങ്ങള്‍
ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന , ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചില ആളുകള്‍ക്ക് വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച , വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിന്‍ഭാഗത്തുനിന്നു തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലര്‍ക്ക് രോഗം പിടിപെട്ടു ഒരാഴ്ചയ്ക്കുള്ളില്‍ കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാകുകയും ചെയ്യുന്നുവെന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
മുന്‍കരുതലെടുക്കാം...
കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക, കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക, അത്യാവശ്യമാണെങ്കില്‍ കാലുറകളും കൈയുറകളും ഉപയോഗിക്കുക, വീട്ടിലെ വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രം കലരാതെ നോക്കുക. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം തിളപ്പിച്ചാറ്റി കുടിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യ വിഭാഗം എലിപ്പനി വരാതിരിക്കാന്‍ നല്‍കുന്ന മുന്‍കരുതലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."