അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അറേബ്യന്‍ ഗള്‍ഫില്‍; യുദ്ധ കപ്പല്‍ തകര്‍ക്കാന്‍ തങ്ങളുടെ ഒരു മിസൈല്‍ മതി; ഇറാന്‍ നേതാവ്
റിയാദ്: ഇറാനെതിരെയുള്ള നടപടികളുടെ ഭാഗമായി അമേരിക്ക കൂടുതല്‍ സൈനിക ശക്തി പ്രകടനത്തിനൊരുങ്ങുന്നത് മധ്യേഷയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. അറബ് രാജ്യങ്ങളുടെ സമ്മതത്തോടെ അമേരിക്ക നടത്തുന്ന സൈനിക സജ്ജീകരണ നീക്കങ്ങളാണ് സമാധാന പ്രേമികളെ ആശങ്കയിലാഴ്ത്തുന്നത്. ഏറ്റവും ഒടുവിലായി ഇറാന്‍ ഭാഗത്തു നിന്നുള്ള ഭീഷണികളെ നേരിടാനായി ബി 52 ബോംബര്‍ വിമാനങ്ങള്‍ അറേബ്യന്‍ ഗള്‍ഫില്‍ എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യേഷ്യയിലെ അമേരിക്കയുടെ പ്രധാന വ്യോമ കേന്ദ്രമായ ഖത്തര്‍ എയര്‍ ബേസിലാണ് ബി 52 ബോംബറുകള്‍ എത്തിയതെന്ന് അമേരിക്കന്‍ വ്യോമ സേനയെ ഉദ്ധരിച്ച് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ അല്‍ ഉബൈദ് എയര്‍ ബേസില്‍ ദീര്‍ഘദൂര തന്ത്രപ്രധാനമായ ബോംബര്‍ ഇനത്തില്‍ പെട്ട ബി 52 എച്ച് പോര്‍ വിമാനങ്ങള്‍ എത്തിയ ദൃശ്യങ്ങള്‍ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തു വിടുകയും ചെയ്തു. ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് മധ്യേഷ്യയിലെ നിലവിലെ അമേരിക്കന്‍ സൈനിക സജ്ജീകരണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനാണു പുതിയ യുദ്ധ സജ്ജീകരണങ്ങള്‍ അയച്ചത്
ഇത് കൂടാതെ, മറ്റു ചിലത് തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ അജ്ഞാത സ്ഥലത്തും ലാന്‍ഡ് ചെയ്തതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. നേരത്തെ അമേരിക്കന്‍ സൈന്യം തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ തങ്ങളുടെ താവളമായി യു. എ. ഇയിലെ അല്‍ ദഫ്റ എയര്‍ ബേസ്, അല്‍ ഉബൈദ് എയര്‍ ബേസ് എന്നിവയെന്നാണ് പ്രതിപാദിച്ചിരുന്നത്. ലൂസിയാനയിലെ സെക്കന്‍ഡ് ഓപ്പറേഷന്‍ ഗ്രൂപ്പായ ബോംബ് സ്‌ക്വഡ്രോണ് കേന്ദ്രത്തില്‍ നിന്നാണ് ഇവ എത്തിച്ചത്. ഇറാനെ പ്രതിരോധിക്കാനായി തങ്ങളുടെ അബ്രഹാം ലിങ്കണ്‍ യുദ്ധ വിമാന വാഹിനികള്‍ അറേബ്യന്‍ ഗള്‍ഫിലേക്ക് അയക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച അറേബ്യന്‍ ഗള്‍ഫിലേക്കുള്ള യാത്രയില്‍ സൂയസ് കനാല്‍ കടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം അമേരിക്കയുടെ നാവിക സേന സംവിധാനങ്ങളെ ഒറ്റ മിസൈല്‍ കൊണ്ട് തകര്‍ക്കാനാകുമെന്നു മുതിര്‍ന്ന ഇറാന്‍ നേതാവ് ആയത്തുള്ള യൂസുഫ് തബാത്തബായ് പ്രതികരിച്ചു. വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ രംഗത്തെത്തിയത്. അവരുടെ അബ്രഹാം ലിങ്കണ്‍ യുദ്ധ കപ്പല്‍ തകര്‍ക്കുന്നതിലൂടെ ബില്യണ്‍ ഡോളര്‍ നശിപ്പിക്കാന്‍ ഇറാന് ഒരു മിസൈല്‍ മാത്രം മതി' അദ്ദേഹം ഇസ്ഫഹാന്‍ സിറ്റിയില്‍ നടന്ന ജുമുഅ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയതോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്. പിന്നീട് മെയ് രണ്ടു മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യ പ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, തങ്ങളുടെ എണ്ണകയറ്റുമതി തടഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള മുഴുവന്‍ കപ്പലുകളെയും തടയുമെന്നു ഇറാന്‍ ഭീഷണി മുഴക്കുകയും ഈയൊരു ഘട്ടം വന്നാല്‍ അതിനെതിരെ തിരിച്ചടിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനിടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളടക്കം വന്‍കിട രാജ്യങ്ങളുമായി ഏര്‍പ്പെട്ട ആണവകരാറില്‍ നിന്നും പിന്‍വാങ്ങുന്നതായി ഇറാനും വ്യക്തമാക്കിയിരുന്നു. സാമ്പത്തികമായി തകര്‍ക്കാനായി ഇറാനില്‍ നിന്നുള്ള എണ്ണകയറ്റുമതി ഒന്നുമല്ലാതെയാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതിനിടയില്‍ ഇറാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."