നവകേരള നിര്‍മിതി: സാമ്പത്തിക സമാഹരണ യജ്ഞത്തില്‍ സഹകരിക്കണമെന്ന്
കല്‍പ്പറ്റ: പ്രളയാനന്തര നാടിനെ വീണ്ടെടുക്കാന്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിഭവസമാഹരണ യജ്ഞം നടത്തുമെന്നു തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
നവകേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രധാനമായും സാമ്പത്തിക സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയനാടിന് താങ്ങാവുന്നതിലപ്പുറമാണ് കാലവര്‍ഷക്കെടുതി. എല്ലാ മേഖലകളിലും നാശനഷ്ടമുണ്ടായി. വിവിധ മേഖലകളില്‍ നിന്ന് നിരവധി സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും നാടിന്റെ പുനഃസൃഷ്ടിക്ക് സാമ്പത്തിക സമാഹരണം അത്യന്താപേക്ഷിതമാണ്. വിഭവ സമാഹരണ യജ്ഞത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കാളികളാവണമെന്ന് മന്ത്രി പറഞ്ഞു. വിഭവസമാഹരണത്തിനായി പഞ്ചായത്ത് തലത്തില്‍ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ ആറിന് തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം കലക്ടറേറ്റില്‍ ചേരും. അതത് വാര്‍ഡുകളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സമാഹരണം നടത്തുക. ധനശേഖരണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനകം ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ ആരാധനാലയങ്ങളുടെ ഭാരവാഹികള്‍, വ്യവസായികള്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. വിഭവ സമാഹരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ ലേലം ചെയ്യുന്നത് പരിഗണിക്കും. കാലവര്‍ഷത്തില്‍ അടിഞ്ഞുകൂടിയ മണല്‍ ലേലം ചെയ്യാനുള്ള സാധ്യത പരിശോധിക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."