ഈ വിയര്പ്പ്തുള്ളികള് അതിജീവനത്തിന്റേത്
മാനന്തവാടി: ഇതാ ഇവിടെയൊരു മാതൃകയുണ്ട്...നിരവധി പേര്‍ക്ക് എല്ലാം നഷ്ടപ്പെടുത്തിയ മഹാപ്രളയത്തിന്റെ ദുരിതത്തില്‍ പകച്ചുനില്‍ക്കാതെ അതിജീവനത്തിന് അധ്വാനിക്കുന്ന ഒരു അച്ഛന്റെയും മകന്റെയും നല്ലമാതൃക.
മാനന്തവാടി നഗരസഭ പരിധിയില്‍പ്പെട്ട ഒന്നാം ഡിവിഷന് പഞ്ചാരക്കൊല്ലിയിലെ കോളിമൂല വെള്ളനും മകന് വേണുവുമാണ് അതിജീവനത്തിന് പെടാപാട് പെടുന്നവര്‍ക്ക് ആത്മ വിശ്വാസവും കരുത്തും ഉത്തേജനവുമാകുന്നത്.
കൃഷി നശിച്ചതില്‍ സങ്കടപ്പെട്ട് ഇരിക്കാതെ വീണ്ടും കൃഷി ഇറക്കാനുള്ള ശ്രമത്തിലാണിവര്‍. അതിതീവ്ര മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പ്രളയവും കവര്‍ന്നത് ഇവരുടെ അഞ്ചേക്കര്‍ വയലിലെ വാഴയും ഞാറുമാണ്. മലവെള്ളപ്പാച്ചിലില്‍ കൃഷിഭൂമിയിലാകെ കല്ലും മണ്ണും മണലും കൊണ്ട് നിറഞ്ഞു. ഒരേക്കറെയോളം സ്ഥലത്ത് കൃഷിയിറക്കാനായി തൊണ്ടി വിത്താണ് പാകിയത്. കൂടാതെ നാലേക്കര്‍ സ്ഥലത്ത് വാഴ നടുകയും ഒന്നാം വളം ഇടുകയും ചെയ്തിരുന്നു. ഈ വാഴക്കുള്ളിലെ മണ്ണ് നീക്കം ചെയ്യുന്ന പണിയാണ് ഇവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
മണ്ണ് നീക്കിയില്ലെങ്കില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ സഹായത്തിനൊന്നും കാത്തു നില്ക്കാന് ഇവര്‍ തയാറല്ല.
കാരണം അതിന് കാത്തുനിന്നാല്‍ ഉള്ള കൃഷിയും നശിക്കും. ഇതാണ് അധ്വാനിക്കാന്‍ മനസ് എമ്പാടുമുള്ള ഇവരെ പാടത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്.
മണ്ണിടിഞ്ഞ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമോ എന്ന ആശങ്കമാത്രമാണിവര്ക്കുള്ളത്. അതിജീവനത്തിന് വീണ്ടും മണ്ണിലേക്കിറങ്ങിയ ഇവര്‍ക്ക് ഭരണകൂടത്തിന്റെ കൈത്താങ്ങ് കൂടി ലഭിച്ചാല്‍ കൃഷി നശിച്ച മറ്റു കര്‍ഷകര്‍ക്കും അത് പ്രചോദനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."