HOME
DETAILS
MAL
യു.എസില്‍ കൊവിഡ് മരണം രണ്ടു ലക്ഷം കടന്നു
backup
September 23 2020 | 03:09 AM
ന്യൂയോര്‍ക്ക്: നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.എസില്‍ കൊവിഡ് മരണം രണ്ടു ലക്ഷം കടന്നു. വേള്‍ഡോമീറ്റര്‍ കണക്കു പ്രകാരം രാജ്യത്ത് മഹാമാരിമൂലം ജീവന് നഷ്ടമായവര്‍ ഇന്നലെയോടെ 2,04,515 ആയി. ലോകത്ത് കൊവിഡ് മൂലം മരിക്കുന്നവരില്‍ അഞ്ചിലൊന്ന് യു.എസിലാണ്. മഹാമാരിയുടെ വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടത് ട്രംപിന് വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്.
തിങ്കളാഴ്ച 52,000 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതര്‍ 68 ലക്ഷമായി ഉയര്‍ന്നു. മരിച്ചവരില്‍ 70 ശതമാനത്തിലേറെയും 65 വയസിനു മുകളിലുള്ളവരാണെന്ന് യു.എസിലെ രോഗനിയന്ത്രണ നിവാരണ കേന്ദ്രം അറിയിച്ചു. റോയിട്ടേഴ്സ് വിശകലനമനുസരിച്ച് നിലവില്‍ ദിനേന 800 പേരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ചയിലേതിനെക്കാള്‍ അഞ്ചു ശതമാനം കൂടുതലാണ്.
ഈവര്‍ഷം അവസാനത്തോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 3,78,000 ആയി ഉയരാനിടയുണ്ടെന്നാണ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ ആരോഗ്യവിഭാഗം പ്രവചിക്കുന്നത്. ഡിസംബറോടെ ദിനേനയുള്ള കൊവിഡ് മരണം 3,000 ആയി ഉയരുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ട്രംപിന്റെ പിടിപ്പുകേടു മൂലം രാജ്യത്ത് ആറുമാസമായി നിരവധി പേരുടെ ജീവനാണ് നഷ്ടമായതെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് പറഞ്ഞു. ഈ പ്രതിസന്ധി നേരിടാന്‍ പറ്റിയ പ്രസിഡന്റിനെയാണ് രാജ്യത്തിനാവശ്യം. ലോകത്തെ ഏതു രാജ്യത്തെക്കാളും വലിയ വിലയാണ് അദ്ദേഹത്തിന്റെ പോരായ്മ മൂലം അമേരിക്കന്‍ ജനത നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ബൈഡന് ആരോപിച്ചു.
ലോക ജനസംഖ്യയില്‍ നാലു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. എന്നാല്‍ കൊവിഡ് മരണത്തിന്റെ 20 ശതമാനവും യു.എസിലാണ്. ടെക്സാസ്, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാമാരി മൂലമുള്ള മരണത്തില്‍ രണ്ടാമതുള്ളത് ബ്രസീലാണ്. അവിടെ മരണം 1,37,000 കടന്നിരിക്കുകയാണ്. 88,935 പേര് മരിച്ച ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് 3.04 കോടി പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 9,58,400 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."