എടക്കല്‍ ഗുഹാ പരിസരങ്ങളില്‍ ക്വാറി അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല: മന്ത്രി
അമ്പലവയല്‍: ചരിത്ര വിസ്മയമായ എടക്കല്‍ ഗുഹയുടെ നൈസര്‍ഗികഭാവം സംരക്ഷിക്കപ്പെടണമെന്നും ഗുഹയുടെ പരിസര പ്രദേശങ്ങളില്‍ ക്വാറി അനവദിക്കുന്ന കാര്യം നിലവില്‍ പരിഗണനയില്ലെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
ഇന്നലെ എടക്കല്‍ ഗുഹ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഗുഹയിലേക്ക് കല്ല് അടര്‍ന്ന് വീണിരുന്നു. ഇതിനെ തുടര്‍ന്ന് ഗുഹയിലേക്ക് സഞ്ചാരികളെ കടത്തി വിടുന്നത് താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എടക്കല്‍ ഗുഹയിലെത്തിയത്.
ഗുഹാചിത്രങ്ങള്‍ ചരിത്ര സ്പന്ദനങ്ങളാണ്. തലമുറകളില്‍ ചരിത്രാവബോധം സൃഷ്ടിക്കാന്‍ ഇവ സംരക്ഷിക്കപ്പെടണം.
നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ഗുഹ പരിശോധിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സഞ്ചാരികളെ പ്രവേശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ ഡയരക്ടര്‍ ജെ. രജികുമാര്‍, ആര്‍ക്കിയോളജി കണ്‍സര്‍വേറ്റിവ് എഞ്ചിനിയര്‍ എസ്. ഭൂവേഷ് ,ചരിത്ര ഗവേഷകന്‍ എം.ആര്‍ രാഘവ വാര്യര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം ജയമുരളി, ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ്, എടക്കല്‍ ഡി.എം.സി മാനേജര്‍ പ്രവീണ്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."