HOME
DETAILS
MAL
യു.പി.എസ്.എ: കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കിയ ഉദ്യോഗാര്‍ഥികളും പടിക്കുപുറത്ത്
backup
September 23 2020 | 05:09 AM
കുറ്റിപ്പുറം: ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷകള്‍ കാണാതായതിനു പിന്നാലെ കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കിയിട്ടും പരീക്ഷ എഴുതാന്‍ കഴിയാതെ ഉദ്യോഗാര്‍ഥികള്‍. 2020 നവംബര്‍ ഏഴിന് പി.എസ്.സി നടത്തുന്ന യു.പി.എസ്.എ പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ മെസേജിനെ സംബന്ധിച്ചാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ പൊന്നാനി വെളിയങ്കോട് സ്വദേശിനിയായ പി.പി ഹന്നത്ത് പരീക്ഷയ്ക്കുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പടിക്ക് പുറത്തായി. ജനുവരി 31 നാണ് കാസര്‍കോട് ജില്ലയിലെ യു.പി.എസ്.എയുടെ അധ്യാപക ഒഴിവിലേക്ക് ഹന്നത്ത് അപേക്ഷ നല്‍കിയത്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 11 വരെ കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കാനുളള അറിയിപ്പും ലഭിച്ചു. ഓഗസ്റ്റ് 28ന് കണ്‍ഫര്‍മേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 11 ന് ശേഷം ഹന്നത്തിന്റെ പ്രൊഫൈലില്‍ പി.എസ്.സിയില്‍ നിന്നും ലഭിച്ചതാകട്ടെ കൃത്യസമയത്ത് കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കാത്തത് കൊണ്ടു പുറത്തായി എന്ന വിവരമാണ്. അധ്യാപികയായ ഹന്നത്തിന് യു.പി സ്‌കൂള്‍ അധ്യാപക പരീക്ഷ എഴുതാനുളള അവസാന വട്ട അവസരമാണ് നഷ്ടമാകുന്നത്. 39 വയസ് പിന്നിടുന്ന ഇവര്‍ക്ക് പ്രായപരിധി കാരണം ഇനി പി.എസ്.സി പരീക്ഷകള്‍ എഴുതാന്‍ കഴിയില്ല.
കൊളപ്പുറം സ്വദേശിനിയായ ഫാത്തിമയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാനുളള ഒ.ടി.പി കിട്ടാത്തതിനാല്‍ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി. ഇതു സംബന്ധിച്ച് നിരവധി തവണ പി.എസ്.സി അധികൃതരോട് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഫാത്തിമ പറയുന്നു.
പ്രവാസികളായ ഉദ്യോഗാര്‍ഥികളും ആശങ്കയില്‍
കുറ്റിപ്പുറം: എല്‍.പി, യു.പി അധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കിയ പ്രവാസികളായ ഉദ്യോഗാര്‍ഥികളും ആശങ്കയില്‍. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വിസുകള്‍ ഇല്ലാത്തതും ക്വാറന്റൈനില്‍ കഴിയണമെന്നതുമാണ് വിദേശ രാജ്യങ്ങളിലുള്ള അപേക്ഷകരെ ആശങ്കപ്പെടുത്തുന്നത്. നവംബര്‍ ഏഴിന് നടക്കുന്ന യു.പി.എസ്.എ പരീക്ഷക്കാണ് കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയിട്ടുളളത്. പരീക്ഷ എഴുതാനായി നാട്ടില്‍ എത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും തിരിച്ച് ജോലി സ്ഥലങ്ങളില്‍ എത്തിയാല്‍ അവിടെയും ക്വാറന്റൈനില്‍ ഇരിക്കണമെന്നതും ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. പലര്‍ക്കും അവസാന അവസരമാണ് ഈ പരീക്ഷ.
നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷത്തിലേറെയുണ്ടായിരിക്കെ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍ അടക്കമുള്ളവരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലെയും മാലദ്വീപിലെയും അധ്യാപകരെയാണ് നിലവിലെ പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."