വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
മാനന്തവാടി: മാനന്തവാടി കൊയിലേരി താന്നിക്കല്‍ മുയല്‍ക്കുന്ന് രുഗ്മിണി(55)യുടെ മരണം കൊലപാതകമാണെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചന്ദ്രനെ(65) മാനന്തവാടി അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട് വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മദ്യലഹരിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ചന്ദ്രന്‍ രുഗ്മിണിയെ വിറക് കൊണ്ട് തലക്കടിക്കുകയും ഇതേ തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് പൊലിസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ രുഗ്മിണിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് ചന്ദ്രന്‍ പൊലിസിനോട് പറഞ്ഞത്. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ചന്ദ്രനും, രുഗ്മിണിയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവരുന്നത്. സംഭവസമയത്ത് മകന്‍ സ്ഥലത്തില്ലായിരുന്നു. മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യലഹരിയില്‍ ചന്ദ്രനും രുഗ്മിണിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചന്ദ്രന്‍ മുറ്റത്തുണ്ടായിരുന്ന വിറക് കൊള്ളിയെടുത്ത് രുഗ്മിണിയുടെ തലക്കടിക്കുകയുമായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. തുടര്‍ന്ന് ഇന്നലെ ചന്ദ്രനെ കൃത്യം നടന്ന വീട്ടിലെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. പ്രതിയെ വൈകുന്നേരത്തോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രുഗ്മിണിയുടെ മരണത്തില്‍ സംശയം തോന്നിയ പൊലിസ് വെള്ളിയാഴ്ച രാവിലെതന്നെ ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പൊലിസ് കസ്റ്റഡിയിലാണ് രുഗ്മിണിയുടെ മൃതദേഹം കാണാനും ചന്ദ്രനെ എത്തിച്ചത്. ഇന്നലെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് പൊലിസ് വീണ്ടും തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ തലക്കടിക്കാന്‍ ഉപയോഗിച്ച വിറക് കഷ്ണം കണ്ടെടുക്കാനായില്ല. പയ്യമ്പള്ളി കനറാ ബാങ്ക് ശാഖയിലെ മുന്‍ മാനേജരാണ് ചന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."