ഉള്ളിച്ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച വീട്ടിത്തടികളുമായി രണ്ടുപേര്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍നിന്ന് അനധികൃതമായി സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച വീട്ടിത്തടികള്‍ മുത്തങ്ങ ചെക്പോസ്റ്റില്‍ പിടികൂടി. മുത്തങ്ങ എക്സൈസ് സി.ഐ ടി.എം മജുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലവരുന്ന വീട്ടിത്തടികള്‍ പിടികൂടിയത്. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയും വാഹന ഡ്രൈവറുമായ സിയാദ് (33), വാഹന ഉടമയായ മൈസൂരു സ്വദേശി യഹ്യ(42) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ലോറിയില്‍ ഉള്ളിച്ചാക്കുകള്ക്കടിയിലായാണ് വീട്ടിത്തടികള്‍ വച്ചിരുന്നത്. തൃശൂരിലേക്കാണ് തടികള്‍ കൊണ്ടു പോകുന്നതെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. വീട്ടിത്തടികളും പിടിയിലായവരെയും പിന്നീട് വനംവകുപ്പിന് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ്, പ്രകാശന്, അബ്ദുള്‍ അസീസ്, സി.ഇ.ഒ ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് വീട്ടിത്തടികളുമായെത്തിയ വാഹനവും പ്രതികളെയും പിടികൂടിയത്. പിടികൂടിയ 4.5 ക്യൂബിക് മീറ്റര്‍ തടികള്‍ക്ക് ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുമെന്നും വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."