രോഹിത് തിളങ്ങി; കൊല്‍ക്കത്തയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം
അബൂദബി: നായകന് രോഹിത് ശര്‍മ ഫോമിലേക്ക് ഉയര്‍ന്നതോടെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 195 റണ്‍സെടുത്തു. 54 പന്തില്‍ 80 റണ്‍സെടുത്താണ് രോഹിത് ടീമിന്റെ ചുമതല ഏറ്റെടുത്തത്. മൂന്ന് ഫോറും ആറ് സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. 47 റണ്‍സുമായി സൂര്യ കുമാര്‍ യാദവ് മികച്ച സംഭാവന നല്കി.
ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരേ ഇറങ്ങിയ അതേ ടീമിനെയാണ് മുംബൈ കളത്തിലിറക്കിയത്. തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ് സ്കോറര്‍ ക്വിന്റണ്‍ ഡി കോക്കിനെ(1) മുംബൈക്ക് നഷ്ടമായി. അരങ്ങേറ്റം കുറിച്ച യുവതാരം ശിവം മാവിയാണ് ഡി കോക്കിനെ നായിക്കിന്റെ കൈകളിലെത്തിച്ച് മടക്കിയത്. തുടര്‍ന്ന് ചേര്‍ന്ന രോഹിത്- സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ് ടീമിന് മികച്ച അടിത്തറ പാകിയത്. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 9.4 ഓവറില്‍ 90 റണ്‍സ്. ടീമിനെ മുന്നോട്ട് നയിക്കവേ 28 പന്തില്‍ 47 റണ്‍സെടുത്ത സൂര്യകുമാറിന് പക്ഷേ റണ്ണൗട്ടിലൂടെ ബാറ്റ് നിലത്ത് വെക്കേണ്ടി വന്നു. പക്ഷേ, തളരാതെ ടീമിനെ നയിച്ച രോഹിത് 18ാം ഓവറിലാണ് ക്രീസ് വിട്ടത്. സൗരഭ് തിവാരി (13 പന്തില്‍ 21), ഹര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 18), പൊള്ളാര്‍ഡ് (7 പന്തില്‍ പുറത്താവാതെ 13) എന്നിവരാണ് ഇറങ്ങിയ മറ്റു ബാറ്റ്സ്മാന്മാര്. കൊല്‍ക്കത്തയ്ക്കു വേണ്ടി ശിവം മാവി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുനില്‍ നരൈനും റസ്സലും ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."