ഗാസയിലെ സയണിസ്റ്റ് കൂട്ടക്കുരുതിയും യാങ്കികളുടെ ഒത്താശയും
ഫലസ്തീന്‍ ജനതയുടെ വിമോചനപ്പോരാട്ടമാരംഭിച്ചിട്ട് അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഫലസ്തീന്‍ ജനതയുടെ ദേശീയവികാരത്തിന്റെ സാക്ഷാത്കാരമായിരുന്നു 1966ലെ ഫലസ്തീന്‍ വിമോചന സേനയുടെ (പി.എല്‍.ഒ) രൂപീകണം. അന്നുമുതല്‍ ഫലസ്തീനെതിരേ ഇസ്‌റാഈലിന്റെ പകനിറഞ്ഞ പ്രതികരണങ്ങളുണ്ടായി.
ഒരു ദേശീയതയുടെ സ്വാതന്ത്ര്യദാഹത്തെയും സ്വയംഭരണാവകാശ മോഹത്തെയും ഏറെക്കാലം മറ്റുള്ളവര്‍ക്കു തടുത്തുനിര്‍ത്താനാവില്ലെന്നതിന്റെ തെളിവാണു ഫലസ്തീന്‍ രാജ്യത്തിന്റെ രൂപീകരണം. ലോകത്തിന് അതിനെ അംഗീകരിക്കേണ്ടിവരും. 80 രാജ്യങ്ങള്‍ ആദ്യകാലത്തു തന്നെ ഫലസ്തീനെ അംഗീകരിച്ചുവെന്നോര്‍ക്കുക. ആദ്യം ആ രാജ്യത്തെ അംഗീകരിച്ച രാജ്യമെന്നതില്‍ ഇന്ത്യക്ക്് അഭിമാനിക്കാവുന്നതാണ്.
2005ല്‍ ഗാസയില്‍ നിന്നു ഇസ്‌റാഈല്‍ പട്ടാളം പിന്‍വാങ്ങിയതാണ്. ഗാസയെ ഫലസ്തീന്റെ ഭാഗമായി ഇസ്‌റാഈല്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍, ഇപ്പോള്‍ നിലപാടു മാറ്റുകയാണ് ഇസ്‌റാഈല്‍. അതിന് അമേരിക്കയുടെ ഒത്താശയുമുണ്ട്. അതിന്റെ തെളിവാണ് ഇപ്പോള്‍ നടന്ന മനുഷ്യത്വരഹിതമായ സയണിസ്റ്റ് ആക്രമണങ്ങളും ഹീനമായ ആ മനുഷ്യക്കുരുതികള്‍ക്കു യാങ്കി നേതൃത്വം നല്‍കുന്ന ഒത്താശയും. യാങ്കി പിന്തുണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സയണിസ്റ്റ് പട്ടാളം ഗാസയില്‍ ബോംബ് വര്‍ഷവും കൂട്ടക്കുരുതികളും നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഗാസയില്‍ സമാധാനപരമായി നടന്ന ജനകീയപ്രക്ഷോഭത്തിനു നേരേ ഇസ്‌റാഈല്‍ സൈന്യം നടത്തിയ കിരാതമായ ആക്രമണത്തിനുശേഷമാണ് അവിടെ സംഘര്‍ഷം ഉടലെടുത്തത്. ഇസ്‌റാഈല്‍ സൈന്യത്തിനു നേരേ ഗാസയിലെ സായുധസേന തുടര്‍ച്ചയായ റോക്കറ്റാക്രമണം നടത്തിയെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. അതിനു മറുപടിയായി ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. റോക്കാറ്റാക്രമണത്തില്‍ നാല് ഇസ്‌റാഈല്‍ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം വെടിനിര്‍ത്തലുണ്ടായെന്നു വാര്‍ത്തയുണ്ടെങ്കിലും ഇസ്‌റാഈല്‍ സൈന്യത്തിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഗാസയിലെ സ്ഥിതിയിപ്പോള്‍ ശാന്തമാണെന്നും അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തേ സ്തംഭനാവസ്ഥയിലായിരുന്ന തെക്കന്‍ ഇസ്‌റാഈലിന്റെ സാമൂഹ്യസാഹചര്യം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്. അഷ്‌കലോണിലെയും ബീര്‍ഷെബയിലെയും നിര്‍ത്തിവച്ച റെയില്‍, ബസ് സര്‍വിസുകളും പുനരാരംഭിച്ചിട്ടുണ്ട്.
20 ലക്ഷത്തിലധികം ജനം ജീവിക്കുന്ന ഗാസ സംഘര്‍ഷാവസ്ഥ കാരണം വര്‍ഷങ്ങളായി വിദേശസഹായങ്ങളും വിഭവങ്ങളും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. ഹമാസിന് ആയുധങ്ങള്‍ തടയുകമാത്രമാണു തങ്ങള്‍ ചെയ്യുന്നതെന്നാണ് ഇസ്‌റാഈലിന്റെ വാദം. ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ പ്രതിരോധം തീര്‍ക്കുമെന്നു ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീന്റെ പ്രതിരോധം അതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് ഇസ്‌ലാമിക് ജിഹാദും വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സയണിസ്റ്റ് ഭരണകൂടം ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്നത്. സയണിസ്റ്റ് ഭരണകൂടത്തിന് അമേരിക്കന്‍ യാങ്കികള്‍ നല്‍കുന്ന പിന്തുണ വീണ്ടും പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും ഇടനല്‍കിയേക്കുമെന്ന സൂചന കൂടിയാണു ഗാസയിലെ പുതിയ ഈ സംഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."