ജനപ്രതീക്ഷ തകര്‍ക്കുന്ന അധികാരമോഹികള്‍
ദിവസങ്ങള്‍ക്കകം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഹിതപരിശോധനയുടെ ഫലമറിയാം. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ചാലകശക്തി പകരുന്ന ദേശീയപാര്‍ട്ടികള്‍ ഒന്നടങ്കവും പ്രാദേശികകക്ഷികളില്‍ മിക്കവയും സംഘ്പരിവാറിനെതിരേ ഒന്നിക്കാനുള്ള അവസാനത്തെ അവസരവും നഷ്ടപ്പെടുത്തിയ പോരാട്ടത്തിന്റെ ഫലമായിരിക്കുമോ മെയ് 23ന് പുറത്തുവരാനിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരുന്നു. അങ്ങനെ ആശങ്കപ്പെടാനേ ജനാധിപത്യ വിശ്വാസികള്‍ക്കു കഴിയുന്നുള്ളൂ.
2014 ലെ തെരഞ്ഞെടുപ്പില്‍നിന്ന് പാഠമുള്‍ക്കൊണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിനെ യോജിച്ചു നേരിടാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വലിയ തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. പോയവര്‍ഷം കൊല്‍ക്കത്തയിലും ഡല്‍ഹിയിലും പ്രതിപക്ഷനേതാക്കളുടെ വിശാലയോഗങ്ങള്‍ നടത്തി. പാര്‍ലമെന്റിനകത്തും പുറത്തും പലഘട്ടങ്ങളില്‍ ഒന്നിച്ചിരുന്നു തന്ത്രം മെനഞ്ഞു. മുമ്പത്തെപ്പോലെ ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷമായിരിക്കില്ല മോദിയെ നേരിടുകയെന്ന വീമ്പുപറച്ചിലും കാമറക്കണ്ണുകള്‍ക്കു മുന്നില്‍ നടത്തി. തെരഞ്ഞെടുപ്പിനുമുന്‍പ് ധാരണ, തെരഞ്ഞെടുപ്പിനുശേഷം സഖ്യം എന്നൊരു ആശയവും രാഷ്ട്രീയാന്തരീക്ഷത്തിലുണ്ടായിരുന്നു.
ഇതെല്ലാം കണ്ടും കേട്ടും നിന്ന പൗരന്മാര്‍ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുമെന്നും ഇന്ത്യയുടെ ഭാവിയില്‍ ആശങ്ക വേണ്ടെന്നും വിശ്വസിച്ചു. രാജ്യരക്ഷ പ്രധാനമായി കരുതുന്ന ഏതു പൗരനും ആശിച്ചു പോകുന്ന കാര്യമാണത്. എന്നാല്‍, അവസാനഘട്ട വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും മിക്ക സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യമോ ധാരണയോ ഉണ്ടായിട്ടില്ലെന്നതാണു സത്യം. അതിനപ്പുറം, ഭിന്നത മുന്‍പത്തേക്കാള്‍ ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു.
എന്തു കൊണ്ടിങ്ങനെയെന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരം ഇതുമാത്രമാണ്, രാജ്യരക്ഷയെക്കുറിച്ചു ജനങ്ങള്‍ക്കുള്ള ആശങ്കയോ ഭീതിയോ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാര്‍ക്കില്ല. അവര്‍ക്കു പ്രധാനം അധികാരവും പ്രാമാണിത്തങ്ങളും തന്നെ. അവ ബലികഴിച്ചു കൊണ്ടുള്ള രാജ്യനന്മയില്‍ അവര്‍ക്കു താല്‍പര്യമില്ല. അതിനായുള്ള കൂട്ടായ്മയും മുന്നേറ്റവും ഇച്ഛാശക്തിയും അവരില്‍നിന്ന് പ്രതീക്ഷിക്കുന്നതു വെറുതേ.
രാജ്യതലസ്ഥാനത്തെ കാര്യം തന്നെ നോക്കുക. പ്രിയങ്കാഗാന്ധി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്തുന്നതിനെ സമയം പാഴാക്കലെന്നാണു ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പരിഹസിച്ചത്. രാജ്യം സങ്കീര്‍ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഘട്ടത്തിലും പ്രതിപക്ഷം പരസ്പരം പോരാടുന്നതിന് ഉത്തമോദാഹരണമാണ് ഡല്‍ഹിയിലെ മുക്കോണ മത്സരം. സംഘ്പരിവാര്‍ അതു പരമാവധി പ്രയോജനപ്പെടുത്തുന്നു. അവര്‍ ശ്രമിച്ചില്ലെങ്കിലും അവര്‍ക്കു നേട്ടം കിട്ടുന്നു.
ബി.ജെ.പിയെ അകറ്റാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒന്നിച്ചു മത്സരിക്കാന്‍ തയാറാകുമെന്നായിരുന്നു ജനാധിപത്യവിശ്വാസികള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും. മാധ്യമങ്ങള്‍ പറയുന്നതു വിശ്വസിക്കാമെങ്കില്‍, കോണ്‍ഗ്രസിന്റെ ഡല്‍ഹി സുല്‍ത്താന എന്ന വിളിപ്പേരുള്ള ഷീലാദീക്ഷിത്തിന്റെ പിടിവാശി മൂലമാണ് അതു നടക്കാതെ പോയത്. ആം ആദ്മി പാര്‍ട്ടിയുടെ ഭാഗത്തും തെറ്റുണ്ട്. തങ്ങളുടെ നിക്ഷിപ്തതാല്‍പര്യം സംരക്ഷിക്കപ്പെട്ടാലേ സഖ്യത്തിനുള്ളൂവെന്ന നിലപാട് അവരെടുത്തു.
ഡല്‍ഹിയില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും വേണം സഖ്യമെന്നായിരുന്നു അവരുടെ ദുര്‍വാശി. നേരത്തേ ധാരണയായപോലെ മുമ്മൂന്നു സീറ്റില്‍ എ.എ.പിയും കോണ്‍ഗ്രസും ഒന്നില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയുമായിരുന്നെങ്കില്‍ ഡല്‍ഹി തൂത്തുവാരാമായിരുന്നു. പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലും അതുവഴി സഖ്യം രൂപപ്പെടുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച ആം ആദ്മി പാര്‍ട്ടിയോട് അടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഭിമാനം സമ്മതിച്ചില്ല.
സമാനമായ കാര്യങ്ങളാണു മറ്റു സംസ്ഥാനങ്ങളിലും സംഭവിച്ചത്. രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്ന തിരിച്ചറിവുണ്ടായി അതിനൊത്തു പ്രവര്‍ത്തിക്കുന്നതിനു പകരം ദുരഭിമാനവും അധികാരദുര്‍മോഹവും പ്രതിപക്ഷത്തെ അന്ധരാക്കി. ആ കൂട്ടക്കുരുടതയുടെ ഫലം ബി.ജെ.പിക്ക് അനുകൂലമാകുമെന്നതില്‍ സംശയമില്ല.
എന്നാല്‍, ജനം ഇപ്പോഴും പ്രതിപക്ഷത്തില്‍ വിശ്വസിക്കുകയാണ്. 2014 ലുണ്ടായ മോദീതരംഗം അസ്തമിച്ചെന്നും ഇന്ത്യന്‍ ജനമനസ് ഇന്നു പ്രതിപക്ഷത്തിനൊപ്പമാണെന്നും അതിനാല്‍ ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താനാകില്ലെന്നും ജനം ആശ്വസിക്കുന്നു. പ്രതിപക്ഷം രാഷ്ട്രീയപക്വത പ്രകടിപ്പിക്കാത്തതിനാല്‍ വോട്ടുകള്‍ ശിഥിലമാകുമെന്ന ഭീതി അലട്ടുമ്പോഴും ജനം പ്രതീക്ഷയര്‍പ്പിക്കുന്നത് ബി.ജെ.പിക്കും മോദിക്കുമെതിരേ കീഴ്ത്തട്ടില്‍ രൂപപ്പെട്ടു കഴിഞ്ഞ പ്രതിരോധത്തിലാണ്.
2014 ലെപ്പോലെ തരംഗത്തിലൂടെ വോട്ട്‌കേന്ദ്രീകരണം നടത്തി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നതു മിഥ്യയാണ്. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി തന്നെ അക്കാര്യം സമ്മതിച്ചു കഴിഞ്ഞു. മോദിയുടെ ഏകാധിപത്യത്തിനും ബി.ജെ.പി ഭരണത്തിനും തുടര്‍ച്ചയുണ്ടാകുമെന്നു സംഘ്പരിവാറിന്റെ അജന്‍ഡ നിര്‍ണയിക്കുന്ന ആര്‍.എസ്.എസ് പോലും വിശ്വസിക്കുന്നില്ല.
ഇങ്ങനെ അവസരം പ്രതിപക്ഷത്തിന്റെ ഉള്ളംകൈയിലെത്തിയിട്ടും അവര്‍ക്കിടയില്‍ സഖ്യമോ ഐക്യമോ ഫലപ്രദമാകാത്തത് ജനങ്ങളെ നൊമ്പരപ്പെടുത്തുന്നുമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ജനങ്ങള്‍ മോദിയുടെ വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞു, വര്‍ഗീയ കാര്‍ഡുകള്‍ കണ്ടറിഞ്ഞു. അതിനാല്‍ ഇതുവരെ നേരിട്ട ദുരന്തങ്ങളില്‍നിന്ന് മുക്തി പ്രതീക്ഷിച്ചു കഴിയുകയാണവര്‍. എന്നിട്ടും, പ്രതിപക്ഷപാര്‍ട്ടികള്‍ ധാരണയോടെ പ്രവര്‍ത്തിച്ച് അവസരം മുതലെടുത്തില്ലെന്നതാകും മെയ് 23നു ശേഷം ജനങ്ങളെ നിരാശരാക്കുക.
എന്‍.ഡി.എക്കു മോദി മാത്രമാണു പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രതിപക്ഷത്താകട്ടെ, ചെറുകക്ഷികളുടെ നേതാക്കന്മാര്‍ക്കുപോലും തരംകിട്ടിയാല്‍ ഡല്‍ഹിയിലെ അധികാരക്കസേരകളില്‍ ഏറ്റവും മുഖ്യമായതിലാണു കണ്ണ്. തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകം 80 സീറ്റുള്ള ഉത്തര്‍പ്രദേശാണ്. യു.പി രണ്ടു തവണ തൂത്തുവാരിയ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇത്തവണ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാലസഖ്യമാണു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസിനെ അടുപ്പിക്കാന്‍ മായാവതി തയാറായില്ല. പകരം, എസ്.പിയുമായി സഖ്യം പ്രഖ്യാപിച്ചു കോണ്‍ഗ്രസ് സഖ്യത്തിനുള്ള വാതില്‍ കൊട്ടിയടച്ചു. അതിനു പിന്നിലെ താല്‍പര്യം പ്രധാനമന്ത്രിക്കസേരയിലേക്കുള്ള കുറുക്കുവഴി കൂടിയായിരുന്നു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അടിപതറുമെന്നാണു റിപ്പോര്‍ട്ടുകള്‍. ആദിത്യനാഥ് സര്‍ക്കാരിനെതിരായ ജനവികാരം, ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകളോടുള്ള വിരക്തി, എസ്.പി- ബി.എസ്.പി കൂട്ടുകെട്ടിലെ പ്രതീക്ഷ എന്നിവയെല്ലാം ജനങ്ങളുടെ വിധിയെഴുത്തിനെ ബാധിക്കുമെന്നാണു കണക്കുകള്‍. രാഹുലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യയൊന്നാകെ പ്രതിഫലിച്ചപ്പോള്‍ പ്രിയങ്കയുടെ അങ്കപ്രവേശം യു.പിയിലാണ് ഏറ്റവും സ്വാധീനമുണ്ടാക്കിയത്. അതും ബി.ജെ.പിക്കു ദോഷം ചെയ്യും.
ഉത്തര്‍പ്രദേശില്‍ നിലവില്‍ 71 എം.പിമാരാണു ബി.ജെ.പിക്കുള്ളത്. അതു മുപ്പതില്‍ താഴെയാകുമെന്നാണു വിലയിരുത്തല്‍. ഇവിടെ കുറവുവരുന്ന 40 സീറ്റുകളുടെ നഷ്ടം എങ്ങനെ നികത്തുമെന്നതാണു ബി.ജെ.പി നേരിടുന്ന പ്രശ്‌നം. ത്രികോണ മത്സരങ്ങളും ചതുഷ്‌ക്കോണ മത്സരങ്ങളും നടക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് അതു തിരിച്ചു പിടിക്കാനാകുമെന്നു ബി.ജെ.പി കരുതുന്നു. പ്രതിപക്ഷ ഭിന്നത ഇങ്ങനെയാണു ബി.ജെ.പിക്കു ഗുണമായി മാറുന്നത്.
നോട്ട് നിരോധനം, ജി.എസ്.ടി, ഗോരക്ഷകരുടെ അഴിഞ്ഞാട്ടം എന്നിവയൊക്കെ മുന്‍പ് മോദിയെ അനുകൂലിച്ച ജനങ്ങളെ പോലും ബി.ജെ.പി വിരുദ്ധരാക്കിയിട്ടുണ്ട്. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍ എന്നിവരൊക്കെ ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്നവരാണ്. സൈനികശക്തിയുടെ മഹത്വം പറയുന്ന മോദിയോട് യുവജനം തൊഴിലില്ലായ്മയെക്കുറിച്ചു തിരിച്ചു ചോദിച്ചാല്‍ മറുപടിയുണ്ടാകില്ല. ബി.ജെ.പിയുടെ വിജയത്തെ അസാധ്യമാക്കുന്ന പ്രധാന ഘടകം ഭരണ പരാജയവും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 30 ശതമാനം പോലും പാലിക്കപ്പെട്ടില്ല എന്നതുമാണ്.
ഒന്നാം യു.പി.എ രൂപീകരണകാലത്ത് സി.പി.എം നേതാവായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് മുന്‍കൈയെടുത്തു രൂപീകരിച്ച വിശാല പ്രതിപക്ഷ ഐക്യത്തിനു സമാനമായ ഐക്യനിരയാണ് ഇക്കുറി ദേശീയരാഷ്ട്രീയം പ്രതീക്ഷിച്ചത്. അങ്ങനെയൊന്നുണ്ടായിരുന്നെങ്കിലെന്ന് ഇപ്പോഴും ആഗ്രഹിച്ചു പോകുന്നത് മതേതര ജനാധിപത്യ ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗീയ ഫാസിസമാണെന്നും അതില്‍നിന്ന് രാജ്യത്തെ രക്ഷിക്കുകയാണു മുഖ്യകടമയെന്നും ബോധ്യമുള്ളതുകൊണ്ടാണ്. ആ ബോധം പ്രതിപക്ഷ നേതാക്കള്‍ക്കുണ്ടായില്ലെന്നതാണു നമ്മുടെ ദൗര്‍ഭാഗ്യം.
പ്രധാനമന്ത്രിപദ മോഹവും സ്വാര്‍ഥ താല്‍പര്യങ്ങളുമാണു മിക്ക നേതാക്കളെയും നയിക്കുന്നത്. യു.പിയില്‍ മാത്രം ബി.എസ്.പി-എസ്.പി സഖ്യത്തിന് 60 സീറ്റ് ലഭിക്കുമെന്നും സഖ്യം ഒരു നിര്‍ണായക ഘടകമാകുമെന്നും ഇതുവച്ചു പ്രധാനമന്ത്രി പദത്തിനു വിലപേശാമെന്നും മായാവതി കണക്കു കൂട്ടുമ്പോള്‍ ബംഗാളിലെ മമതയ്ക്കുമുണ്ടു ആ കസേരയില്‍ കണ്ണ്. ദേശീയ നേതാക്കളുടെ ഇത്തരം ദുരധികാര സ്വപ്നങ്ങളില്‍ തകര്‍ന്നടിയുന്നതു മതേതര വിശ്വാസികളുടെ പ്രതീക്ഷകളാണ്.
പതിനേഴാം ലോക്‌സഭയുടെ രൂപീകരണത്തിനായുള്ള തെരഞ്ഞെടുപ്പ് ഇന്ത്യക്കു ജീവന്മരണപോരാട്ടമാണ്. കാരണം, രാജ്യം രാഷ്ട്രീയദുരന്തത്തിന്റെ വക്കിലാണ്. അതില്‍നിന്നു മോചനത്തിനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്തവും പ്രതിപക്ഷ കക്ഷികള്‍ക്കായിരിക്കും. അങ്ങനെ സംഭവിച്ചാല്‍, വായില്‍ എല്ലുള്ളതു കാരണം കുരയ്ക്കാന്‍ പോലുമാവാത്ത കാവല്‍നായ്ക്കളെപ്പോലെ അധികാരമോഹം കാരണം സ്വയം തോറ്റുപോയ കക്ഷികളെന്ന് ഈ പാര്‍ട്ടികളുടെ രാഷ്ട്രീയ പാപ്പരത്തത്തെ ഇന്ത്യാ ചരിത്രം രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."