തെരുവ് വിളക്കുകള്‍ കണ്ണടച്ചു: വെട്ടത്തൂര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഇരുട്ടില്‍
വെട്ടത്തൂര്‍: തെരുവുവിളക്കുകള്‍ കത്താത്തതു കാരണം വെട്ടത്തൂര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഇരുട്ടിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കൊണ്ടുവന്ന തെരുവു വിളക്കുകളാണു പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ഇരുട്ടിലാക്കിയത്. വഴിയാത്രക്കാരും സമീപവാസികളും ഇരുട്ടില്‍ തപ്പി തടയുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധിക്യതരും.
കാര്യാവട്ടം, തേലക്കാട്, ഏഴുതല, ആലുങ്ങല്‍, കാപ്പ്, കൂരിക്കുന്ന് തുടങ്ങിയ വിവിധ വാര്‍ഡുകളില്‍ ടൗണിലടക്കം പലയിടങ്ങളിലും തെരുവു വിളക്കുകള്‍ കത്താതായിട്ടു മാസങ്ങളായി. പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഉള്‍പ്പെടുന്ന വെട്ടത്തൂര്‍ ഹൈസ്‌കൂള്‍പടിയിലും കാപ്പ് സ്‌കൂള്‍പ്പടി ജങ്ഷനിലും തെരുവു വിളക്കുകള്‍ കണ്ണടച്ചിട്ടു മാസങ്ങളോളം പിന്നിട്ടു.
തെരുവു വിളക്കുകള്‍ പലതും കേടായതിനാല്‍ ഉള്‍പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളും ഇരുട്ടിലായിരിക്കുകയാണ്. ഇതോടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായും പരാതിയുണ്ട്. മാത്രമല്ല, ഇഴജന്തുക്കളും തെരുവു നായ്ക്കളും ആശങ്കകള്‍ സൃഷ്ടിക്കുന്നുമുണ്ട്.
അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ കാലാവധി നിലനില്‍ക്കുമ്പോഴും ഭരണപക്ഷം നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അതേസമയം, കഴിഞ്ഞ ഭരണ സമിതി കൊണ്ടുവന്ന കരാര്‍ ഉടമ്പടി നിലനില്‍ക്കെ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ അംഗങ്ങളും കരാര്‍ ഏറ്റെടുത്തവരും തയ്യാറാകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നു പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."