മൂന്നാറില്‍ ഗതാഗതക്കുരുക്കിന് ഗുഡ്‌ബൈ
തൊടുപുഴ: ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കും വീര്‍പ്പുമുട്ടിക്കുന്ന തെക്കിന്റെ കശ്മീരായ മൂന്നാറില്‍ മേല്‍പ്പാലം (ഫ്‌ളൈ ഓവര്‍) വരുന്നു.
കിഫ്ബിയിലൂടെ അനുവദിച്ച 45 കോടി രൂപ ഉപയോഗിച്ചാണ് ഫ്‌ളൈ ഓവര്‍ നിര്‍മിക്കുക. ഇതിനായുളള സാധ്യതാ പഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂബീസ് സോഫ്റ്റ് ടെക് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ മൂന്നാറിലെത്തി ഫ്‌ളൈ ഓവര്‍ കടന്നു പോകുന്ന സ്ഥലത്തിന്റെ അലൈന്‍മെന്റ്, തൂണുകള്‍ സ്ഥാപിക്കാനുള്ള പൈലിംഗ് നടത്തേണ്ട മണ്ണിന്റെ ഘടന പരിശോധിച്ചിരുന്നു. നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് സര്‍വേ നടത്താന്‍ സ്വകാര്യ കമ്പനിയെ നിയോഗിച്ചത്.
സര്‍വേ റിപ്പോര്‍ട്ടു ലഭിച്ച ശേഷം ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. 600 മീറ്റര്‍ നീളത്തില്‍ ദേശീയപാത 85ല്‍ ഉള്‍പ്പെടുന്ന പഴയ മൂന്നാര്‍ ബൈപാസ് പാലത്തില്‍ നിന്നാരംഭിച്ച് മാട്ടുപ്പെട്ടി റോഡിലെത്തിയശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു
സമീപത്തുകൂടി ഉദുമല്‍പേട്ട റോഡിലെത്തുന്ന തരത്തിലാണ് നിര്‍ദിഷ്ട ഫ്‌ളൈ ഓവര്‍ നിര്‍മിക്കുക. ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയാകുന്നതോടെ മാട്ടുപ്പെട്ടി,
മറയൂര്‍, രാജമല തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവര്‍ക്കു ടൗണില്‍ പ്രവേശിക്കാതെ തന്നെ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നു
പോകാനാവും. ഇടുങ്ങിയ റോഡുകളും പാര്‍ക്കിങ് സൗകര്യത്തിന്റെ അഭാവവും വീര്‍പ്പുമുട്ടിക്കുന്ന മൂന്നാറില്‍ സഞ്ചാരികള്‍ക്കു ഗതാഗതക്കുരുക്കുമൂലം
മണിക്കൂറുകളോളം വാഹനത്തില്‍ തന്നെ കഴിയേണ്ടി വരാറുമുണ്ട്.
ചിത്രം-- മൂന്നാറിലെ നിര്‍ദ്ദിഷ്ട ഫ്‌ളൈഓവറിനായി സര്‍വേ നടത്തുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."