മെസ്സിയുടെ വിലക്ക് നീക്കി; അര്‍ജന്റീനയ്ക്ക് ആശ്വസം
സൂറിച്ച്: അര്‍ജന്റീന സൂപ്പര്‍ താരവും നായകനുമായ ലയണല്‍ മെസ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ നാല് അന്താരാഷ്ട്ര മത്സരങ്ങളിലെ വിലക്ക് ഒഴിവാക്കി. 2018ലെ റഷ്യന്‍ ലോകകപ്പിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലായ മുന്‍ ചാംപ്യന്മാരായ അര്‍ജന്റീനയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ഫിഫയുടെ പുതിയ ഉത്തരവ്. വിലക്കിനെതിരേ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഫിഫ അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനം.
ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ അസിസ്റ്റന്റ് റഫറിക്കെതിരേ മെസ്സി അസഭ്യം പറയുകയും മോശമായി പെരുമാറിയതിനെയും തുടര്‍ന്നായിരുന്നു ഫിഫയുടെ നടപടി. നാല് മത്സരങ്ങളില്‍ വിലക്കും പിഴയുമായിരുന്നു മെസ്സിക്കെതിരേ വിധിച്ചത്.
എന്നാല്‍ സംഭവത്തിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ ഇപ്പോള്‍ വിലക്ക് ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അപ്പീലിന്റെ കൂടെ സമര്‍പ്പിച്ചിരുന്നു. നാല് മത്സരങ്ങളില്‍ വിലക്കാന്‍ മാത്രം പര്യപ്തമായ കുറ്റം അര്‍ജന്റീന നായകന് ചെയ്തതായിട്ടുള്ള തെളിവുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫിഫ അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി.
ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തിന്റെ പോയിന്റ് പട്ടികയില്‍ നിലവില്‍ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്. വിലക്കിന് ശേഷം ബൊളീവിയക്കെതിരായ പോരാട്ടം നടന്നപ്പോള്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയമേറ്റു വാങ്ങിയിരുന്നു. ഇനി നാല് മത്സരങ്ങള്‍ അവശേഷിക്കേ ഈ നാലിലും അര്‍ജന്റീനയ്ക്ക് വിജയം അനിവാര്യമാണ്. എങ്കില്‍ മാത്രമേ ആദ്യ നാല് സ്ഥാനക്കാരില്‍ ഒരാളായി മുന്‍ ചാംപ്യന്മാര്ക്ക് ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധിക്കു. അല്ലെങ്കില്‍ ഓഷ്യാന മേഖലയിലെ ടീമുമായി പ്ലേയോഫ് കളിച്ചാലാണ് അര്‍ജന്റീനയ്ക്ക് യോഗ്യത നേടാന്‍ സാധിക്കുക.
ഈ കടമ്പയും കടക്കാന്‍ സാധിച്ചില്ലെങ്കില്‍ 2018 ലെ റഷ്യന്‍ വിശ്വ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ സാന്നിധ്യം ഉണ്ടാകില്ല. വിലക്ക് നീങ്ങിയതോടെ മെസ്സി ശേഷിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കായി ഇറങ്ങും. ഓഗസ്റ്റ് 31ന് ഉറുഗ്വെക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."