ഹജ്ജ്: മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരിയില്‍ 50 വളണ്ടിയര്‍മാര്‍
കൊണ്ടോട്ടി: തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു. 12ന് രാവിലെ ആറ് മണിക്കാണ് ആദ്യവിമാനമെത്തുക. ആദ്യ സംഘത്തെ ഹജ്ജ് കാര്യവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ഹജ്ജ് കമ്മിറ്റി സ്വീകരിക്കും. ഹാജിമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന സംഭാവനകള്‍ മന്ത്രി സ്വീകരിക്കും. തീര്‍ഥാടകരെ സഹായിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ 50 വളണ്ടിയര്‍മാര്‍ വിമാനത്താവളത്തിലുണ്ടാകും.
12 മുതല്‍ 26 വരെയായി 29 ചാര്‍ട്ടര്‍ വിമാനങ്ങളിലും ഒരു യാത്രാ വിമാനത്തിലുമായാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടുക. ഹജ്ജിന് ആദ്യം പോയ വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യമെത്തുക.
23 കുട്ടികള്‍ ഉള്‍പ്പടെ 12,013 പേരാണ് ഈവര്‍ഷം കേരളത്തില്‍ നിന്ന് തീര്‍ഥാടനത്തിന് പോയത്. ഇവരില്‍ 277 പേര് ലക്ഷദ്വീപില്‍ നിന്നും 47 പേര് മാഹിയില്‍ നിന്നുമാണ്.
തീര്‍ഥാടകരില്‍ 14 പേര് മരണപ്പെട്ടു. ഇവരില്‍ മൂന്ന് പേര് ഒഴികെ ശേഷിക്കുന്നവര്‍ ഹജ്ജ് കര്‍മത്തിന് ശേഷമാണ് മരിച്ചത്. ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരിയില്‍ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ കൈക്കൊള്ളും. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ സിയാലിന്റെ നേതൃത്വത്തില്‍ യോഗം ചേരും. അടുത്ത വര്‍ഷം ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍ നിന്ന് നടത്താന്‍ അനുമതി വേണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. എം.എല്‍.എമാരായ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിന് എന്നിവരും ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി.അബ്ദുറഹ്മാന് (ഇണ്ണി), പി.കെ. അഹമ്മദ്, മുസ്ലിയാര് സജീര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുഹമ്മദ് കാസിം കോയ, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എല്‍.സുലൈഖ, എച്ച്. മുസമ്മില്ഹാജി, സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."