യുവേഫ യൂറോപ്പ ലീഗ് ആദ്യ പാദ സെമി: മാഞ്ചസ്റ്റര്‍ ഒരടി മുന്നില്‍
വിഗോ: കിരീട പ്രതീക്ഷകള്‍ സജീവമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ യൂറോപ്പ ലീഗിന്റെ ആദ്യ പാദ സെമി പോരാട്ടത്തില്‍ വിജയം പിടിച്ചു. മറുപടിയില്ലാത്ത ഒറ്റ ഗോളിന് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ വിജയം സ്വന്തമാക്കിയത്.
എവേ പോരാട്ടത്തിലാണ് മാഞ്ചസ്റ്റര്‍ ഒറ്റ ഗോള്‍ എതിരാളിയുടെ വലയില്‍ നിക്ഷേപിച്ച് വിജയിച്ചത്. സ്വന്തം തട്ടകത്തില്‍ അരങ്ങേറുന്ന രണ്ടാം പാദ പോരാട്ടം സമനിലയില്‍ പിടിച്ചാല്‍ പോലും മൗറീഞ്ഞോയ്ക്കും സംഘത്തിനും യൂറോപ്പയുടെ ഫൈനലിലേക്ക് മുന്നേറാം.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 67ാം മിനുട്ടില്‍ യുവ താരം റാഷ്‌ഫോര്‍ഡ് നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരത്തിന്റെ ഫലവും മാഞ്ചസ്റ്ററിന്റെ വിജയവും നിര്‍ണയിച്ചത്. മാഞ്ചസ്റ്ററിനെ 4-3-3 ശൈലിയിലാണ് മൗറീഞ്ഞോ കളത്തിലിറക്കിയത്. സെല്‍റ്റയാകട്ടെ 4-5-1 ശൈലിയിലാണ് ടീമിനെ വിന്ന്യസിപ്പിച്ചത്. തോല്‍വി ഒരു ഗോളിനായി കുറഞ്ഞതിന് സെല്‍റ്റ നന്ദി പറയുന്നത് സെര്‍ജിയോ അല്‍വരെസെന്ന ഗോള്‍ കീപ്പറോടാണ്. റാഷ്‌ഫോര്‍ഡ്, മിഖിതാര്യന്‍, ലിംഗാര്‍ഡ് എന്നിവരുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ സെല്‍റ്റ ഗോളി തടുത്തു. സെര്‍ജിയോ ദിശ തെറ്റി നിന്ന അവസരം മുതലെടുത്താണ് റാഷ്‌ഫോര്‍ഡ് ഫ്രീ കിക്ക് വലയിലാക്കിയതും.
പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന ഫോമിലുള്ള വെറ്ററന്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ അസാന്നിധ്യത്തില്‍ റാഷ്‌ഫോര്‍ഡിന് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നല്‍കി മൗറീഞ്ഞോ ആവിഷ്‌കരിക്കുന്ന തന്ത്രം വിജയിക്കുന്ന കാഴ്ചയാണിപ്പോള്‍. 19 വയസുള്ള താരത്തെ മൗറീഞ്ഞോ വിദഗ്ധമായാണ് ഉപയോഗപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."