കേരള പ്രീമിയര്‍ ലീഗ്: ഇന്ത്യന്‍ നേവി ഫൈനലില്‍
കോഴിക്കോട്: ഇ.എം.എസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ ആദ്യ സെമി പോരാട്ടത്തില്‍ എഫ്.സി കേരളയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകര്‍ത്ത് ഇന്ത്യന്‍ നേവി ഫൈനലിലെത്തി.
51-ാം മിനുട്ടില്‍ പി.എം ബ്രിട്ടോയും 85-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ബിപാക താപ്പയുമാണ് ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുത്താണ് ഇന്ത്യന്‍ നേവി ഫൈനലിലേക്ക് കുതിച്ചത്. ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളും അവസരങ്ങളും ലഭിക്കാതെ കളി വിരസമായിരുന്നു.
രണ്ടാം പകുതിയില്‍ ഗോളിനായി ഉണര്‍ന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റപ്പെട്ട മുന്നേറ്റങ്ങളുമായി ഇന്ത്യന്‍ നേവിക്കായിരുന്നു മുന്‍തൂക്കം. 51-ാം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്നാണ് നേവിയുടെ മുന്നേറ്റനിരയിലെ ബ്രിട്ടോ എതിരാളികളുടെ വല കുലുക്കിയത്. 87-ാം മിനുറ്റില്‍ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് കൈമാറിക്കിട്ടിയ പന്ത് കൃത്യമായി വലയിലെത്തിച്ചാണ് ബിപാക താപ്പ രണ്ടാം ഗോള്‍ നേടി ടീമിന് ആധികാരിക വിജയമൊരുക്കിയത്. മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ എഫ്.സി കേരള ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കഠിനശ്രമം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."