മുംബൈ ചെന്നൈ കിരീടപ്പോരാട്ടം
ഹൈദരാബാദ്: ഐ.പി.എല്‍ പന്ത്രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ന് വൈകിട്ട് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ കിരീടത്തിനായി ഏറ്റുമുട്ടുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം അരങ്ങേറുന്നത്. പുതിയ സീസണിന്റെ അവകാശികള്‍ ആരാണെന്ന് ഇതോടെ വ്യക്തമാകും. കഴിവും കരുത്തും പരിചയവുമുള്ള ഇന്ത്യയുടെ രണ്ട് കരുത്തരായ താരങ്ങളായ മഹേന്ദ്രസിങ് ധോണി, രോഹിത് ശര്‍മ എന്നിവര്‍ നയിക്കുന്ന ടീമുകളാണ് മുഖാമുഖം പോരാടുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ മുംബൈയും ചെന്നൈയും തന്നെയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്താണ് ചെന്നൈ ഫൈനലിലെത്തിയത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ പരാജയപ്പെടുത്തിയായിരുന്നു മുംബൈ ഫൈനലില്‍ പ്രവേശിച്ചത്. സീസണില്‍ മൂന്ന് തവണ മുംബൈ ചെന്നൈയെ നേരിട്ടപ്പോഴും ജയം മുംബൈക്കൊപ്പമായിരുന്നു. അതും മികച്ച മാര്‍ജിനിലായിരുന്നു മുംബൈയുടെ മൂന്ന് വിജയവും. അവസാന മത്സരത്തില്‍ ആറു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനും ആദ്യ മത്സരത്തില്‍ 37 റണ്‍സിനുമായിരുന്നു മുംബൈയുടെ ജയം. നിലവിലെ ചാംപ്യനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയുടെ കീഴില്‍ നാലാം കിരീടം തേടിയാണ് ഇറങ്ങുന്നത്. 2010 ല്‍ ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയായിരുന്നു കിരീടത്തില്‍ മുത്തമിട്ടത്. 2011ല്‍ ബാംഗ്ലൂരിനെയും 2018ല്‍ ഹൈദരാബാദിനെയും തകര്‍ത്തായിരുന്നു ചെന്നൈയുടെ കിരീട നേട്ടം.
മൂന്ന് തവണ ചെന്നൈ കിരീടം നേടിയപ്പോഴും ധോണിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഇത് എട്ടാം തവണയാണ് ധോണിക്ക് കിഴീല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മൂന്ന് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും നാലാം കിരീടം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. 2013ലും 2015ലും ചെന്നൈയെ പരാജയപ്പെടുത്തിയായിരുന്നു മുംബൈ കിരീടം സ്വന്തമാക്കിയത്. 2017ല്‍ പൂനെയെ പരാജയപ്പെടുത്തിയായിരുന്നു മുംബൈയുടെ കിരീട നേട്ടം. മൂന്ന് തവണയും രോഹിതിന്റെ കീഴിലായിരുന്നു മുംബൈയുടെ കിരീട നേട്ടം. രണ്ട് കരുത്തരായ നായകന്‍മാരുടെ പോരാട്ടമായതിനാല്‍ ഇന്നത്തെ ഫൈനല്‍ പ്രവചനാതീതമായിരിക്കും. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്ന നാലാമത്തെ ഫൈനല്‍ കൂടിയാണ് ഇന്നത്തേത്. സീസണില്‍ ഒരു തവണ പോലും ചെന്നൈക്ക് മുംബൈയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ആത്മവിശ്വാസമാണ് ഇന്നത്തെ മത്സരത്തില്‍ മുംബൈയുടെ കരുത്ത്.
ധോണി മുന്നില്‍ നിന്ന് നയിച്ചിട്ടും മൂന്ന് മത്സരത്തില്‍ മുംബൈ ബൗളിങ്‌നിരക്ക് മുന്നില്‍ ചെന്നൈക്ക് പിടിച്ച് നില്‍ക്കാനായിരുന്നില്ല. 100 ഐ.പി.എല്‍ ജയം സ്വന്തമാക്കി റെക്കോര്‍ഡ് സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ധോണിയുണ്ടെന്ന ആത്മവിശ്വാസമാണ് കരുത്തേകുന്നത്. പ്രതിസന്ധികളില്‍ യുക്തമായ തീരുമാനമെടുക്കാനും ടീം തകരുമ്പോള്‍ മുന്നില്‍നിന്ന് നയിക്കാനും ധോണിക്ക് മാത്രമേ ചെന്നൈ നിരയില്‍ കഴിയൂ. ഫാഫ് ഡൂപ്ലസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന എന്നിവരടങ്ങുന്ന മികച്ച ബാറ്റിങ്‌നിരയാണ് ചെന്നൈയുടെ കരുത്ത്. പക്ഷെ അവശ്യഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ഇവര്‍ക്കാകാത്തതാണ് ചെന്നൈയുടെ തോല്‍വിക്ക് പ്രധാന കാരണമാകുന്നത്. ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ക്രുണാല്‍ പാണ്ഡ്യ എന്നിവരടങ്ങുന്ന മുംബൈ ബൗളിങ്‌നിരയെ നെഞ്ചിടിപ്പോടെയാണ് ചെന്നൈ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."