HOME
DETAILS
MAL
നഗരത്തില്‍ എന്റെ വാഹനം ഇല്ലാതെ
backup
September 24 2020 | 01:09 AM
ഇക്കൊല്ലത്തെ ലോക കാര്‍രഹിത ദിനമായിരുന്നു കഴിഞ്ഞദിവസം, സെപ്റ്റംബര്‍ 22. മോട്ടോര്‍ യാത്രക്കാരോട് കാറുകള്‍ നിരത്തിലിറക്കാതിരിക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ദിവസം. ഒരുപാട് രാജ്യങ്ങളില്‍, ഒരുപാട് നഗരങ്ങളില്‍ സെപ്റ്റംബര്‍ 22 കാര്‍രഹിത ദിനമായി കൊണ്ടാടുന്നുവെങ്കിലും യൂറോപ്പിലാണ് ഈ ദിനാചരണത്തിനു കൂടുതല്‍ സംഘടിത സ്വഭാവമുള്ളത്. ലാറ്റിന്‍ അമേരിക്കയിലും കാര്‍രഹിത ദിവസത്തിനു വലിയ പ്രാധാന്യമുണ്ട്. അന്നേദിവസം പലയിടങ്ങളിലും സൈക്കിളിലാണ് യാത്ര. ചില നഗരങ്ങളില്‍ മോട്ടോര്‍ ബൈക്കില്‍. വേറെ ചിലയിടങ്ങളില്‍ കുതിരവണ്ടിയില്‍. നടന്നുപോകുന്നവരും കുറവല്ല. വിയന്നയില്‍ തെരുവില്‍ നടന്നുകൊണ്ടുള്ള സ്ട്രീറ്റ് പിക്‌നിക് എന്ന ഏര്‍പ്പാടുണ്ട്. ഇത്തരം ബദല്‍ ഏര്‍പ്പാടുകളിലൂടെ വാഹനമാണ് പ്രശ്‌നം എന്ന സന്ദേശം ലോക ജനതയിലേക്ക് എത്തിക്കുകയാണ് ആക്ടിവിസ്റ്റുകള്‍.
അതെ, പ്രശസ്ത പത്രപ്രവര്‍ത്തകനായ വിദ്യാധര്‍ ദാത്തെയുടെ 'കാലാവസ്ഥാ വ്യതിയാന കാലത്തെ ഗതാഗതം'(Traffic in the Era of Climate Change) എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ കാര്‍ ആണ് പ്രശ്‌നം (The Car is the Problem). ലോകത്ത് ഇപ്പോള്‍ നിലവിലുള്ള അന്തരീക്ഷ മലിനീകരണത്തിന്റെ കാരണങ്ങളില്‍ ഏറ്റവും അപകടകരം മോട്ടോര്‍വാഹനങ്ങളില്‍ നിന്നുയരുന്ന പുകയും പൊടിയും പെട്രോള്‍ മാലിന്യവുമാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കേസിലും പ്രധാന വില്ലന്‍ മോട്ടോര്‍വാഹനം തന്നെ. എത്ര ജീവനുകളാണ് വാഹനാപകടങ്ങളില്‍ പൊലിഞ്ഞുപോകുന്നത്!. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം മൂലം ഉളവാകുന്ന സാമ്പത്തികഭാരം മറ്റൊരു വിഷയം. ഗതാഗതക്കുരുക്കുകള്‍ നഗരജീവിതത്തില്‍ മാത്രമല്ല പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ വസ്തുതകളെല്ലാം വച്ച് ചിന്തിക്കുമ്പോള്‍ ഗതാഗതത്തില്‍ ഒരു പൊളിച്ചെഴുത്ത് കൂടിയേ തീരൂ. ഫൂട്പാത്തുകള്‍ക്ക് വീതി കൂട്ടിക്കൊണ്ടും ഫ്‌ളൈ ഓവറുകള്‍ നിര്‍മിച്ചുകൊണ്ടും സൈക്കിള്‍പാതകള്‍ സൃഷ്ടിച്ചുകൊണ്ടും മറ്റും ഗതാഗതക്കുരുക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം ഉണ്ടാകുമ്പോഴും വാഹനങ്ങളുടെ എണ്ണം കുറക്കുക എന്ന വിഷയം നയരൂപീകരണം നടത്തുന്നവരുടെ ആലോചനകളില്‍ വിഷയമാകാറില്ല.
ഹൈവേകളും എക്‌സ്പ്രസ് വേകളും വര്‍ധിപ്പിക്കുക എന്നതല്ല, മറിച്ച് വാഹനങ്ങളുടെ ഉപയോഗം കുറക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏറ്റവും സക്രിയമായ വഴി എന്ന ആലോചന കാര്യമായി ആര്‍ക്കുമില്ല. കാറുകളും കാല്‍നട യാത്രക്കാരും നിരത്തിന്റെ അവകാശികളാണ്. അവര്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം വേണം. കുറച്ചുകൂടി ഭംഗിയായിപ്പറഞ്ഞാല്‍ നിരത്തുകളിലും വേണം ജനാധിപത്യം. ഈ 'ജനാധിപത്യ വ്യവസ്ഥ'യില്‍ കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമെല്ലാം അവകാശങ്ങളുണ്ട്. ഇതു ലോകത്തെ ബോധ്യപ്പെടുത്താനാണ് കാര്‍രഹിത ദിനം കൊണ്ടാടുന്നത്. സെപ്റ്റംബര്‍ 22നാണ് കാര്‍രഹിത ദിനമായി യൂറോപ്പ് ആചരിക്കുന്നതെങ്കിലും പല രാജ്യങ്ങളിലും മറ്റു സന്ദര്‍ഭങ്ങളില്‍ കാറില്ലാക്കാലമായി കൊണ്ടാടാറുണ്ട്. ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ 16 മുതല്‍ 22 വരെയുള്ള ഒരാഴ്ച ബദല്‍ ഊര്‍ജം ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളില്‍ യാത്ര ചെയ്തുകൊണ്ടാണ് കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നത്. ചില രാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഞായറാഴ്ചകള്‍ കാര്‍രഹിത ദിനങ്ങളാണ്. ഏതു ദിവസം എങ്ങനെ ആചരിച്ചാലും ശരി, വാഹനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ ലോകസമക്ഷം കൊണ്ടുവരാനുള്ള ഉപാധിയാണ് കാര്‍രഹിത ദിനം. അതൊരു പ്രക്ഷോഭ വഴിയാണ്.
തുടക്കവും വ്യാപ്തിയും
വാഹനങ്ങള്‍ പൊതുജീവിതത്തില്‍ ഒരു പ്രശ്‌നമാണെന്ന തരത്തില്‍ മനുഷ്യരുടെ സാമാന്യ ആലോചനകള്‍ രൂപപ്പെട്ടത് പ്രധാനമായും എഴുപതുകളുടെ തുടക്കത്തിലാണ്. 1973ലെ എണ്ണ പ്രതിസന്ധിയുടെ കാലം മുതല്‍. അന്നു സാമ്പത്തിക കാഴ്ചപ്പാടോടെയാണ് ഈ വിഷയത്തെ ലോകം അഭിമുഖീകരിച്ചത്. എന്നാല്‍ തൊണ്ണൂറുകള്‍ ആകുമ്പോഴേക്കും വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമെന്ന നിലയില്‍ ശാസ്ത്രലോകത്തിന്റെ ചിന്തയില്‍ പ്രതിഷ്ഠിക്കപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹ്യചിന്തകരും വിഷയം ഏറ്റെടുത്തു. നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്‌നമായിത്തീര്‍ന്നു ഗതാഗതക്കുരുക്ക്. സ്‌പെയിനിലെ ടോള ഡോയില്‍ 1994 ഒക്ടോബറില്‍ ചേര്‍ന്ന അന്താരാഷ്ട്ര സ്യൂദാദേസ് ആക്‌സസിബിള്‍സ് കോണ്‍ഫറന്‍സില്‍ എറിക് ബ്രിട്ടന്‍ നടത്തിയ ആമുഖഭാഷണത്തിലാണ് കാര്‍രഹിത ദിനാചരണം എന്ന ആശയത്തിന്റെ ഉയിര്‍പ്പ് (സ്പാനിഷ് ഭാഷയില്‍ സ്യൂദാദ് എന്നാല്‍ നഗരം, നഗരങ്ങളുടെ ആക്‌സസിബിലിറ്റി അഥവാ പ്രാപ്യത എന്നര്‍ഥം). രണ്ടു വര്‍ഷത്തിനുള്ളില്‍ ഐസ്‌ലാന്‍ഡിലെ റെയ്ക് ജാവിക്, യു.കെയിലെ ബാത്ത്, ഫ്രാന്‍സിലെ ലാറോ ഷേല്‍ തുടങ്ങിയ പട്ടണങ്ങളില്‍ അനൗപചാരികമായി വാഹനങ്ങളില്ലാ ദിവസങ്ങള്‍ ആചരിക്കപ്പെട്ടു. 1997ലാണ് ബ്രിട്ടനില്‍ എന്‍വയണ്‍മെന്റല്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ വാഹനരഹിത സമൂഹം എന്ന ആശയത്തെക്കുറിച്ച് പ്രചാരണം ആരംഭിച്ചത്. ഫ്രഞ്ചുകാര്‍ ഈ കാംപയിന്‍ ഏറ്റെടുക്കുകയും എന്‍ വീല്‍, സാന്‍ മി വോയ് ചൂര്‍ (നഗത്തില്‍ എന്റെ വാഹനമില്ലാതെ) എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുകയും ചെയ്തു. രണ്ടായിരത്തില്‍ ഇതു യൂറോപ്പിലുടനീളം വ്യാപകമായി. അക്കൊല്ലം തന്നെ അതിന് ആഗോളമാനം കൈവരികയും ലോക കാര്‍ ഫ്രീ നെറ്റ്‌വര്‍ക്ക് രൂപപ്പെടുകയും ചെയ്തു. കൊളംബിയയിലെ ബൊഗോട്ടയിലാണ് ലോകത്തില്‍ ഇന്ന് ഏറ്റവും വലിയ കാര്‍ഫ്രീ ദിനം ആചരിക്കുന്നത്. 2000 ഫെബ്രുവരിയിലാണ് ഒരു പൊതുഹിത പരിശോധന വഴി അതു സുസ്ഥാപിതമായത്.
കാര്‍രഹിത ദിനം എന്ന ആശയത്തില്‍ അടങ്ങിയിട്ടുള്ളത്, ജനങ്ങളുടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര സൈക്കിള്‍, നടത്തം തുടങ്ങിയ വഴികളിലൂടെ ആയിരിക്കുക, വീടിനടുത്തു ജോലിയെടുക്കുന്ന സമൂഹങ്ങള്‍ വളര്‍ന്നുവരിക, നടന്നുപോകാവുന്ന ദൂരത്തുള്ള കടകളില്‍ ഷോപ്പിങ് നടത്തുക തുടങ്ങിയ കാര്യങ്ങളാണ്. 2007ല്‍ ജക്കാര്‍ത്തയില്‍ കാല്‍നട യാത്രക്കാര്‍ക്കു വേണ്ടി നഗരത്തിലെ പ്രധാന പാത അടച്ചു. 2012 മെയ് മുതല്‍ ജക്കാര്‍ത്തയില്‍ എല്ലാ ഞായറാഴ്ചകളും കാര്‍രഹിത ദിനമാണ്. അതായത്, പട്ടണത്തിലെ പ്രധാന തെരുവുകളില്‍ ഞായറാഴ്ച ദിവസം രാവിലെ ആറു മുതല്‍ 11 വരെ വാഹന ഗതാഗതമില്ല. ഔദ്യോഗികമല്ലെങ്കിലും ഇസ്‌റാഈലില്‍ യോം കിപ്പൂര്‍ ദിവസത്തില്‍ എല്ലാ കൊല്ലവും വാഹനരഹിത ദിവസമായി ആചരിക്കുന്നു. നിരത്തുകളിലേക്ക് ബസുകള്‍ക്കും ടാക്‌സികള്‍ക്കും പ്രവേശനമില്ല, അടിയന്തിര വാഹനങ്ങള്‍ക്കൊഴികെ. സൈക്കിള്‍ യാത്രക്കാരാണ് ഈ വിലക്ക് ആഘോഷമാക്കുന്നത്
പല നഗരങ്ങളിലും കാര്‍രഹിത ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാറുണ്ട്. ബാങ്കോക്കില്‍ 2018 സെപ്റ്റംബര്‍ 22നു നഗരത്തിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ഔദ്യോഗിക വാഹനത്തില്‍ സ്ഥലത്തെത്തി സൈക്കിളില്‍ സെറിമോണിയല്‍ പരേഡ് നടത്തി കാര്‍രഹിത ദിനമാചരിച്ചത് വാര്‍ത്തകളുടെ തലക്കെട്ടുകള്‍ പിടിച്ചുപറ്റിയിരുന്നു. അന്നേദിവസം സൈക്കിള്‍ സവാരിക്കാര്‍ക്ക് സൗജന്യമായി പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. 1,500 നഗരങ്ങളിലായി നൂറു മില്യണ്‍ ആളുകള്‍ അന്നേദിവസം കാറുകള്‍ ഉപയോഗിക്കാതിരിക്കുന്നു എന്നാണ് ഈ കാംപയിനിന്റെ വക്താക്കളുടെ അവകാശവാദം. നഗരങ്ങളിലെ കാറുപയോഗത്തിനപ്പുറത്തേക്ക് ഗതാഗതത്തിന്റെ നൈതികതയിലാണ് അവരുടെ ഊന്നല്‍.
ബദല്‍ വഴി, ബദല്‍ ജീവിതം
കാര്‍രഹിത ദിനം മുന്നോട്ടുവയ്ക്കുന്ന ആശയം നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന സാമൂഹ്യാഘാതങ്ങളില്‍ നിന്നുള്ള മോചനം തന്നെയാണ്. ഭരണാധികാരികള്‍ക്ക് ഈ സാമൂഹ്യാഘാതങ്ങള്‍ തലവേദനയുമാണ്. ലോകത്ത് പലയിടത്തും വാഹനങ്ങളുടെ അമിതോപയോഗത്തെ പ്രതിരോധിക്കാന്‍ പല നടപടികളും കൈക്കൊള്ളാറുണ്ട്. അവയിലൊന്നാണ് ഒറ്റ നമ്പര്‍-ഇരട്ട നമ്പര്‍ പ്രകാരം മാത്രമേ വാഹനങ്ങള്‍ നിരത്തിലിറക്കാവൂ എന്ന നിഷ്‌കര്‍ഷ. ഒരാള്‍ മാത്രം അല്ലെങ്കില്‍ രണ്ടാള്‍ മാത്രമായി യാത്ര ചെയ്യുന്നത് നിരോധിക്കുന്നത് മറ്റൊരു വഴി. സ്വകാര്യ വാഹനങ്ങള്‍ക്ക് വന്‍ നികുതി ചുമത്തി പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു ബദല്‍ വഴിയാണ്. കൊവിഡ്കാലത്ത് അസ്വീകാര്യമാണെങ്കിലും. കാറുകള്‍ക്ക് പകരം കുതിരവണ്ടി ഏറ്റെടുത്ത് അമേരിക്കയിലെ ആമിഷ് സമൂഹം ഈ പ്രതിസന്ധി മറികടന്നതും ഓര്‍ക്കുക.
കാര്‍രഹിത ദിനം തുടങ്ങിയ പരിപാടികള്‍ പൊതുജനാവബോധം സൃഷ്ടിക്കുന്നു എന്നത് നേരുതന്നെ. പക്ഷേ, എത്രത്തോളം?. അതേക്കുറിച്ചുള്ള ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളായ വിദ്യാധര്‍ ദാത്തെ 'കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്തെ ഗതാഗതം' എന്ന പുസ്തകം എഴുതിയത്. നാലു പതിറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുണ്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ ജേര്‍ണലിസ്റ്റായിരുന്ന ദാത്തേക്ക്. ഗതാഗതത്തിന്റെ രാഷ്ട്രീയവും ഗതാഗത രംഗത്തെ അസമത്വവുമാണ് 2010ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം. കാറുകളുടെ ഫാസിസ്റ്റ് ബന്ധം എടുത്തുകാട്ടുന്ന ഒരധ്യായം തന്നെയുണ്ട് ഈ കൃതിയില്‍. ഹൈവേകള്‍ക്കും സ്പീഡ് കാറുകള്‍ക്കും വേണ്ടിയുള്ള നെട്ടോട്ടവും ആവേശവും ഫാസിസത്തോടും ഏകാധിപത്യത്തോടും ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
കാല്‍നടക്കാരുടെ അവകാശങ്ങളെക്കുറിച്ച് ആവേശപൂര്‍വം സംസാരിക്കുന്ന അദ്ദേഹം, ബാന്ദ്ര ഈസ്റ്റ് മുതല്‍ ബാന്ദ്ര വെസ്റ്റ് വരെയുള്ള കുറഞ്ഞ ദൂരമെങ്കിലും കാല്‍നടയായി സഞ്ചരിച്ചിരുന്നുവെങ്കില്‍ സാധാരണക്കാരുടെ ജീവിതം എത്രമാത്രം പ്രയാസകരമാണെന്ന് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മനസിലാക്കിയേനെ എന്നു പറയാന്‍ മടിക്കുന്നേയില്ല. മോട്ടോര്‍ കാറുകളുടെ ഉടമകള്‍ കാറില്ലാത്തവരുടെ മേല്‍ പരോക്ഷച്ചെലവുകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് വിദ്യാധര്‍ ദാത്തെയുടെ അഭിപ്രായം. മോട്ടോര്‍വാഹനങ്ങള്‍ പെരുകുമ്പോള്‍ കുരുക്കും പെരുകുന്നു. അതിന്റെ ചെലവു വഹിക്കേണ്ടിവരുന്നത് വാഹനത്തില്‍ സഞ്ചരിക്കുന്നവരല്ല, മറ്റുള്ളവരാണ്. പ്രധാനമായും കാറുകളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് കാരണം ഓട്ടോറിക്ഷകളിലും ടാക്‌സികളിലും യാത്രചെയ്യുന്നവര്‍ കൂടുതല്‍ കൂലി കൊടുക്കേണ്ടി വരുന്നു. ഇങ്ങനെ പോകുന്നു വിദ്യാധര്‍ ദാത്തെയുടെ വാദങ്ങള്‍. തീര്‍ച്ചയായും ഈ മനുഷ്യന്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ നാം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."