സ്‌കോള്‍ കേരളയ്ക്ക് വിവരാവകാശ നിയമം ബാധകമല്ലെന്ന് സര്‍ക്കാര്‍
മലപ്പുറം: ഒരുമാസം മുന്‍പുവരെ വിവരാവകാശ നിയമത്തിന്റെ പരിധിയിലായിരുന്ന സ്‌കോള്‍ കേരളയ്ക്ക് വിവരാവകാശം ബാധകമല്ലെന്ന് സര്‍ക്കാര്‍. സമാന്തര മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി പഠനം സാധ്യമാക്കുന്നതിനായി നേരത്തെയുണ്ടായിരുന്ന ഓപ്പണ്‍ സ്‌കൂള്‍ പുനസംഘടിപ്പിച്ച് രൂപീകരിച്ച സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ്‌ലോങ് എജ്യുക്കേഷന്‍-കേരള(സ്‌കോള്‍ കേരള) എന്ന സ്ഥാപനത്തെയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്്.
പ്രതിവര്‍ഷം ആറുകോടിയിലധികം വരുമാനമുള്ള സ്ഥാപനത്തിനു കീഴില്‍ രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. നേരത്തെ എസ്.സി.ഇ.ആര്‍.ടിക്കു കീഴിലായിരുന്ന ഓപ്പണ്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 2015ലാണ് സ്‌കോള്‍ കേരള നിലിവില്‍ വന്നത്്. വിവിധ കംപ്യൂട്ടര്‍ അധിഷ്ടിത കോഴ്‌സുകളും സ്‌കോള്‍ കേരളയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്‌കോള്‍ കേരളയുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലും ട്രഷറികളിലുമായി 70 കോടിയോളം രൂപയുടെ ലാഭ നിക്ഷേപം ഉണ്ടെന്നാണ് വിവരം. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസിനത്തില്‍ ഈടാക്കുന്ന തുക ഉപയോഗിച്ചാണ് ഇതിലെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ നല്‍കിവരുന്നത്്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് സ്‌കോള്‍ കേരള നിലവില്‍ വന്നതെങ്കിലും കാര്യമായ നിയമനങ്ങളൊന്നും നടന്നിരുന്നിരുന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ മാസങ്ങള്‍ക്കകം തന്നെ 2013 ല്‍ പിരിഞ്ഞുപോയ 65 താല്‍ക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരിച്ചെടുത്തത് സംബന്ധിച്ച് നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നേരത്തെ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനിടെ ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതിനെടെയാണ് സ്‌കോള്‍ കേരള 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥാപനമല്ലെന്ന് അറിയിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നോട്ടിസ് പുറപ്പെടുവിച്ചത്. സ്‌കോള്‍ കേരളയുടെ സ്റ്റാന്റിങ് കൗണ്‍സിലിന്റെ തീരുമാനം പ്രകാരമാണ് ഇതെന്നാണ് വിവരം. 1999ല്‍ ഓപ്പണ്‍ സ്‌കൂള്‍ തുടങ്ങിയതിനു ശേഷം 2005 മുതല്‍ തന്നെ കേന്ദ്രത്തില്‍ നിന്ന് വിവിധ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്രം സ്‌കോള്‍ കേരളയാക്കി മാറ്റിയ ശേഷവും കൃത്യമായി മറുപടി നല്‍കിയിരുന്നു.
കൃത്യസമയത്ത് മറുപടി നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ നടപടി വരെ സ്വീകരിച്ചിരുന്ന സ്ഥാപനമാണ് ഇനിമുതല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് അറിയിച്ച് പൊതു നോട്ടിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍, അക്കൗണ്ടന്‍സ് ജനറല്‍ (എ.ജി)വിഭാഗത്തിന്റെ പെര്‍ഫോമെന്‍സ് ഓഡിറ്റിങ് തുടങ്ങിയ എല്ലാ പരിശോധനയും നടക്കുന്ന സ്ഥാപനം എസ്.സി.ഇ.ആര്‍.ടി രജിസ്‌ട്രേഷന്‍ നടത്തിയ അതേ രീതിയിലാണ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്.സി.ഇ.ആര്‍.ടി പൂര്‍ണമായും വിവരാവകാശ നിയമത്തിന്റെ പരിധിയിലുള്ളപ്പോഴാണ് അതേരീതിയല്‍ രജിസ്റ്റര്‍ ചെയ്ത സ്‌കോള്‍ കേരളയ്ക്ക് വിവരാവകാശ നിയമം ബാധകമല്ലെന്ന വിചിത്ര തീരുമാനം വന്നിരിക്കുന്നത്.
സ്ഥാപനത്തിലെ നിയമനം, ധന ഉപയോഗം, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് നേരത്തെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്ന വിവരങ്ങളാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.
വിവരാവകാശം വിലക്കാന്‍ അധികാരമില്ല
മലപ്പുറം: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് സ്വയം മാറാന്‍ രാജ്യത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിനും അധികാരമില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനു കീഴില്‍ വിവരങ്ങള്‍ നല്‍കിയിരുന്ന സ്ഥാപനം ഒരുഘട്ടത്തില്‍ ഇതു ബാധകമല്ലെന്ന് പറയുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സര്‍ക്കാര്‍ സ്ഥാപനമായ സ്‌കോള്‍ കേരളയ്ക്കും ഇതുബാധകമാണ്. ഇതെല്ലാം മറികടന്നാണ് അഴിമതിക്ക് ഉള്‍പ്പെടെ സാധ്യത തുറക്കുന്ന ഇത്തരം തീരുമാനങ്ങളെന്നും ഇതിനു നിയമപരമായ പിന്‍ബലമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."