ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍
ഉത്തര്‍പ്രദേശ്
അഅ്‌സംഗഡ്
ഗോദയില്‍: അഖിലേഷ് യാദവ് (എസ്.പി), ദിനേശ് ലാല്‍ യാദവ് (ബിജെപി)
ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് മത്സരിക്കുന്ന അഅ്‌സംഗഡില്‍ ബി.ജെ.പി ഇതുവരെ ജയിച്ചിട്ടില്ല. മഹാസഖ്യത്തിന്റെ ഭാഗമായ അഖിലേഷിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. 2014ല്‍ അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവ് 63,000 വോട്ടിന് ബി.ജെ.പിയുടെ രാംകാന്ത് യാദവിനെ പരാജയപ്പെടുത്തിയിരുന്നു. എതിര്‍സ്ഥാനാര്‍ഥി ദിനേശ് ലാല്‍ യാദവ് ബോജ്പുരി സിനിമാ നടനാണ്.
സുല്‍ത്താന്‍പൂര്‍
ഗോദയില്‍: മേനകാ ഗാന്ധി (ബി.ജെ.പി), ചന്ദ്രഭദ്ര സിങ് (ബി.എസ്.പി), സഞ്ജയ് സിങ് (കോണ്‍ഗ്രസ്)
ത്രികോണ മത്സരമാണ് സുല്‍ത്താന്‍പൂരില്‍. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയാണ് ഇതില്‍ പ്രമുഖ. മകന്‍ വരുണ്‍ ഗാന്ധിയാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ മത്സരിച്ചത്. വരുണ്‍ ഗാന്ധി 1,78,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2009ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച സഞ്ജയ്‌സിങ്ങും ബി.എസ്.പി-എസ്.പിയുടെ സഖ്യസ്ഥാനാര്‍ഥി ചന്ദ്രഭദ്രസിങ്ങും മത്സരിക്കുന്നു.
അലഹബാദ്
ഗോദയില്‍: റീത്ത ബഹുഗുണ ജോഷി (ബി.ജെ.പി), രാജേന്ദ്ര സിങ് പട്ടേല്‍ (എസ്.പി), യോഗേശ് ശുക്ല (കോണ്‍ഗ്രസ്)
കോണ്‍ഗ്രസ് നേതാവായിരുന്ന റീത്ത ബഹുഗുണ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നു. റീത്തയുടെ പിതാവ് യു.പി മുന്‍ മുഖ്യമന്ത്രി എച്ച്.എന്‍ ബഹുഗുണയുടെ മണ്ഡലമായിരുന്നു ഇത്. മുന്‍ പ്രധാനമന്ത്രിമാരായ ലാല്‍ബഹാദൂര്‍ ശാസ്ത്രി, വി.പി സിംഗ്, ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്‍ എന്നിവരും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ല്‍ എസ്.പിയിലെ രമണ്‍സിംഗ് പട്ടേലിനെ 62,000 വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി ശ്യാംചരണ്‍ ഗുപ്ത പരാജയപ്പെടുത്തിയത്. ഗുപ്ത പിന്നീട് ബി.ജെ.പി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
ജാര്‍ഖണ്ഡ്
ധന്‍ബാദ്
ഗോദയില്‍: കീര്‍ത്തി ആസാദ് (കോണ്‍ഗ്രസ്), പി.എന്‍ സിംഗ് (ബി.ജെ.പി)
ബി.ജെ.പി മുന്‍ എം.പിയും ക്രിക്കറ്റ് താരവുമയിരുന്ന കീര്‍ത്തി ആസാദ് കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ ചേരുകയും ഇപ്പോള്‍ ധന്‍ബാദില്‍ സ്ഥാനാര്‍ഥിയുമാണ്. 2004ലാണ് ധന്‍ബാദില്‍ കോണ്‍ഗ്രസ് അവസാനമായി ജയിച്ചത്. ഇത്തവണ പ്രതീക്ഷയിലാണ്.
പശ്ചിമ ബംഗാള്‍
മെദിനിപൂര്‍
ഗോദയില്‍: ദിലീപ്‌ഘോഷ് (ബി.ജെ.പി), മാനസ് ഭുനിഅ (തൃണമൂല്‍ കോണ്‍ഗ്രസ്), ബിപ്ലവ് ഭട്ട് (സി.പി.ഐ), ശംഭുനാഥ് ചാറ്റര്‍ജി (കോണ്‍ഗ്രസ്)
ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ്‌ഘോഷിന് ഏതുവിധേനയും ജയിച്ചേ പറ്റൂ. മാത്രമല്ല സംസ്ഥാനത്ത് ബി.ജെ.പി മുന്നേറ്റമുണ്ടാക്കുകയും വേണം. ബംഗാളിനെ കണ്ടാണ് ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കള്‍ കണക്ക് കൂട്ടിയിരിക്കുന്നത്. എം.എല്‍.എ സ്ഥാനം രാജിവെച്ചാണ് ദിലീപ്‌ഘോഷ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ ആറുതവണ എം.എല്‍.എയും പാര്‍ട്ടിയുടെ ജനകീയ നേതാവുമായ മാനസ് ഭുനിയയാണ് ഇവിടത്തെ തൃണമൂല്‍ സ്ഥാനാര്‍ഥി. 2014ല്‍ 1,86,666 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്.
ഡല്‍ഹി
വടക്ക് കിഴക്കന്‍ ഡല്‍ഹി
ഗോദയില്‍: ഷീലാ ദീക്ഷിത്ത് (കോണ്‍ഗ്രസ്), മനോജ് തിവാരി (ബി.ജെ.പി), ദിലീപ് പാണ്ഡെ (ആംആദ്മി).
ആംആദ്മിയുമായുള്ള സഖ്യത്തെ എതിര്‍ത്ത ഷീലാ ദീക്ഷിതിന് പിടിച്ചു നില്‍ക്കാന്‍ ചുരുങ്ങിയത് നല്ലൊരു പ്രകടനമെങ്കിലും വേണ്ടിവരും. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ബോജ്പുരി നടനുമായ മനോജ് തിവാരിയാണ് അവരുടെ പ്രധാന എതിരാളി. മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 2013ല്‍ ആംആദ്മി പാര്‍ട്ടിയോട് പരാജയപ്പെട്ടതിന് ശേഷം ഷീല പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല. ഇത് ഷീലാ ദീക്ഷിതിന്റെ തിരിച്ചുവരവിനുള്ള ശ്രമമാണ്. ആംആദ്മിയുടെ ദിലീപ് പാണ്ഡെയാണ് മറ്റൊരു പ്രധാനസ്ഥാനാര്‍ഥി.
കിഴക്കന്‍ ഡല്‍ഹി
ഗോദയില്‍: അതിഷി (ആംആദ്മി), ഗൗതം ഗംഭീര്‍ (ബി.ജെ.പി), അരവിന്ദ് സിംഗ് ലവ്‌ലി (കോണ്‍ഗ്രസ്)
ഗൗതം ഗംഭീര്‍ ക്രിക്കറ്റ് താരമാണെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ അതിഷിയാണ് മണ്ഡലത്തിലെ താരം. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ ബുദ്ധി കേന്ദ്രമാണ് അതിഷി.
2014ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി മഹേഷ്ഗിരി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയെ കിഴക്കന്‍ ഡല്‍ഹിയില്‍ 1,90,000 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ക്രിക്കറ്ററെന്ന നിലയിലുള്ള സ്വീകാര്യത വോട്ടാവുമെന്ന പ്രതീക്ഷയിലാണ് ഗൗതം ഗംഭീര്‍. കടുത്ത പ്രചാരണങ്ങള്‍ക്കാണ് കിഴക്കന്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. അതിഷിക്കെതിരെ അശ്ലീല ചുവയുള്ള ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടത് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്.
മധ്യപ്രദേശ്
ഗുണ
ഗോദയില്‍: ജ്യോതിരാദിത്യ സിന്ധ്യ (കോണ്‍ഗ്രസ്) കെ.പി യാദവ് (ബി.ജെ.പി)
2014ലെ മോദി തരംഗത്തിലും ഇളകാത്ത കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് ഗുണ. പഴയ ഗ്വാളിയോര്‍ രാജവംശം നിലനിന്നിരുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ രാജകുടുംബത്തിലെ ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1,20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ജ്യോതിരാദിത്യ സിന്ധ്യ എതിര്‍സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
ഭോപ്പാല്‍
ഗോദയില്‍: ദ്വിഗ്‌വിജയ് സിങ് (കോണ്‍ഗ്രസ്) സാധ്വി പ്രഗ്യാസിങ് (ബി.ജെ.പി)
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ദ്വിഗ്‌വിജയ് സിങ്ങിന്റെ സ്ഥാനാര്‍ഥിത്വത്തെക്കാള്‍ മലെഗാവ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട പ്രഗ്യാസിങ് മത്സരിക്കുന്നുവെന്നതാണ് ഭോപ്പാലിനെ ശ്രദ്ധേയമാക്കുന്നത്. 2014ല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിനാണ്് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ പരാജയപ്പെട്ടത്. 1989 മുതല്‍ ബി.ജെ.പിയല്ലാതെ മറ്റാരും ഇവിടെ നിന്ന് ജയിച്ചിട്ടില്ല.
ബിഹാര്‍
സിവാന്‍
ഗോദയില്‍: ഹിന ഷഹാബ് (ആര്‍.ജെ.ഡി), കവിതാ കുമാരി (ജെ.ഡി.യു)
ക്രിമിനല്‍ ഗ്യാങുകള്‍ക്ക് പേരുകേട്ട സിവാനില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ ഹിന ഷഹാബാണ് ആര്‍.ജെ.ഡി സ്ഥാനാര്‍ഥി. ജെ.ഡി.യു ടിക്കറ്റില്‍ മത്സരിക്കുന്നത് ഷഹാബുദ്ദീന്‍ ഗ്യാങിന്റെ എതിര്‍ഗ്രൂപ്പിന്റെ തലവന്‍ അജയ്‌സിങിന്റെ ഭാര്യ കവിതാ കുമാരി. കഴിഞ്ഞതവണ ഹിന ഷഹാബ് ഒരു ലക്ഷത്തിലധികം വോട്ടിന് തോറ്റിരുന്നു.
ഹരിയാസോന്‍പത്ത്
ഗോദയില്‍: ഭൂപീന്ദര്‍ സിംഗ് ഹൂഡ (കോണ്‍ഗ്രസ്), രമേശ് ചന്ദ്ര കൗശിക് (ബി.ജെ.പി), ദ്വിഗ്‌വിജയ് സിംഗ് ചൗതാല (ജെ.ജെ.പി), സുരേന്ദ്ര കുമാര്‍ ചിക്കിറ (ഐ.എന്‍.എല്‍.ഡി)
രണ്ടുതവണ ഹരിയാന മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡയാണ് മത്സരിക്കുന്നതില്‍ പ്രമുഖന്‍. ജാട്ട് വിഭാഗക്കാരന്‍ കൂടിയാണ് ഹൂഡ. സിറ്റിംഗ് എം.പിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി രമേശ് ചന്ദ്ര കൗശിക്. കൗശിക് ബ്രാഹ്മണനായതിനാല്‍ ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസിനനുകൂലമാവുമെന്നാണ് കണക്കു കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."