മന്ത്രിമാര്‍ വിദേശത്തുപോകുന്നത് സ്ഥിരതാമസത്തിനല്ല: തോമസ് ഐസക്
തിരുവനന്തപുരം: മന്ത്രിമാര്‍ വിദേശത്ത് പോകുന്നത് സ്ഥിരതാമസത്തിനല്ലെന്ന് മന്ത്രി തോമസ് ഐസക്. വിദേശത്തുള്ളവര്‍ നല്‍കുന്ന സഹായം ഏറ്റുവാങ്ങാന്‍ മാത്രമാണ് പോകുന്നതെന്നും അവധി ദിവസങ്ങളിലാണ് മന്ത്രിമാരുടെ യാത്ര എന്നതിനാല്‍ ഭരണത്തെ ബാധിക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന അഭ്യര്‍ഥനയോട് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജീവനക്കാര്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ അന്തിമതീരുമാനമെടുക്കുമെന്നും സംസ്ഥാന ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 മാസം കൊണ്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കാലാവധി വര്‍ധിപ്പിക്കല്‍, പി.എഫ് ലോണ്‍ അനുവദിക്കല്‍, ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍നിന്നും പണം പിടിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും പരിഗണിക്കും. സര്‍ക്കാരിന്റെ നിര്‍ദേശം ചില സംഘടനകള്‍ അംഗീകരിച്ചിട്ടുണ്ട്. മുന്‍പ് ജീവനക്കാര്‍ സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഒരു മാസത്തെ ശമ്പളത്തില്‍നിന്ന് കുറച്ചേ സ്വീകരിക്കൂ. സംഭാവന കൊടുക്കാതിരിക്കുന്നവരോട് സര്‍ക്കാരിന് ഒരു പ്രതികാരവുമുണ്ടാവില്ല. ജീവനക്കാരുടെ സാമ്പത്തികശേഷി അനുസരിച്ച് സംഭാവന നല്‍കാന്‍ സംവിധാനമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നതിനെ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരേ ഏതറ്റംവരെ പോകാനും തയാറാണെന്നും പ്രതിപക്ഷ അധ്യാപക സര്‍വിസ് സംഘടനകളുടെ ചെയര്‍മാന്‍ എന്‍.കെ ബന്നി പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാര്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ കഴിയില്ല. നിര്‍ബന്ധിതമായി ശമ്പളം പിടിക്കുമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."