പ്രവാസികള്‍ക്കായി എംബസിയുടെ വാതില്‍ എപ്പോഴും തുറന്നിടും: സഊദി അംബാസിഡര്‍
ജിദ്ദ: പ്രവാസികളുടെ ഏതാവശ്യത്തിനും എംബസിയുടെ വാതില്‍ എപ്പോഴും തുറന്നു കിടക്കുമെന്ന് പുതുതായി നിയമിതനായ സഊദി ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സഈദ് പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റി നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് റിയാദ് ക്രൗണ്‍ പ്ലാസ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ വിഷയങ്ങളുമായി എംബസിയില്‍ വരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുംകൂടാതെ അവരുടെ ന്യായമായ ഏതാവശ്യങ്ങളിലും എംബസിയുടെ ഭാഗത്ത് നിന്ന് പരിപൂര്‍ണ സഹകരണം ലഭ്യമാകുമെന്നും അംബാസിഡര്‍ പറഞ്ഞു. എംബസി വളണ്ടിയര്‍മാരുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം വളരെ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടു പോകുമെന്നും അവരുടെ സേവനം എംബസി എന്നും കൃതജ്ഞതയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ബാനറില്‍ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രതിനിധികള്‍ ഒന്നിച്ചാണ് സ്വീകരണം ഒരുക്കിയത്. അംബാസിഡറുടെ ഭാര്യ ഫര്‍ഹാ സഈദ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ഡോ. സുഹൈല്‍ അജാസ്ഖാന്, കോണ്‍സുലര്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഡി.ബി ഭാട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."