പ്രളയബാധിത പ്രദേശങ്ങളുടെ വ്യാപ്തി നിര്‍ണയവും നഷ്ടപരിഹാര തുകയും അശാസ്ത്രീയമെന്ന് ഹൈക്കോടതി
കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളുടെ വ്യാപ്തി നിര്‍ണയവും, നഷ്ടപരിഹാരത്തുക നിശ്ചയിച്ചതും അശാസ്ത്രീയമെന്ന് ഹൈക്കോടതി. പ്രളയ ബാധിത മേഖലകളെ തരം തിരിക്കണമെന്നും, നഷ്ടം സംഭവിച്ചതിന്റെ തോത് അനുസരിച്ച് ഇരകളെ കണ്ടെത്തി പട്ടിക തയാറാക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബൂണല്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ തുകയായ പതിനായിരം രൂപ പ്രളയ ബാധിതരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് അഡ്വ. ജനറല്‍ ബോധിപ്പിച്ചു. എന്നാല്‍ പതിനായിരം രൂപ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും, ഇതിന്റെ അര്‍ഹതാ നിര്‍ണയം നടത്തിയ ഉദ്യോഗസ്ഥനാരെന്നും കോടതി ചോദിച്ചു. നിലവില്‍ അത്തരത്തില്‍ നിര്‍ണയം നടത്തിയിട്ടില്ലെന്നും അതിന് കടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തിന്റെ പല ഭാഗങ്ങളില്‍ അനുഭവപ്പെട്ട ദുരന്തം വ്യത്യസ്ത തരത്തിലാണെന്നും, താഴ്ന്ന പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ളത്ര തീവ്രത ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും അമിക്കസ് ക്യൂറിയും കോടതിയെ ബോധിപ്പിച്ചു. മലപ്പുറം ജില്ലയില്‍ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയത് എങ്ങിനെയെന്നും, ചില ഉദ്യോഗസ്ഥര്‍ അത്തരം പ്രവണതകള്‍ക്ക് കൂട്ടനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി.
അര്‍ഹരായവരെ കണ്ടെത്തി നല്‍കുന്നതിന് റവന്യു, ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അത് ലീഗല്‍ സര്‍വിസ് അതോറിറ്റിയെ ഏല്‍പ്പിക്കണം. നാശനഷ്ടങ്ങളുടെ ശരിയായ രീതിയിലുള്ള വിവര ശേഖരണത്തിനുപോലും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സാധിച്ചിട്ടില്ല.
വിവര ശേഖരണത്തിന് പ്രാവിണ്യം നേടിയിട്ടുള്ള വ്യക്തികളുടെ സേവനവും, ബഹിരാകാശ ചിത്രങ്ങളടക്കമുള്ള സങ്കേതിക വിദ്യകളും ഉപയോഗപെടുത്തണം. സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ ഉചിതമായ ഫോര്‍മുല രൂപീകരിച്ച് ഈ മാസം 19നകം കോടതിയെ അറിയിക്കണം. ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ഹരജി ഭാഗം അഭിഭാഷകന്റെ വാദം സര്‍ക്കാര്‍ എതിര്‍ത്തു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമുള്ള നാഷണല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ കീഴില്‍ രൂപികരിച്ചിട്ടുള്ള കോംപാന്റിയം സ്‌കീം അനുസരിച്ച് സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റിയെ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിന്റെ ചുമതല ഏല്‍പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയി, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച,് കേസ് 19ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."