പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാരോപണം: സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത
ന്യൂഡല്‍ഹി: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത. കേരള ഘടകത്തോട് അടുപ്പം പുലര്‍ത്തുന്ന കാരാട്ട് പക്ഷത്തെ അടിക്കാനുള്ള വടിയായി ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയുധമാക്കിയതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് ലൈംഗിക പീഡനത്തിന് എം.എല്‍.എ ശ്രമം നടത്തിയെന്നും തുടര്‍ന്ന് ഫോണിലൂടെ നിരന്തരം അശ്ലീല സന്ദേശം അയക്കുന്നതു പതിവാക്കിയെന്നും കാണിച്ച് വനിതാ നേതാവ് കഴിഞ്ഞ മാസം 14നാണ് പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന് പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ യാതൊരു നടപടിയുമുണ്ടാകാതെ വന്നതോടെ തിങ്കളാഴ്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ-മെയില്‍ വഴി വീണ്ടും പരാതി നല്‍കി.
തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്കുശേഷം ചേര്‍ന്ന അവൈലബിള്‍ പി.ബിയില്‍ യെച്ചൂരി പരാതി ചര്‍ച്ച ചെയ്തു. രണ്ടംഗ സമിതി രൂപീകരിച്ച് പരാതിയെ കുറിച്ച് അന്വേഷിക്കാനും പി.ബി സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കി. നേരത്തേ പരാതി ലഭിച്ചിട്ടും പി.ബിയെ അറിയിക്കാത്ത വൃന്ദാ കാരാട്ടിന്റെ നടപടിയെ യെച്ചൂരി വിമര്‍ശിച്ചു.
ഇത്തരം ചര്‍ച്ചകളും നിര്‍ദേശങ്ങളും പരസ്യമാക്കാത്തതാണ് സി.പി.എമ്മിന്റെ നടപടിക്രമമെങ്കിലും പരാതി ലഭിച്ചെന്നും സംസ്ഥാന നേതൃത്വത്തിനു കൈമാറി ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും യെച്ചൂരി ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയും പുറത്തുവന്നു. യെച്ചൂരി പരാതി ലഭിച്ച വിവരം സ്ഥിരീകരിച്ചെങ്കിലും പരാതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രതികരണം. വൃന്ദാ കാരാട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.
തുടര്‍ന്ന് യെച്ചൂരിയെ തള്ളി പോളിറ്റ്ബ്യൂറോയും രംഗത്തുവന്നു. വനിതാ നേതാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് പിന്നീട് പി.ബി പത്രക്കുറിപ്പിറക്കി. അതേസമയം പാലക്കാട് നിന്നുള്ള ചില നേതാക്കളും വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കേരളാ ഘടകത്തില്‍ നിന്നുള്ള പിന്തുണകൂടി കണക്കിലെടുത്താണ് കാരാട്ട് പക്ഷത്തിനെതിരായ പടയൊരുക്കത്തിന് പരാതി കരുവാക്കി യെച്ചൂരി രംഗത്തെത്തിയത്.
പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ല,
ഗൂഢാലോചനയെന്ന് പി.കെ ശശി
പാലക്കാട്:തനിക്കെതിരേ യുവതി പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നുംഇത് ഗൂഢാലോചനയാണെന്നുംപി.കെ. ശശി.എം.എല്‍.എ.പാര്‍ട്ടി നേതൃത്വം ഇതുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും നല്ലൊരു ജനപ്രതിനിധിയായി മുന്നോട്ടു പോകുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുളള ഗൂഢനീക്കമാണ് പിന്നിലുളളതെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി അന്വേഷണം വന്നാല്‍ കമ്യൂണിസ്റ്റ് എന്ന രീതിയില്‍ നേരിടും.മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നപ്പോഴാണ് താന്‍ ഇക്കാര്യംഅറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗം വിഷയത്തില്‍ ചര്‍ച്ച നടത്തിയില്ല.ആരും ജില്ലാ കമ്മിറ്റിയില്‍ ഇതിനെക്കുറിച്ച്് പരാതി നല്‍കാത്തതിനാല്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് ജില്ലാസെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞത്.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച്് തനിക്കെതിരേ അതിക്രമത്തിന് ശ്രമിച്ചെന്നും,ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നുമാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയായ വനിതാ നേതാവ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയതായാണറിയുന്നത്
സി.പി.എം
നേതാക്കള്‍ക്കെതിരേ കേസെടുക്കണം: ബി.ജെ.പി
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികപീഡന പരാതി പൊലിസിനു കൈമാറാതെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സി.പി.എം ജില്ലാ-സംസ്ഥാന നേതാക്കള്‍, പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന് ബി.ജെ.പി. പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാനുള്ള ഹീനമായ ശ്രമമാണ് ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
പി.കെ ശശി എം.എല്‍.എക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ഡി.ജി.പിക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."