കസ്തൂരിരംഗന്‍ ശുപാര്‍ശകളും നവകേരളസൃഷ്ടിയും എങ്ങനെ ഒന്നിച്ചുപോകും
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത് പുതിയ ക്വാറികള്‍ക്കു കേരളത്തില്‍ ഇനി അനുമതിയുണ്ടാവില്ലെന്നാണ്. കേരളത്തിലെ പ്രളയത്തിനു ക്വാറികളും കാരണമായിട്ടുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ഈ തീരുമാനം. അതോടൊപ്പം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുമുണ്ട്.
കസ്തൂരിരംഗന്‍ സമിതി ആദ്യം നല്‍കിയ കരട് റിപ്പോര്‍ട്ട് രണ്ടുതവണ ഭേദഗതി വരുത്തുകയുണ്ടായി. മാധവ് ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകളെ സംസ്ഥാനത്തെ ക്വാറി മാഫിയകളും വനം കൈയേറ്റക്കാരും ഭൂമാഫിയകളും ഒന്നിച്ചെതിര്‍ക്കുകയും ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായാണു കസ്തൂരിരംഗന്‍ കമ്മിഷന്‍ നിലവില്‍ വന്നത്.
ഭൂമാഫിയകള്‍ക്കും വനംകൈയേറ്റക്കാര്‍ക്കും അനുകൂലമായാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന പരാതി അന്നുതന്നെ ഉയര്‍ന്നതാണ്. ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ തന്നെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രമുഖരില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമുണ്ടായിരുന്നു. കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയം നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, ഹരിത ട്രൈബ്യൂണല്‍ ഈ തീരുമാനങ്ങളൊന്നും അംഗീകരിക്കുന്നില്ല. വേണ്ടിവന്നാല്‍ സുപ്രിംകോടതിയെ സമീപിക്കുവാന്‍ കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയം തയ്യാറാവുമെന്നതു ദുരൂഹമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനുവേണ്ടി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഇത്ര വാശിപിടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. പ്രത്യേകിച്ച്, പ്രളയം കേരളത്തെ മുക്കാല്‍ ഭാഗവും മുക്കിക്കളഞ്ഞ ഒരവസ്ഥയില്‍. ഗാഡ്ഗില്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ തന്നെ നടപ്പാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രളയാനന്തരം ഒരു ദിവസത്തേയ്ക്കു ചേര്‍ന്ന നിയമസഭാ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
2010 മാര്‍ച്ചിലാണ് അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനു ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍ പശ്ചിമഘട്ട മലനിരകളോടു ബന്ധപ്പെട്ട പരിസ്ഥിതി സ്വാധീനപ്രദേശങ്ങളാണ്. 28 കോടി ജനങ്ങള്‍ക്ക് ഈ വനത്തില്‍നിന്നുള്ള വിഭവങ്ങള്‍ ജീവിതമാര്‍ഗമാണ്.
2011 ആഗസ്റ്റ് 31 ന് ഗാഡ്ഗില്‍ സമിതി 522 പേജുള്ള റിപ്പോര്‍ട്ട് നല്‍കി. 44 ജില്ലകളിലായി 142 താലൂക്കുകളില്‍ നിന്നു 134 പരിസ്ഥിതിലോല മേഖലകളാണു സമിതി വേര്‍തിരിച്ചത്. ഇവിടങ്ങളിലെ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളൊക്കെയും നിര്‍ത്തിവയ്ക്കണമെന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെയാണു ഭൂമാഫിയ രംഗത്തിറങ്ങിയത്. മാഫിയകളുടെ ഇംഗീതത്തിനു വഴങ്ങി സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലെറിഞ്ഞു കസ്തൂരിരംഗന്‍ കമ്മിഷനെ നിയോഗിച്ചു.
2013ല്‍ കസ്തൂരിരംഗന്‍ കരട് വിജ്ഞാപനമിറക്കി. 123 വില്ലേജുകളിലായി വ്യാപിച്ച്കിടക്കുന്ന 13,056 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാണെന്നു കരട് വിജ്ഞാപനത്തിലുണ്ടായിരുന്നു. അതും കൈയേറ്റ മാഫിയയ്ക്കു രുചിച്ചില്ല. അവര്‍ വീണ്ടും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. സര്‍ക്കാരാകട്ടെ കസ്തൂരിരംഗന്‍ നിര്‍ദേശിച്ച പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിസ്തീര്‍ണം 9999 ചതുരശ്ര കിലോമീറ്ററായി ചുരുക്കി. എന്നിട്ടും ഭൂമാഫിയക്കു തൃപ്തിവന്നില്ല. അവരെ പ്രീതിപ്പെടുത്താന്‍ സര്‍ക്കാര്‍ വീണ്ടും 424 ചതുരശ്ര കിലോമീറ്ററായി ചുരുക്കി.
ഇതു നടപ്പിലാവുന്നതിനു മുമ്പ് പ്രകൃതി ഇടപെട്ടു പ്രളയരൂപത്തില്‍. സംസ്ഥാനം പ്രളയത്തില്‍ മുങ്ങിപ്പോയേക്കുമോ എന്ന അവസ്ഥ എത്തിയപ്പോഴാണ് അതുവരെ വികസനത്തിന്റെ വക്താവായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടു മാറ്റിയത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കുകയെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വാഭാവിക ആവാസവ്യവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്ന വികസന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ജനകീയ പങ്കാളിത്തത്തോടെ ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്ക് രൂപം നല്‍കുമെന്നും, നവകേരള സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നത് പരിസ്ഥിതി ജൈവ, ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പാണെന്നും സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍, വനം കൈയേറ്റക്കാര്‍ക്ക് അനുകൂലമായ കസ്തൂരിരംഗന്‍ ഭേദഗതിയോടെയുള്ള റിപ്പോര്‍ട്ട് നടപ്പാക്കുമെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും പറയുന്നു. എങ്ങനെയാണ് ഇതു രണ്ടും പൊരുത്തപ്പെടുക. തന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ പ്രളയം ഇത്ര ഭീകരമാവുകയില്ലായിരുന്നുവെന്ന മാധവ് ഗാഡ്ഗിലിന്റെ വാക്കുകളുടെ മുഴക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."