ശബരിമല പാത്രവിവാദം: കാണാതായത് ജയകുമാറിന്റെ ക്രമക്കേടുകളുടെ രേഖകള്‍
പത്തനംതിട്ട: ദേവസ്വം ആസ്ഥാനത്തു നിന്ന് കാണാതായത് ശബരിമലയിലെ പാത്രം വാങ്ങലുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ആയിരുന്ന വി.എസ്. ജയകുമാര്‍ നടത്തിയ ഗുരുതര ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍. വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള ആരോപണങ്ങള്‍ സാധൂകരിക്കുന്ന രേഖകളാണ് കാണാതായത്. ക്രമക്കേട് സംബന്ധിച്ച് തിരുവാഭരണം കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഗുരുതര വീഴ്ചകളുണ്ട്.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ 2015 ഒക്ടോബര്‍12ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാത്രം വാങ്ങലുമായി ബന്ധപ്പെട്ട് 1,87,28,789 രൂപയുടെ ക്രമക്കേട് നടന്നെന്ന് വ്യക്തമാക്കുന്നത്. ദേവസ്വം സെക്രട്ടറിയായ ജയകുമാര്‍ എക്‌സിക്യൂട്ടിവ് ഓഫിസറായിരുന്നപ്പോള്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയ പാത്രങ്ങള്‍ കെട്ടിക്കിടക്കേ വീണ്ടും വാങ്ങാന്‍ ചെലവിട്ട തുക18 ശതമാനം പലിശയടക്കം ജയകുമാറില്‍ നിന്ന് ഈടാക്കണമെന്നും വ്യക്തമാക്കിയിരുന്നു.
വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ട സ്റ്റോക്ക് ബുക്കുകളും ഫയലുകളും നല്‍കാതെ എക്‌സി. ഓഫിസര്‍ ആര്‍. രവിശങ്കര്‍ നിസഹകരിച്ചതോടെ അന്വേഷണം വഴിമുട്ടി. രേഖകള്‍ കമ്മിഷണര്‍ മുന്‍പാകെ എത്തിയതിന്റെ പിറ്റേന്ന് രാവിലെതന്നെ രേഖകള്‍ തിരികെ നല്‍കാന്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ ആവശ്യപ്പെട്ടു. അന്നുതന്നെ ഓഫിസര്‍ ചുമതലപ്പെടുത്തിയ ആളുടെ കൈവശം രേഖകള്‍ തിരികെ കൊടുത്തുവിട്ടെന്നാണ് കമ്മിഷണറുടെ റിപ്പോര്‍ട്ട്.
2014 ഓഗസ്റ്റ് 18 ന് ജയകുമാര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ലിസ്റ്റ് നല്‍കിയത്. ഇത് പരിശോധിക്കാതെ ജയകുമാര്‍ ശുപാര്‍ശ അതേപടി തിരിച്ചയച്ചതാണ് കോടികളുടെ ധൂര്‍ത്തിന് വഴിവച്ചത്. നവംബര്‍ പത്തിനു തന്നെ ടെന്‍ഡര്‍ ഉറപ്പിക്കാന്‍ ബോര്‍ഡ് കാട്ടിയ തിടുക്കം, ടെന്‍ഡര്‍ ലഭിച്ച സ്ഥാപനങ്ങളുടെ ബില്‍ പകര്‍പ്പുകള്‍ രേഖകളില്‍ ഉള്‍പ്പെടുത്താഞ്ഞത് തുടങ്ങിയ വീഴ്ചകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തിരുവാഭരണം കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാഞ്ഞതും ആക്ഷേപത്തിന് കാരണമായി.
എന്നാല്‍ രേഖകള്‍ നല്‍കാതിരിക്കുന്നത് സെക്രട്ടറിയും മുന്‍മന്ത്രി വി.എസ്.ശിവകുമാറിന്റെ സഹോദരനുമായ വി.എസ്. ജയകുമാര്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി വിജിലന്‍സിന് അന്വേഷണം കൈമാറാന്‍ ബോര്‍ഡിനുമേല്‍ സമ്മര്‍ദമുണ്ടെന്നാണ് സൂചന. എന്നാല്‍ ബോര്‍ഡ് പ്രസിഡന്റും അംഗം അജയ് തറയിലും സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലും എതിര്‍പ്പ് രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."