മക്കളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനെന്ന് യുവതി
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ നഗറില്‍ യുവതി തന്റെ കുട്ടികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനായിരുന്നുവെന്ന് പൊലിസ്. മകനെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അമിത അളവില്‍ ഗുളിക നല്‍കിയാണ് കൃത്യം നടപ്പാക്കിയതെന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയിയുടെ ഭാര്യ അഭിരാമി പൊലിസിനു മൊഴി നല്‍കി. കൊലപാതകവും തുടര്‍ന്നുള്ള ഒളിച്ചോട്ടവും ആസൂത്രണം ചെയ്തത് കാമുകന്‍ സുന്ദരമാണ്. കുട്ടികള്‍ക്കൊപ്പം ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. അറസ്റ്റിലായ യുവതിയെയും കാമുകനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് മക്കളായ അജയ്(ഏഴ്), കര്‍ണിക(നാല്) എന്നിവര്‍ക്കും ഭര്‍ത്താവ് വിജയിനും ഭാര്യയായ അഭിരാമി പാലില്‍ ഉറക്കു ഗുളിക കലര്‍ത്തി നല്‍കി. കര്‍ണിക മരിക്കുകയും അജയ് അവശനിലയിലുമായി. എന്നാല്‍, ഭര്‍ത്താവ് മയങ്ങിയിരുന്നില്ല. പിറ്റേദിവസം കുട്ടികള്‍ ഉറങ്ങുകയാണെന്നുകരുതി ഇയാള്‍ ജോലിക്ക് പോകുകയും ചെയ്തു. അവശ നിലയിലായ അജയിന് വീണ്ടും ഉറക്കു ഗുളിക നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
വിവരം കാമുകനെ അറിയിച്ച അഭിരാമി തന്റെ ഇരുചക്രവാഹനത്തില്‍ കുണ്ടത്തൂരിലെ ജ്വല്ലറിയിലെത്തി ആഭരണങ്ങള്‍ വിറ്റ് പണമാക്കി. തുടര്‍ന്നു കാമുകന്റെ നിര്‍ദേശ പ്രകാരം ബസില്‍ തിരുവനന്തപുരത്തേക്കു കടക്കുകയായിരുന്നു.
ജോലി കഴിഞ്ഞു തിരികെയെത്തിയ വിജയ് മക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. കാമുകന്‍ സുന്ദരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് അഭിരാമി തിരുവനന്തപുരത്ത് എത്തിയതായി വിവരം ലഭിച്ചത്. സുന്ദരത്തെ ഉപയോഗിച്ച് ഇവരെ നാഗര്‍കോവിലിലേക്കു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. യുവതിയുടെ വീടിന് സമീപത്തെ ഒരു കടയില്‍ ജോലി ചെയ്തിരുന്ന സുന്ദരവുമായി അഭിരാമിക്കു ബന്ധമുള്ളതായി അറിഞ്ഞിരുന്നെന്നും ഇതെ ചൊല്ലി വഴക്കുണ്ടായിരുന്നതായും വിജയ് പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."