വര്‍ണക്കാഴ്ചകളുമായി പൂരം പൂത്തുലഞ്ഞു
തൃശൂര്‍: തേക്കിന്‍കാട് മൈതാനിയിലെ ജന സമുദ്രത്തെ സാക്ഷി നിര്‍ത്തി ഇന്നലെ രാവിലെ 36 മണിക്കൂര്‍ നീണ്ട പൂരാഘോഷങ്ങള്‍ക്ക് തുടക്കമായി. വര്‍ണ വിസ്മയക്കാഴ്ചകളായിരുന്നു പൂരപ്രേമികള്‍ക്ക് ശക്തന്റെ തട്ടകത്തില്‍ ഒരുക്കിയത്. കുടമാറ്റത്തിന്റെ പരമ്പരാഗത രീതികള്‍ പൊളിച്ചെഴുതുന്ന പരീക്ഷണങ്ങളായിരുന്നു ഇത്തവണത്തെ സവിശേഷത.
രാവിലെ ഘടകപൂരങ്ങള്‍ എത്തിതുടങ്ങിയതോടെ നഗരം പൂരത്തിരക്കിലമര്‍ന്നു. വടക്കുംനാഥന്റെ തിരുമുറ്റത്തെത്തിയ പുരുഷാരത്തെ താളലഹരിയിലാക്കി പാണ്ടിപ്പെരുക്കത്തിന്റെ രൗദ്രഭാവം വിടര്‍ത്തിയ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മുന്നൂറോളം കലാകാരന്മാരാണ് കൊട്ടിക്കയറിയത്. വൈകിട്ട് പാറമേക്കാവ് ഭഗവതി തെക്കേഗോപുര നടയിറങ്ങുമ്പോള്‍ തെക്കേചെരിവ് ജനസാഗരം. പൂരം എഴുന്നള്ളിപ്പില്‍ തിരുവമ്പാടിക്ക് ശിവസുന്ദറും, പാറമേക്കാവിന് ശ്രീപത്മനാഭനുമാണ് തിടമ്പേറ്റിയത്. തെക്കേ ഗോപുരനടയില്‍ മുഖാമുഖം നിന്ന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ നടത്തിയ കുടമാറ്റം മനുഷ്യക്കടല്‍ ആവേശ കൊടുമുടിയിലെത്തിച്ചു.
ഇരു വിഭാഗവും15 വീതം ആനകളെ അണിനിരത്തിയതോടെയാണ് വര്‍ണ വിസ്മയങ്ങളുടെ കുടമാറ്റത്തിന് ആരംഭം കുറിച്ചത്. തെക്കേഗോപുരനടയില്‍ മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ വര്‍ണക്കുടകള്‍ ഉയര്‍ത്തി കുടമാറ്റം ആരംഭിച്ചപ്പോള്‍ ആര്‍പ്പുവിളി ആകാശത്തോളമുയര്‍ന്നു.
വര്‍ണവിസ്മയം തീര്‍ത്ത പട്ടുകുടകള്‍ക്കൊപ്പം രഹസ്യച്ചെപ്പിലൊളിപ്പിച്ച വിശേഷ കുടകള്‍ പാറമേക്കാവും തിരുവമ്പാടിയും ഉയര്‍ത്തി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ തന്നെ കുടമാറ്റം പൂര്‍ത്തിയാക്കി. പുലര്‍ച്ചെക്കുള്ള വെടിക്കെട്ടിനായി കാതോര്‍ത്ത് പൂരപ്രേമികള്‍ പിരിഞ്ഞു. ഘടകക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളും തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളത്തും കഴിഞ്ഞ് ഇലഞ്ഞിത്തറ മേളത്തോടെ അക്ഷരാര്‍ഥത്തില്‍ താളമേള ലഹരിയിലായിരുന്നു നഗരം. രാത്രി 7.10ഓടെ കുടകള്‍ മടക്കി ചടങ്ങിന് ഉപചാരം ചൊല്ലി.
പൂരം വര്‍ണക്കാഴ്ചകളില്‍ പുരുഷാരത്തെ ആവേശക്കൊടുമുടിയില്‍ എത്തിച്ച കുടമാറ്റത്തിന് ശേഷം ചെറിയ വെടിക്കെട്ട് നടന്നു. ഇതോടെ പകല്‍ പൂരം അവസാനിച്ചു. രാത്രി ചെറുപൂരങ്ങള്‍ വീണ്ടുമെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് ഒരുക്കിയ വെടിക്കെട്ടോടെ ജനസാഗരം പൂരനഗരിയോട് യാത്രപറഞ്ഞ് തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു പൂരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."