ഇന്ധന വില വര്‍ധനവ്: കേന്ദ്രത്തിനെതിരേ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: കഴിഞ്ഞ 10 ദിവസമായി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധവും വ്യാപകമാകുന്നു. വാജ്‌പെയ് സര്‍ക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ അടക്കമുള്ളവരാണ് കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരേ എന്തുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവിലേക്ക് ഇറങ്ങുന്നില്ലെന്ന് യശ്വന്ത് സിന്‍ഹ ചോദിച്ചു. ദിനംപ്രതി പെട്രോള്‍, ഡീസല്‍, പാചകവാതക വില രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണ്ടിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്. ആരെയാണ് അവര്‍ കാത്തിരിക്കുന്നതെന്നും സിന്‍ഹ ചോദിച്ചു. കേന്ദ്രത്തിന്റെ ധനകാര്യ നയത്തില്‍ വന്ന പാളിച്ചകളാണ് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ധന വില വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്രം ചുമത്തിയ അനാവശ്യ നികുതികളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചു. ഇന്ധനത്തേയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിലവര്‍ധനവ് നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും കേന്ദ്രം ചുമത്തിയ അനധികൃതമായ നികുതികളാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വില വര്‍ധിക്കുന്നത് നിയന്ത്രിക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന ന്യായീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നുവെന്ന പൊങ്ങച്ചം നടത്തുന്ന ബി.ജെ.പി, എന്തുകൊണ്ട് ഇന്ധനത്തെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ചിദംബരം ചോദിക്കുന്നു. വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ധന വില അസഹനീയമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പരിഹാസവുമായി തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു. രൂപയുടെ മൂല്യമിടിഞ്ഞും പെട്രോള്‍ വില വര്‍ധിച്ചും രാജ്യം സെഞ്ച്വറിയടിക്കും. അതോടെ ഒരു ഡോളര്‍ കൊടുത്ത് ഇന്ത്യക്കാര്‍ക്ക് പെട്രോള്‍ വാങ്ങിക്കാമെന്നാണ് അദ്ദേഹം ഇന്നലെ അമരാവതിയില്‍ പറഞ്ഞത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തെ സാമ്പത്തികരംഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വളര്‍ച്ചാനിരക്ക് കുറയുകയാണ്. ഒരുതരത്തിലുള്ള സാമ്പത്തിക അച്ചടക്കവും രാജ്യത്തില്ലെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."