കാപ്പിക്കളം -കുറ്റിയാംവയല്‍ പ്രദേശം റെഡ്‌ക്രോസ് ഗ്രാമമാകുന്നു
കല്‍പ്പറ്റ: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം-കുറ്റിയാംവയല്‍ പ്രദേശം ഒരു വര്‍ഷത്തിനുള്ളില്‍ റെഡ്‌ക്രോസ് ഗ്രാമമാക്കി മാറ്റുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനം മെയ് എട്ടിന് ആരംഭിക്കും. ഈ പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും പ്രഥമ ശുശ്രൂഷയില്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. മുഴുവന്‍ ആളുകളുടെയും രക്തഗ്രൂപ്പ്, നേത്രദാന സമ്മത പത്രത്തില്‍ ഒപ്പ് വെക്കല്‍, രക്തദാനസേന രൂപീകരണം, എല്ലാ വീടുകളിലും ജൈവ പച്ചക്കറി കൃഷി, ക്ഷയരോഗ വിമുക്ത മേഖലയാക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സമ്പൂര്‍ണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ ത്രിതല പഞ്ചായത്ത് അധികൃതരുടെ സഹായ സഹകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വയോജനങ്ങളുടെയും വിവിധ ആവശ്യങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങളും നടത്തും. ലോക റെഡ്‌ക്രോസ് ദിനമായ മെയ് എട്ട് രാവിലെ 10ന് കുറ്റിയാംവയല്‍ മംഗളം നല്ലിയന്‍പള്ളി സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ നടത്തുന്ന ചടങ്ങില്‍ റെഡ്‌ക്രോസ് ഗ്രാമ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാര്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍, ജനകീയ കമ്മിറ്റി കണ്‍വീനര്‍ കമല്‍ ജോസഫ്, സംസ്ഥാന സമിതിയംഗം ഡോ.ഫാ.മത്തായി അതിരമ്പുഴ, വൈസ്‌ചെയര്‍മാന്‍ ഷമീര്‍ ചേനക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."