എന്നോട് മോദിക്ക് വ്യക്തി വിരോധം: രാഹുല്‍
ഭോപ്പാല്‍: എന്റെ കുടുംബത്തെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറഞ്ഞുനടക്കുകയാണെന്നും എന്നോട് അദ്ദേഹത്തിന് വ്യക്തിവിരോധമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്റെ അച്ഛനെയും മുത്തശ്ശിയെയും മുത്തച്ഛനെയും കുറിച്ച് പകയോടെയാണ് മോദി സംസാരിക്കുന്നത്. എന്നാല്‍ സ്‌നേഹത്തിലൂടെ ആ പക ഇല്ലാതാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരാ ഗാന്ധിയെക്കുറിച്ചും രാജീവ് ഗാന്ധിയെക്കുറിച്ചും മോദി സംസാരിക്കുന്നു. എന്റെ മുത്തശ്ശിയെക്കുറിച്ചുള്ള സത്യമെന്താണെന്ന് എനിക്കറിയാം. അവര്‍ക്കെതിരെ പ്രചരിപ്പിക്കുന്ന നുണകളെക്കുറിച്ചും അറിയാം. മെയ് 23 ആകുന്നതോടെ എല്ലാം വ്യക്തമാകും - രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍.ഡി.ടി.വിയുമായി സംസാരിക്കുകയായിരുന്നു രാഹുല്‍.
പൊതുപരിപാടികളില്‍ വളരെ ബഹുമാനത്തോടെ സംസാരിച്ചാലും മോദി മറുപടി നല്‍കാറില്ല. സ്‌നേഹംകൊണ്ടു നിറഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ബി.ജെ.പിയും ആര്‍.എസ്.എസുമായി കോണ്‍ഗ്രസ് ആശയപരമായ പോരാട്ടമാണു നടത്തുന്നത്. ഭരണഘടന തകര്‍ക്കുന്നവര്‍ക്കെതിരായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. റിസര്‍വ് ബാങ്കിനെ അവഗണിച്ചാണു നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയത്. ജനങ്ങളെ ശ്രവിക്കാതെയാണ് നിങ്ങള്‍ ഭരിക്കുന്നതെങ്കില്‍ ഒരുരാജ്യം ശരിയായി ഭരിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. പൊതുജനങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്, അത് ഞാന്‍ ശ്രവിക്കുമെന്നു പറഞ്ഞ രാഹുല്‍, കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാവുമോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ചു.
അഞ്ചുവര്‍ഷം മുന്‍പ് ജനങ്ങള്‍ പറഞ്ഞത് മോദിയെ തോല്‍പ്പിക്കാന്‍ ഇനിയാര്‍ക്കും ആകില്ലെന്നാണ്. എന്നാല്‍ ഞങ്ങള്‍ പിന്മാറിയില്ല. പാര്‍ലമെന്റിലും പുറത്തും ഒരുപോലെ പോരാടി. ഇപ്പോള്‍ മോദി ഭീതിയിലാണ്. മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയില്ല. മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുകയും കഠിനാധ്വാനം നടത്തുകയും ചെയ്യുന്നയാളാണ് താനെന്നാണ് മോദി സ്വയം അവകാശപ്പെടുന്നത്. അത്തരത്തിലുള്ള ആള്‍ അഴിമതി, നോട്ട് നിരോധനം, നികുതി, കാര്‍ഷിക പ്രശ്‌നം എന്നിവയെക്കുറിച്ചു സംവാദത്തിനു തയാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പ്രസംഗിക്കലും അഭിപ്രായം പറയലുമാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് നരേന്ദ്രമോദി ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, വളരെ നയപരമായ വൈദഗ്ധ്യം ആവശ്യമായ ജോലിയാണിത്. മോദിയുടെ ജോലിയിലാവട്ടെ ഒരു വൈദഗ്ധ്യവുമില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷം ഞാനും മന്‍മോഹന്‍ സിങ്ങും കഠിനമായി പ്രവര്‍ത്തിച്ചു. പഞ്ചായത്തീ രാജ് നടപ്പാക്കി. വനിതകളെ ശാക്തീകരിച്ചു. എല്ലാം ഇപ്പോള്‍ പാഴാക്കി. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മന്‍മോഹന്‍ സിങ് കരുത്തുറ്റതാക്കി. എന്നാല്‍, മോദി അതെല്ലാം തകര്‍ത്തു. ഒരുരാഷ്ട്രത്തെ എങ്ങിനെ കൊണ്ടുപോവരുതെന്ന് മോദി തെളിയിച്ചു.
അഭിമുഖത്തില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയെ രാഹുല്‍ പുകഴ്ത്തി സംസാരിച്ചു. മായാവതി ദേശീയ പ്രതീകമാണ്. മായാവതി ഞങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ടവരായിരിക്കില്ല. പക്ഷേ അവര്‍ രാജ്യത്തിന് ഒരു സന്ദേശം നല്‍കുകയാണ്. അവരെ ഞാന്‍ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.
ഞങ്ങള്‍ക്കൊരു ആശയമുണ്ട്. അതിനു വേണ്ടിയാണ് കോണ്‍ഗ്രസ് പൊരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയി. സിഖ് കലാപത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."