പരീക്ഷാ ഫലങ്ങള്‍ വരുംമുന്‍പേയുള്ള പ്രീ രജിസ്‌ട്രേഷന് അപേക്ഷകര്‍ കുറവ്
കല്‍പ്പറ്റ: പരീക്ഷാഫലങ്ങള്‍ വരുന്നതിനു മുന്‍പേ വയനാട്ടിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ആരംഭിച്ച വ്യോമസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായുള്ള പ്രീ രജിസ്‌ട്രേഷന് ഉദ്യോഗാര്‍ഥികള്‍ കുറവ്. ഇന്നലെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇന്നു കൂടി രജിസ്‌ട്രേഷന് അവസരമുണ്ട്.
എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കണമെന്ന നിബന്ധനയാണ് ഉദ്യോഗാര്‍ഥികള്‍ കുറയാനുള്ള പ്രധാന കാരണം. കഴിവും കായികശേഷിയുമുള്ള ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ ജില്ലയിലുണ്ട്. അവരെല്ലാം പരീക്ഷാ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. പ്ലസ്ടു, എസ്.എസ്.എല്‍.സി വിജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വിനയായത്. ഇന്നലെ ഉച്ചക്കാണ് എസ്.എസ്.എല്‍.സി ഫലം വന്നത്. മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി പ്രീ രജിസ്‌ട്രേഷന് സ്വീകരിക്കില്ല. റൗണ്ട് സീലുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണ് രജിസ്‌ട്രേഷനായി ഹാജരാക്കേണ്ടത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്ന കുറേ ഉദ്യോഗാര്‍ഥികള്‍ ഇന്നലെ പ്രീ രജിസ്‌ട്രേഷന് എത്തിയിരുന്നു. അവരെ അധികൃതര്‍ തിരിച്ചയച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് പ്രീ രജിസ്‌ട്രേഷനും റാലിക്കും ഹാജരാകേണ്ടത്. പ്രീ രജിസ്‌ട്രേഷന് രേഖകള്‍ സഹിതം ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ഇനി നേരിട്ട് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കുന്നില്ല.
മെയ് 25 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് റിക്രൂട്ട്‌മെന്റ് റാലി. അന്നേ ദിവസങ്ങളില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്താം. പക്ഷെ നിശ്ചിത എണ്ണം ഉദ്യോഗാര്‍ഥികളെ റാലിയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ പ്രീ രജിസ്‌ട്രേഷന്‍ നടത്താത്ത ആളുകളെ പരിഗണിക്കുകയുള്ളു. ഇക്കാര്യം അന്തിമമായി തീരുമാനിക്കുക റിക്രൂട്ട്‌മെന്റിനായി എത്തുന്ന ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരാണ്.
വയനാട്ടില്‍ ആദ്യമായാണ് വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ആളു കുറവായ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ വയനാട്ടില്‍ വ്യോമസേനാ റിക്രൂട്ട്‌മെന്റ് നടക്കാനുള്ള സാധ്യത കുറവാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. എല്ലാ വര്‍ഷവും കേരളത്തില്‍ വച്ച് റിക്രൂട്ട്‌മെന്റ് നടത്താറുമില്ല.
വ്യോമസേനയിലെ ഒഴിവുകള്‍ അനുസരിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്താറുള്ളത്. ഫലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായവര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലി പ്രയോജനപ്പെടുക. റിക്രൂട്ട്‌മെന്റ് റാലിയില്‍ 5000 ത്തിലധികം ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, മാഹി, കോഴിക്കോട് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം. മറ്റ് പ്രദേശങ്ങളില്‍ പ്രീ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."