ഇതാണ് ജനപ്രതിനിധി; ഇതാവണം ജനപ്രതിനിധി
കൂടരഞ്ഞി: പഞ്ചായത്തിലെ കക്കാടംപൊയില്‍ വാര്‍ഡ് മെംബര്‍ കെ.എസ് അരുണ്‍കുമാറിന്റെ ഒറ്റയാള്‍ സമരത്തില്‍ സഫലമായത് ജീനാ വര്‍ഗീസിന്റെ സ്വപ്നങ്ങള്‍. മൂന്നുമാസം പിന്നിട്ടിട്ടും വീട്ടുനമ്പര്‍ ലഭിക്കാത്തത് തിരിച്ചറിഞ്ഞ അരുണ്‍കുമാര്‍ സമരരംഗത്തേക്കിറങ്ങുകയായിരുന്നു. അപേക്ഷ നല്‍കി ഒരുമാസത്തിനകം വീട്ടുനമ്പര്‍ കൊടുക്കണമെന്നാണു ചട്ടം.
ഭര്‍ത്താവ് മരിച്ച ജീനാ വര്‍ഗീസ് കക്കാടംപൊയില്‍ അഞ്ചാം വാര്‍ഡില്‍ രണ്ടു കുട്ടികളുമായി വീടുവച്ചു താമസിക്കുകയാണ്. ഇവരുടെ വീട്ടുകൂടലിന് എത്തിയ വാര്‍ഡ് മെംബര്‍ വീട്ടില്‍ വൈദ്യുതിയില്ലെന്നും ഇതിനുകാരണം വീട്ടുനമ്പര്‍ ലഭിക്കാത്തതാണെന്നുമറിഞ്ഞ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുനമ്പര്‍ ലഭിക്കാന്‍ അനാവശ്യ കാലതാമസം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വാര്‍ഡ് മെംബറുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഇന്നലെ രാവിലെ കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിനു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കക്കാടംപൊയില്‍ കൂവപ്പാറ ജീനാ വര്‍ഗീസ് കഴിഞ്ഞ ജൂണ്‍ 26ന് വീട്ടുനമ്പറിനു വേണ്ടി പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് നിരവധി തവണ ഓഫിസില്‍ കയറിയിറങ്ങിയപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ വീടുകള്‍ക്ക് നമ്പര്‍ നല്‍കരുതെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടെന്നു പറഞ്ഞ് കൈയൊഴിഞ്ഞു.
എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങുംമുന്‍പ് അപേക്ഷ സമര്‍പ്പിച്ചതാണെന്നും സെക്രട്ടറി മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നും ജീനാ വര്‍ഗീസ് പറയുന്നു.
ഒടുവില്‍ മെംബര്‍ അരുണ്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടുവെങ്കിലും സെക്രട്ടറി വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് അരുണ്‍കുമാര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്ലക്കാര്‍ഡുമേന്തി ഒറ്റയാള്‍ സമരം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ നസീര്‍ വീട്ടുനമ്പര്‍ നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."